എ വി ഫർദിസ്
കോഴിക്കോട്: നാലിൽ മൂന്നും മലയാളി വിദ്യാർഥികൾ ഉള്ള കോഴിക്കോട്
എൻ ഐ ടി യിലെ വിദ്യാർഥികളുടെ ഒദ്യോഗിക കൂട്ടായ്മയിൽ നിന്നും മലയാളി വിദ്യാർഥികൾ പടിക്കു പുറത്ത്. എൻ. ഐ. ടി അധികൃതരുടെ ഒത്താശയോടെ സ്പീക്കർ അടക്കം 10 അംഗ വിദ്യാർഥി ഗവേണിങ് ബോഡിയിൽ ജന.സെക്രട്ടറി അടക്കം 5 സെക്രട്ടറി സ്ഥാനവും മലയാളി ഇതര വിദ്യാർഥികൾക്ക് സംവരണം ചെയ്താണ് അധികൃതർ മലയാളി വിദ്യാർഥികളെ ഔദ്യോഗിക വിദ്യാർഥി കൂട്ടായ്മയിൽ നിന്നും പുറത്താക്കാൻ ശ്രമിക്കുന്നത്.
നാളെ തിങ്കൾ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇതോടെ പ്രധാന സ്ഥാനങ്ങളിലേക്ക് നോമിനേഷൻ പോലും നൽകാൻ കഴിയാത്തത് മലയാളി വിദ്യാർഥികളിൽ പ്രതിഷേധത്തിനു ഇടയാക്കിയിട്ടുണ്ട്. അധികൃതരുടെ തെറ്റായ നിലപാട് മൂലം മലയാളി ഇതര വിദ്യാർഥികൾക്ക് സംവരണം ചെയ്ത പിഎച്ച്ഡി അക്കാദമിക് വിഭാഗത്തിൽ ആരും നാമനിർദേശ പത്രിക സമർപ്പിക്കുക പോലും ചെയ്തിട്ടില്ല.
കൾചറൽ, ടെക്നിക്കൽ, സ്പോർട്സ്, പിജി അക്കാദമിക് സ്ഥാനങ്ങളിൽ മാത്രമേ പുതിയ തീരുമാനം അനുസരിച്ച് മലയാളി വിദ്യാർഥികൾക്ക് മത്സരിക്കാൻ കഴിയുകയുള്ളൂ. പുതിയ നിബന്ധന അനുസരിച്ച് ജന.സെക്രട്ടറി, ഫിനാൻസ്, ഹോസ്റ്റൽ തുടങ്ങി അഞ്ച് സ്ഥാനങ്ങളിലേക്കും മലയാളി വിദ്യാർഥികൾക്ക് മത്സരിക്കാൻ കഴിയുകയില്ല. നേരത്തെ സ്പീക്കറും 13 സെക്രട്ടറിമാരും ഉണ്ടായിരുന്ന സ്റ്റുഡന്റ്സ് അഫയോഴ്സ് കൗൺസിൽ ഭേദഗതി ചെയ്ത് 21 അംഗ ഗവേണിങ് ബോഡി ആണ് പുതുതായി രൂപീകരിച്ചത്. ഇൽ 10 വിദ്യാർഥി പ്രതിനിധികളും അഡ്മിനിസ്ട്രേഷൻ വിഭാഗം നോമിനേറ്റ് ചെയ്യുന്ന 11 ഫാക്കൽറ്റി പ്രതിനിധികളയും ആണ് ഉൾപ്പെടുത്തിയത്.
10 അംഗ വിദ്യാർഥി പ്രതിനിധികളിൽ 9 സെക്രട്ടറിമാരും സ്പീക്കറും ആണ് ഉൾപ്പെടുത്തിയത്. തത്വത്തിൽ എൻഐടി വിദ്യാർഥികളുടെ ജനാധിപത്യ വേദിയായ ഗവേണിങ് ബോഡിയിൽ പോലും അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന് താൽപര്യമുള്ള, നാമനിർദേശം ചെയ്യുന്നവർക്ക് ആയിരിക്കും ഭൂരിപക്ഷം. അഡ്മിനിസ്ട്രേഷൻ വിഭാഗം എടുക്കുന്ന തീരുമാനങ്ങൾക്ക് വിരുദ്ധ നിലപാട് പലപ്പോഴും വിദ്യാർഥികളുടെ
ഔദ്യോഗിക ബോഡിയായ സ്റ്റുഡന്റ്സ് അഫയേഴ്സ് കൗൺസിലിന്റെ ഭാഗത്തു നിന്നും ഉണ്ടാകാറുണ്ട്.
വിദ്യാർഥികളുമയി ബന്ധപ്പെട്ട വിഷയങ്ങളിൽ മുൻപു നടന്ന സമരവും അധികൃതരെ വഴി തടയൽ അടക്കം നടത്തിയിരുന്നു. കഴിഞ്ഞ തവണ സ്റ്റുഡന്റ്സ് അഫയേഴ്സ് കൗൺസിൽ സെക്രട്ടറി ആയിരുന്ന വിദ്യാർഥിയുടെ പേരിൽ വൻ തുക പിഴ ചുമത്തി കോൺവൊക്കേഷൻ ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കാതെ മാറ്റി നിർത്തിയത് ഹൈക്കോടതി ഇടപെടലിനും വിവാദങ്ങൾക്കും ഇടയായതിനെ തുടർന്ന് അധികൃതർക്ക് പിന്നീട് വിദ്യാർഥിയെചടങ്ങിൽ പങ്കെടുപ്പിക്കേണ്ടിയും വന്നു. ഭരണ വിഭാഗത്തിന്റെ നിലപാടിന് അനുസരിച്ച് വിദ്യാർഥികൾ വഴങ്ങാതെ വന്നതോടെ ആണ് വിദ്യാർഥികളുടെ ഔദ്യോഗിക കൂട്ടായ്മ പോലും തകർക്കുക എന്ന ലക്ഷ്യവുമായി അധികൃതർ നീങ്ങിയത്. കഴിഞ്ഞ വർഷം ആണ് സെനറ്റിൽ സ്റ്റുഡന്റ്സ് അഫയേഴ്സ് കൗൺസിൽ പുനസംഘടിപ്പിക്കാൻ തീരുമാനം എടുത്തത്.
വിദ്യാർഥികളുടെ മേൽനോട്ടത്തിൽ നടത്തിയിരുന്ന രാജ്യത്തെ പ്രമുഖ ടെക്നക്കൽ ഫെസ്റ്റ് ആയ തത്വ, ദക്ഷിണേന്ത്യിലെ ഏറ്റവും വലിയ കലോത്സവം ആയ രാഗത്തിനും വിവിധ കാരണങ്ങൾ ചൂണ്ടിക്കാണിച്ച് അനുമതി നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം നടത്താൻ കഴിഞ്ഞിരുന്നില്ല. ഇത് വിദ്യാർഥികൾക്ക് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരുന്നു. ഇത് വൻ പ്രതിഷധത്തിനും കാരണമായിരുന്നു. റജിസ്ട്രാറുടെ അടുപ്പക്കാരായ മലയാളി ഇതര അധ്യാപകർക്ക് അടുത്ത കാലത്ത് വിവിധ ഡീൻമാരുടെ ചുമതലയും പ്രധാന പോസ്റ്റുകളും നൽകിയത് വിദ്യാർഥികളെ അടിച്ചമർത്താൻ വേണ്ടിയാണെന്ന ആരോപണവും ഉയർന്നിരുന്നു.
ക്യാംപസിൽ വിദ്യാർഥികൾക്കിടയിൽ ചേരിതിരിവ് ഉണ്ടാക്കി മുതലെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ ഭാഗത്ത് നിന്നും നിരന്തരം ഇത്തരം നീക്കങ്ങൾ എന്നാണ് ഒരു വിഭാഗം അധ്യാപകരും വിദ്യാർഥികളും ആരോപിക്കുന്നത്.