ഹോട്ടലിൽ ചെന്ന് നടനെ കണ്ടാൽ നായിക വേഷം കിട്ടില്ല: ശ്രീകുമാരൻ തമ്പി

Cinema

തിരുവനന്തപുരം: തെന്നിന്ത്യന്‍ സിനിമാ മേഖലയെടുത്താൽ ഏറ്റവും കുറവ് സ്ത്രീപീഡനം നടക്കുന്നത് കേരളത്തിലാണെന്നും മലയാള സിനിമയെ മൊത്തം മോശമാക്കുന്നവർ ഇത് തിരിച്ചറിയണമെന്നും ശ്രീകുമാരൻ തമ്പി. മാധ്യമങ്ങൾ കുറച്ചു കൂടി ജാഗ്രത പുലർത്തണം. സിനിമ മേഖലയെ തകർക്കുന്ന രീതിയിൽ നിറംപിടിപ്പിച്ച വാർത്തകൾ നിർമ്മിക്കരുതെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

മാധ്യമസ്ഥാപനങ്ങളിലും സമാനമായ സംഭവങ്ങൾ നടക്കുന്നില്ലേ.
നിലവിൽ ആരോപണ വിധേയരായവരെയെല്ലാം കുറ്റക്കാരെന്നു മാധ്യമങ്ങൾ വിധിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലയാള സിനിമയെക്കുറിച്ച് ആധികാരികമായി സംസാരിക്കാൻ എനിക്ക് അധികാരമുണ്ടെന്നും 26സിനിമകൾ സംവിധാനം ചെയ്തയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.

കാസ്റ്റിങ് കൗച്ചും പവർ ഗ്രൂപ്പും ഒക്കെ ഇപ്പോൾ നിലവിലുണ്ടോ എന്ന് എനിക്കറിയില്ല.
നിലവിലെ ആരോപണങ്ങളെ തുടർന്ന് താരസംഘടന “അമ്മ’യുടെ സാരഥികൾ കൂട്ടമായി രാജിവച്ചത് ഭീരുത്വമാണ്.

ഡബ്ല്യുസിസിയെയും അതിന്‍റെ ഭാരവാഹിത്വത്തിലുള്ളവരെയും അഭിനന്ദിക്കുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റി രൂപീകരിച്ചതിൽ മുഖ്യമന്ത്രി പിണറായി വിജയനും അന്നത്തെ സാംസ്കാരിക മന്ത്രി എ.കെ.ബാലനും അഭിനന്ദനം അർഹിക്കുന്നു.

ഇപ്പോൾ പീഡന ആരോപണം ഉന്നയിച്ചവരെല്ലാം ജൂനിയർ ആർട്ടിസ്റ്റുകളാണ്. എന്തുകൊണ്ടാണ് പ്രധാനപ്പെട്ട ഒരു നടിയും ആരോപണമുന്നയിച്ച് രംഗത്തു വരാത്തത്. മുൻ കാലത്ത് സംവിധായകനു മുന്നിൽ ജൂനിയർ ആർട്ടിസ്റ്റ് വരുന്ന സാഹചര്യം പോലുമുണ്ടായിരുന്നില്ല.

ആൾക്കൂട്ടത്തിൽ നിൽക്കുന്നവരെ പണ്ട് എക്സ്ട്രാ നടി/നടൻ എന്നാണ് പറഞ്ഞിരുന്നത്.
പിന്നീടാണ് ജൂനിയർ ആർട്ടിസ്റ്റ് എന്ന പേര് വന്നത്. മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയിലെ അംഗങ്ങൾ പല സൂപ്പർ സ്റ്റാറുകൾക്കുമൊപ്പം അഭിനയിച്ചിട്ടുണ്ട്. ആ നടിമാരാരും താരങ്ങൾക്കെതിരേ ആരോപണം ഉന്നയിച്ചിട്ടില്ലല്ലോ.
അതിജീവിത ആയ ഒരു നടിക്കു വേണ്ടിയാണല്ലോ വനിതാ കൂട്ടായ്മ ഉണ്ടായത്.

അഭിനയ താല്പര്യുള്ളവർ നടന്‍റെ ഹോട്ടൽ മുറിയിൽ പോകുന്നതെന്തിനാണ്.
നല്ല വേഷം കിട്ടുന്നതിന് സംവിധായകനെയല്ലേ അഭിനേതാക്കൾ സമീപിക്കേണ്ടത്.
നടൻ താമസിക്കുന്ന ഹോട്ടലിൽ പോയാൽ നടിയാകാൻ സാധിക്കില്ലെന്ന് ആർക്കാണറിയാത്തത്.

മലയാള സിനിമയിൽ പുരുഷാധിപത്യമുണ്ട്. നടന് കിട്ടുന്ന പ്രതിഫലത്തിന്‍റെ വളരെക്കുറവാണ് നടിമാർക്ക് കിട്ടുന്നത്. ഒരു സിനിമയുടെ നിർമാണച്ചെലവിന്‍റെ 10 ശതമാനമായിരുന്നു പ്രേംനസീറിന്‍റെ പ്രതിഫലം. കുറവല്ലാത്ത പ്രതിഫലം ഷീലയ്ക്കും ലഭിച്ചിരുന്നു. ഇന്ന് നിർമാണ ചിലവിന്‍റെ മൂന്നിലൊന്നാണ് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നത്. അവർ പണക്കാരാകുന്നു. 23 സിനിമകൾ നിർമിച്ച താൻ ഇപ്പോഴും ധനികനല്ലെന്ന് അദ്ദേഹം പറഞ്ഞു.

അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്നുള്ള മോഹൻലാലിന്‍റെ രാജി ഭീരുത്വമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മമ്മൂട്ടിയും മോഹൻലാലുമാണ് മലയാള സിനിമയിൽ താരാധിപത്യം സൃഷ്ടിച്ചത്. അതിന്‍റെ ആദ്യ ഇര ഞാനാണ്. നിർമാതാവും സംവിധായകനുമായിരുന്ന എനിക്ക് കോൾ ഷീറ്റ് നൽകാതെ അവർ ഒതുക്കി. അതുവരെ നായകനായിരുന്ന രതീഷിനെ വില്ലൻ സ്ഥാനത്തേക്ക് മാറ്റിയാണ് “മുന്നേറ്റം” എന്ന ചിത്രത്തിൽ മമ്മൂട്ടിയെ ഞാൻ നായകനാക്കിയത്. അത്രത്തോളം വിനീതനായ മമ്മൂട്ടിയെ പിന്നീട് കണ്ടിട്ടില്ല.

പി.ജി. വിശ്വംഭരൻ സംവിധാനം ചെയ്ത സിനിമയിൽ പാട്ടെഴുതുന്നതിൽ നിന്ന് മമ്മൂട്ടി എന്നെ ഒഴിവാക്കി. പി ജി വിശ്വംഭരൻ സംവിധായകൻ ആകാനായി സ്വയം മാറി നിന്ന ആളായിരുന്നു ഞാൻ. ക്രിയേറ്ററുടെ പ്രാധാന്യം പെർഫോർമർക്കില്ല എന്ന കാര്യം ഓർക്കുക. ക്രിമിനൽ നിയമങ്ങൾ അറിയാവുന്ന വക്കീലാണ് മമ്മൂട്ടി അതുകൊണ്ടാണ് സ്വയം നിർമ്മാതാവായി മാറിയത്. താൻ സംവിധാനം ചെയ്ത ‘യുവജനോത്സവം’ എന്ന ചിത്രത്തിലൂടെയാണ് മോഹൻലാൽ നായകസ്ഥാനത്തെത്തുന്നത്. പിന്നീട് അദ്ദേഹം തന്‍റെ സിനിമയ്ക്ക് ഡേറ്റ് തന്നിട്ടില്ല.

പ്രേംനസീർ, സത്യന്‍, മധു എന്നിവർ തിളങ്ങി നിൽക്കുമ്പോഴാണ് താൻ മലയാള സിനിമയിലേക്ക് വരുന്നത്. മെഗാ സ്റ്റാർ, സൂപ്പർ സ്റ്റാർ എന്നീ പേരുകൾ പണ്ടില്ലായിരുന്നു. ഫാൻസ് രൂപീകരിക്കാൻ വന്നവരെ മധു ഓടിച്ചു വിട്ട ചരിത്രമുണ്ട്. മമ്മൂട്ടിയും മോഹൻലാലും വന്നതിന് ശേഷമാണ് താര പദവികൾ ഉണ്ടായത്.

മുൻപ് സംവിധായകനും നിർമാതാവും ചേർന്നാണ് നടീനടന്മാരെ നിശ്ചയിച്ചിരുന്നതെങ്കിൽ താരാധിപത്യത്തെ തുടർന്ന് തങ്ങളെ ആര് സംവിധാനം ചെയ്യണമെന്ന് നായകന്മാര്‍ തീരുമാനിക്കുന്ന മോശം സ്ഥിതിയുണ്ടായി. അതുവരെ തുടർച്ചയായി സിനിമയെടുത്തിരുന്ന സംവിധായകരും നിർമാതാക്കളുമെല്ലാം സിനിമയില്ലാതെ പുറത്തായി.

സൂപ്പർ താരങ്ങൾ പഴയ നിർമാതാക്കളെയെല്ലാം പുറത്താക്കി. മോഹൻലാൽ പറയും പോലെ കഥയെഴുതുന്ന വർക്കും അവർക്കിഷ്ട മുള്ളതു പോലെ ഷോട്ടെടുക്കുന്നവർക്കും മാത്രം പ്രാധാന്യം കിട്ടി. അവർ സംവിധായകരെ സൃഷ്ടിക്കാൻ തുടങ്ങി. ആ കാലഘട്ടത്തെ വേണമെങ്കിൽ പവർ ഗ്രൂപ്പെന്ന് വിശേഷിപ്പിക്കാം.

മോഹൻലാലിനും മമ്മൂട്ടിക്കുമൊപ്പം കുറച്ചുകാലം സുരേഷ് ഗോപിയും ആ നിരയിലുണ്ടായിരുന്നു. സൂപ്പർ സ്റ്റാറുകൾ വന്ന ശേഷം നായകനെ തോൽപ്പിക്കുന്ന നായികയുടെ കഥാപാത്രം മലയാള സിനിമയിലുണ്ടായിട്ടില്ല. ഇന്ന് പക്ഷേ പവർ ഗ്രൂപ്പ് തകർന്നിരിക്കുന്നു. പവർ ഗ്രൂപ്പ് തകർന്ന കാലത്താണ് നമ്മൾ അതേക്കുറിച്ച് സംസാരിക്കുന്നത്. സിനിമയിലെ താരാധിപത്യം തകരണം.

കഴിഞ്ഞ ദിവസം മോഹൻലാലിന് അവാർഡ് കൊടുത്തത് ഞാനല്ല. അത് ശ്രീകുമാരൻ തമ്പി ഫൗണ്ടേഷനാണ്. ജൂറിയാണ് അവാർഡ് നിശ്ചയിച്ചത്. ഒന്നോരണ്ടോ ദുഷ് പ്രവണതകൾ കൊണ്ടൊന്നും വിഖ്യാത ചലച്ചിത്രങ്ങൾക്ക് ഉറവിടമായ മലയാള സിനിമയെ തകർത്തു കളയാമെന്നത് വെറും വ്യാമോഹം മാത്രമാണ്. അദ്ദേഹം പറഞ്ഞു.