കൊച്ചി: കേരളത്തിലെ പരിസ്ഥിതി വാദികളുടെയും പരിസ്ഥിതി പ്രസ്ഥാനങ്ങളുടെയും രാജ്യാന്തര ബന്ധങ്ങളും സാമ്പത്തിക ശ്രോതസ്സുകളും ഇടപാടുകളും അന്വേഷണ വിധേയമാക്കണമെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതൃത്വ സമ്മേളനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
നഗരങ്ങളിലെ വന്‍കിട പാര്‍പ്പിടങ്ങളില്‍ താമസിച്ച് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ പരിസ്ഥിതി സമ്മേളനം നടത്തുന്നവരുടെ പരിസ്ഥിതി കാപഠ്യം കര്‍ഷകരുള്‍പ്പെടെ പൊതുസമൂഹം തിരിച്ചറിയണം. കാര്‍ഷികമേഖലയെ തകര്‍ത്ത് ആഗോള കോര്‍പ്പറേറ്റുകള്‍ക്ക് കേരള കാര്‍ഷിക സമ്പദ്ഘടന തീറെഴുതിക്കൊടുക്കുന്ന ഏജന്റുമാരായി സംസ്ഥാനത്തെ പരിസ്ഥിതിവാദികള്‍ മാറിയിരിക്കുന്നത് പൊതുസമൂഹം എതിര്‍ക്കണം. കോടിക്കണക്കിന് രൂപ ചെലവഴിച്ച് സുപ്രീംകോടതിയില്‍ കേസുനടത്തുവാനുള്ള പരിസ്ഥിതിസംഘടനകളുടെ വരുമാന മാര്‍ഗ്ഗമെന്ത്? പ്രകൃതി ദുരന്തങ്ങള്‍ ഇന്നിന്റെ മാത്രം പ്രതിഭാസമല്ല. ലോകചരിത്രത്തിലുടനീളം ഇതാവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും ആവര്‍ത്തിക്കപ്പെടുന്ന പ്രകൃതിദുരന്തങ്ങളുടെ ഉത്തരവാദികള്‍ കര്‍ഷകരാണോ?
കേരളത്തില്‍ കൃഷി സ്തംഭിപ്പിച്ച് വനവല്‍ക്കരണ അജണ്ടയാണ് പരിസ്ഥിതി മൗലികവാദികളുടെ ലക്ഷ്യം. വനാന്തര്‍ഭാഗത്ത് ഉത്ഭവിച്ച ഉരുള്‍പൊട്ടലിന്റെയും മുണ്ടക്കൈ ദുരന്തത്തിന്റെയും പശ്ചാത്തലത്തില്‍ കേരളത്തിലെ കര്‍ഷകര്‍ കൃഷിഭൂമിയിലെ മണ്ണിളക്കാന്‍ പാടില്ലെന്നുള്ള പ്രചരണത്തിന് എന്തു ന്യായീകരണമെന്നും സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ ചോദിച്ചു.
വയനാട് ജില്ലയിലെ 3 വാര്‍ഡുകളിലുണ്ടായ പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ മുഴുവന്‍ ജനങ്ങളുടെയും ജീവിതത്തെ വെല്ലുവിളിച്ച് വഴിമുട്ടിക്കുവാന്‍ പരിസ്ഥിതി മൗലികവാദികള്‍ നടത്തുന്ന കുല്‍സിത ശ്രമങ്ങളും അജണ്ടകളും അനുവദിക്കില്ലെന്ന് സമ്മേളത്തില്‍ അധ്യക്ഷത വഹിച്ച് രാഷ്ടീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ അഡ്വ.ബിനോയ് തോമസ് സൂചിപ്പിച്ചു. ഇതിന്റെ ഭാഗമായി രാഷ്ടീയ കിസാന്‍ മഹാസംഘ് ഉള്‍പ്പെടെ വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ “സുരക്ഷിതമാണ് വയനാട്, പരിസ്ഥിതി മൗലികവാദികളില്‍ നിന്നും വയനാടിനെ സംരക്ഷിക്കുക” എന്ന സന്ദേശവുമായി സെപ്തംബര്‍ 9 തിങ്കളാഴ്ച രാവിലെ 10 മണിമുതല്‍ 3 മണിവരെ കല്പറ്റ പുത്തൂര്‍വയല്‍ അക്ഷയ സെന്റര്‍ ജംഗ്ഷനില്‍ ബഹുജന സമ്മേളനം നടത്തപ്പെടുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സംസ്ഥാന നേതൃസമ്മേളനത്തില്‍ സേവ് വെസ്റ്റേണ്‍ ഘട്ട് പീപ്പിള്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജയിംസ് വടക്കന്‍, ഇടുക്കി അതിജീവന പോരാട്ട സമിതി പ്രസിഡന്റ് റസാഖ് ചൂരവേലില്‍, രാഷ്ട്രീയ കിസാന്‍ മഹാസംഘ് വൈസ് ചെയര്‍മാന്‍ മുതലാംതോട് മണി, റോജര്‍ സെബാസ്റ്റിയന്‍, ജോസുകുട്ടി ഒഴുകയില്‍, ജിനറ്റ് മാത്യു, ജോര്‍ജ് സിറിയക്, ജോയി കണ്ണഞ്ചിറ, ജോണ്‍മാസ്റ്റര്‍ മാനന്തവാടി, സ്‌കറിയ നെല്ലംകുഴി, റോസ് ചന്ദ്രന്‍, അപ്പച്ചന്‍ ഇരുവേലില്‍, സണ്ണി തുണ്ടത്തില്‍, മുസ്തഫ എ.കെ., ആയാംപറമ്പ് രാമചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ ചേര്‍ത്തല, വര്‍ഗ്ഗീസ് കൊച്ചുകുന്നേല്‍, ഹരിദാസ് കല്ലടിക്കോട്, നൈനാന്‍ തോമസ്, ആഗസ്റ്റിന്‍ വെള്ളാരംകുന്നേല്‍, ഏനു പി.പി., ഔസേപ്പച്ചന്‍ ചെറുകാട് എന്നിവര്‍ സംസാരിച്ചു.