കോഴിക്കോട്: 2021 മുതൽ നിയമനം ലഭിച്ച സർക്കാർ പ്രൈമറി പ്രഥമാധ്യാപകരുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് കേരള ഗവ. പ്രൈമറി സ്ക്കൂൾ ഹെഡ്മാസ്റ്റേർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് ബിജു തോമസ് ആവശ്യപ്പെട്ടു. നിയമനം സ്ഥിരപ്പെടുത്തൽ , ശമ്പള ആനുകൂല്യങ്ങൾ പൂർണ്ണമായും അനുവദിക്കൽ, വിരമിച്ചവർക്ക് ആനുകൂല്യങ്ങൾ ഉറപ്പുവരുത്തൽ എന്നിവയിൽ ഇനിയും കാലവിളംബം അരുതെന്നും ചില വിദ്യാഭ്യാസ ഓഫീസുകളിൽ നൽകിയ ആനുകൂല്യങ്ങൾ പോലും തടഞ്ഞ് വെച്ച് പ്രഥമാധ്യാപകരെ ദ്രോഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യങ്ങൾക്ക് അടിയന്തിര പരിഹാരമുണ്ടായില്ലെങ്കിൽ കെ.ജി. പി. എസ്. എച്ച്.എ ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് കടക്കുമെന്നും സംസ്ഥാന പ്രസിഡണ്ട് അറിയിച്ചു. കെ.ജി. പി. എസ്. എച്ച്.എ കോഴിക്കോട് ജില്ലാ സമിതി പ്രഥമാധ്യാപകർക്കായി ബാലുശ്ശേരി പനായിയിൽ സംഘടിപ്പിച്ച പരിശീലന ക്കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ജില്ലാ പ്രസിഡണ്ട് ശുക്കൂർ കോണിക്കൽ അധ്യക്ഷത വഹിച്ചു. കെ.ജി. പി. എസ്. എച്ച്.എ. മുൻ ജന: സെക്രട്ടറി മുഹമ്മദ് സാലിം , റിട്ട. ഡി.ഇ. ഒ എം. രഘുനാഥ് , സംസ്ഥാന സെക്രട്ടറി ആർ. ശ്രീജിത്ത് , ജലീൽ ഇബ്രാഹീം എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി സാജന ജി നായർ , ഷീജ സുരേന്ദ്രൻ, കെ.സി. സാലിഹ് , സുനിൽകുമാർ, എം.പി.മുഹമ്മദ് അഷ്റഫ് എന്നിവർ പ്രസംഗിച്ചു.