ചൂരല്‍മല ദുരന്തം: എം സി എഫ് സ്‌കൂള്‍ വിദ്യാര്‍ത്ഥി സൈക്കിള്‍ സമ്മാനിച്ചു

Wayanad

കല്പറ്റ: ചൂരല്‍മല ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബത്തിലെ സുഹൃത്തിന് കല്പറ്റ എം സി എഫ് പബ്ലിക് സ്‌കൂളിലെ മുഹമ്മദ് ആസിഫ് സുഹൈബ് സൈക്കിള്‍ സമ്മാനിച്ചു. തന്റെ സുഹൃത്തിന്റെ സൈക്കിള്‍ ഉരുള്‍പ്പൊട്ടലില്‍ നഷ്‌പ്പെട്ടതറിഞ്ഞ സുഹൈബിന്റെ സ്‌നേഹ സമ്മാനമാണിത്. തനിക്ക് പുതിയ സൈക്കിള്‍ വാങ്ങാന്‍ മാതാപിതാക്കള്‍ ഏല്‍പ്പിച്ച തുകയാണ് സുഹൃത്തിന്റെ വേദനയകറ്റാന്‍ സുഹൈബ് വിനിയോഗിച്ചത്. അബ്ദുല്‍ സലീം ബിച്ചു ദമ്പതികളുടെ മകനാണ് ഈ വിദ്യാര്‍ത്ഥി.

ഇത്തരം നന്മയൂറുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തെ പ്രചോദിപ്പിക്കുമെന്ന് എം സി എഫ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നീതു ജെ ജെ പറഞ്ഞു. കാരുണ്യത്തിന്റെ ഇത്തരം വറ്റാത്ത നീരുറവ വിദ്യാര്‍ത്ഥികളില്‍ ഏറെ പ്രതികരണം സൃഷ്ടിക്കുമെന്നുമെന്നും അവര്‍ അഭിപ്രായപ്പെട്ടു.

സ്‌കൂളില്‍ ചേര്‍ന്ന വിതരണ ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകനായ സലീം കല്പറ്റ, അഡ്മിനിസ്‌ട്രേറ്റര്‍ മുഹമ്മദ് നജീബ് തന്നാനി, അധ്യാപകര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.