തിരുവനന്തപുരം: സിനിമ വ്യവസായത്തെ തകർക്കരുതെന്ന അഭ്യർഥനയുമായി ‘അമ്മ’ മുൻ പ്രസിഡന്റ് മോഹൻലാല്‍. തിരുവനന്തപുരത്ത് കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിങ്ങിനെത്തിയ അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
പതിനായിരക്കണക്കിന് പേർ ജോലി ചെയ്യുന്ന, കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത മേഖലയാണിത്. ദയവ് ചെയ്ത് ഞങ്ങളിലേക്ക് മാത്രമായി ഫോക്കസ് ചെയ്ത് സിനിമ വ്യവസായത്തെ തകർക്കരുതെന്നും അദ്ദേഹം പറഞ്ഞു.
വിവാദങ്ങളില്‍നിന്ന് ഒളിച്ചോടിയിട്ടില്ല. എല്ലാ മേഖലകളിലും സംഭവിക്കുന്ന കാര്യങ്ങള്‍ സിനിമയിലും സംഭവിക്കുന്നു. അതിനെ ഒരിക്കലും പ്രോത്സാഹിപ്പിക്കുകയല്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് വളരെയധികം സ്വാഗതാർഹമാണ്. ഞാൻ രണ്ടു പ്രാവശ്യം ആ കമ്മിറ്റിക്ക് മുന്നില്‍ പോയിരുന്ന് എനിക്കറിയുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്.
‘അമ്മ’ ട്രേഡ് യൂനിയൻ സ്വഭാവമുള്ള സംഘടനയല്ല. അതൊരു കുടുംബം പോലെയാണ്. പത്തഞ്ഞൂറ് പേരുള്ള ഒരു കുടുംബം.
അതിലുള്ളവർക്ക് പ്രശ്നം വരുമ്പോള്‍ സഹായിക്കുന്നതിനും മറ്റും വേണ്ടി തുടങ്ങിയ സംഘടനയാണ്. എന്തിനും ഏതിനും ‘അമ്മ’യെ കുറ്റപ്പെടുത്തുന്നതായി കാണുന്നു. എല്ലാത്തിനും അമ്മയല്ല ഉത്തരം നല്‍കേണ്ടത്.
ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ഉത്തരം പറയേണ്ടത് മലയാള സിനിമ മൊത്തമാണ്. ഒരു കാര്യം മാത്രമല്ല ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കൂടുതല്‍ ശരങ്ങള്‍ വന്നത് എന്നിലേക്കും എന്റെ കൂടെയുള്ള ബാക്കി ആളുകളിലേക്കുമാണ്. അഭിഭാഷകരും സിനിമയിലെ തലമുതിർന്ന ആളുകളുമായി സംസാരിച്ചതിന് ശേഷമാണ് പ്രസിഡന്റ് പദവിയില്‍നിന്ന് പിന്മാറിയത്. അത് എല്ലാവരുടെയും അനുവാദത്തോടെ എടുത്ത തീരുമാനമാണ്.
‘അമ്മ’യുടെ പ്രവർത്തനങ്ങളൊന്നും നിർത്തിയിട്ടില്ല. അന്വേഷണം സർക്കാറും പൊലീസുമൊക്കെ ചേർന്നാണ് നടത്തുന്നത്. അത് അതിന്റെ വഴിക്ക് പോകട്ടെയെന്നും പ്രതിസന്ധി പരിഹരിക്കാൻ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.
ദൗർഭാഗ്യകരമായ കാര്യങ്ങളില്‍ പ്രതികരിക്കേണ്ടി വന്നതില്‍ വേദനയുണ്ട്.
വ്യക്തിപരമായ കാരണങ്ങളാല്‍ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവർത്തനങ്ങളുമായും തിരക്കിലായിരുന്നുവെന്നും അതിനാലാണ് പ്രതികരണം വൈകിയതെന്നും മോഹൻലാല്‍ അറിയിച്ചു.