നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത മലയാളം ടൈം-ലൂപ്പ് ഹൊറർ ചിത്രമായ ‘ഡ്രെഡ്ഫുൾ ചാപ്റ്റേഴ്‌സ്’ ബുക്ക് മൈ ഷോ സ്ട്രീമിലും ആമസോൺ പ്രൈം വീഡിയോയിലും സ്ട്രീമിംഗ് ആരംഭിച്ചു. ഇന്ത്യയിൽ ബുക്ക് മൈ ഷോ സ്ട്രീമിലും ഇന്ത്യ ഒഴികെ അമേരിക്ക, യൂ. കെ., ജർമ്മനി, തുടങ്ങി 132 രാജ്യങ്ങളിലായി പ്രൈം വീഡിയോയിലുമാണ് ചിത്രം ലഭ്യമാകുന്നത്.
വിവിഡ് ഫ്രെയിംസുമായി സഹകരിച്ച് കാസബ്ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ ബേബി ചൈതന്യയും നിർമൽ ബേബിയും കൂടി നിർമ്മിച്ച ചിത്രത്തിന്റെ ഇതിവൃത്തം ആറ് സുഹൃത്തുക്കൾ അവരുടെ അവധിക്കാലം ആഘോഷിക്കാൻ ഒരു ഒറ്റപ്പെട്ട ഹോംസ്റ്റേയിൽ ഒത്തുകൂടുന്നതും, അവിടെ അവർ ഒരു ഗുഹയിൽ അകപ്പെട്ടുപോകുന്നതുമാണ്.
ചിത്രം ഇതിനോടകം തന്നെ നിരവധി അന്തര്‍ദേശീയ ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയിരുന്നു. കാനഡയിലെ ഫെസ്റ്റിവസ് ഫിലിം ഫെസ്റ്റിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് നേടിയ ചിത്രം ലോസ് ആഞ്ചെലെസിലെ ഹോളിവുഡ് ഗോൾഡ് അവാർഡ്‌സിൽ മികച്ച പരീക്ഷണ ചിത്രമായി തിരഞ്ഞെടുത്തിരുന്നു. ചിത്രത്തിലെ അഭിനയത്തിലൂടെ നായകൻ ജെഫിൻ ജോസഫ് മഹാരാഷ്ട്രയിലെ ഐഡിയൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കി. റീൽസ് ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹൊറർ ഫിലിം, മികച്ച ഛായാഗ്രാഹകൻ, മികച്ച സഹനടൻ (നിബിൻ സ്റ്റാനി) എന്നിങ്ങനെ മൂന്ന് അവാർഡുകൾ ഈ ചിത്രം നേടി. 2024-ലെ കാലബുറഗി ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലേക്കും ചിത്രം തിരഞ്ഞെടുത്തിരുന്നു.
ജെഫിൻ ജോസഫ്, വരുൺ രവീന്ദ്രൻ, ആര്യ കൃഷ്ണൻ, നിബിൻ സ്റ്റാനി, ശ്യാം സലാഷ്, ലാസ്യ ബാലകൃഷ്ണൻ എന്നിവരാണ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എഡിറ്റിംഗും സൗണ്ട് ഡിസൈനിങ്ങും സംവിധായകൻ തന്നെയാണ് നിർവഹിച്ചിരിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജെഫിൻ ജോസഫ്. ഛായാഗ്രഹണം: മിഥുൻ ഇരവിൽ. സെക്കന്‍ഡ് യൂണിറ്റ് ക്യാമറ: ഷോബിന്‍ ഫ്രാന്‍സിസ്. ഫൈനൽ മിക്സിങ് ആൻഡ് റെക്കോർഡിങ്: ജസ്റ്റിൻ ജോസഫ്. മേക്കപ്പ്-ആർട്ട്: രഞ്ജിത്ത് എ, ചീഫ് അസ്സോസിയേറ്റ് ക്യാമറ: സിദ്ധാർഥ് പെരിയടത്ത്. സ്റ്റില്‍സ്: എം. ഇ. ഫോട്ടോഗ്രാഫി.