തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് റഫറൽ സംഘടനയായ ബിസിനസ് നെറ്റ്‌വർക്ക് ഇൻറർനാഷണൽ (ബി.എൻ.ഐ) ൻ്റെ ആഭിമുഖ്യത്തിൽ
ലോക ആത്മഹത്യാ പ്രതിരോധ ദിനമായ സെപ്റ്റംബർ 10, ചൊവ്വ രാവിലെ 7 മണിക്ക് മ്യൂസിയം ഗേറ്റിൽ നിന്നാരംഭിച്ച് കവടിയാർ സ്ക്വയർ വരെ വാക് ഫോർ ലൈഫ് വാക്കത്തോൺ സംഘടിപ്പിക്കുന്നു.
പൊതുജനങ്ങൾക്ക് സകുടുംബം പങ്കെടുക്കാം. 79 രാജ്യങ്ങളിലായി 3,20,000 അംഗങ്ങളുള്ള സംഘടനയാണ് ബി.എൻ.ഐ. തിരുവനന്തപുരം മേഖലയിലെ ഏറ്റവും വലുതും സജീവവുമായ ചാപ്റ്ററാണ് ബി.എൻ.ഐ. മൊണാർക്സ്. എഴുന്നൂറിൽപരം ബിസിനസ് ഉടമകൾ അണിചേരുന്നതാണ് തിരുവനന്തപുരം ബി.എൻ.ഐ. ചാപ്റ്റർ. അംഗങ്ങൾ പരസ്പരം റഫറലുകളും വർദ്ധിതബിസിനസും കൈമാറിക്കൊണ്ട് ഒരുമിച്ച് മുന്നേറുകയാണ്.
ഇന്ന് സമൂഹത്തെ ബാധിച്ചിരിക്കുന്ന ഗുരുതര സാമൂഹ്യപ്രശ്നത്തെ സംബന്ധിച്ച് പൊതുജനാവബോധം സൃഷ്ടിക്കുന്നതിനാണ് ബി.എൻ.ഐ. മൊണാർക്സിന്റെ നേതൃത്വത്തിൽ പൊതുജനപങ്കാളിത്തത്തോടെ വാക് ഫോർ ലൈഫ് എന്ന പേരിൽ വാക്കത്തോൺ സംഘടിപ്പിക്കുന്നത്. മാനസികാരോ ഗ്യത്തിലൂടെ ആത്മഹത്യക്കെതിരെ ജനമുന്നേറ്റം എന്നതാണ് ലക്ഷ്യം.
സൗജന്യ കൗൺസിലിംഗും മാനസികാരോഗ്യ ബോധവത്ക്കരണ ശില്പശാലയും വാക്കത്തോണിന്റെ ഭാഗമായി നടക്കും. ബി.എൻ.ഐ തിരുവനന്തപുരം എക്സിക്യുട്ടീവ് ഡയറക്ടർ വികാസ് അഗർവാൾ, ബി.എൻ.ഐ മൊണാർക്സ് പ്രസിഡൻ്റ് ഷിബു സുരേന്ദ്രൻ, ബി.എൻ.ഐ മൊണാർക്സ് മെമ്പർമാരായ ശാരിക മേനോൻ, സുജിത്ത്.എസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ആത്മഹത്യാ ലക്ഷണങ്ങളും അപകടമുന്നറിയിപ്പുകളും തിരിച്ചറിയൽ, മാനസിക സമ്മർദ്ദം അനുഭവിക്കുന്ന സഹജീവികൾക്ക് ആവശ്യമായ പിന്തുണയും സേവനങ്ങളും ലഭ്യമാക്കൽ, സഹാനുഭൂതി യോടുകൂടിയ ഇടപെടൽ എന്നീ വിഷയങ്ങളിൽ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ അറിവ് പങ്കിടലും ഉണ്ടായിരിക്കും.