മനുഷ്യ മാലാഖമാർക്ക് സ്നേഹാദരമായി ദൃശ്യ ഗാനം

Uncategorized

എം. എ സേവ്യർ

കോഴിക്കോട് : ഉരുളിൽ അനാഥമാക്കപ്പെട്ട പിഞ്ചു ബാല്യങ്ങളെ മുലയൂട്ടാൻ ഓടിയെത്തിയ മനുഷ്യ മാലാഖമാർക്ക് സ്നേഹാദരമായി ദൃശ്യ ഗാനം ഉമ്മ. സംവിധായകൻ ഡുഡു ദേവസി അണിയിച്ച് ഒരുക്കുന്ന ആൽബമാണിത്. വേർപിരിഞ്ഞവർക്കു നിത്യ ശാന്തിയും ആരുടെ കുഞ്ഞിനും അമ്മയാകാൻ മനസ്സലിവ് ഉള്ള മാതൃത്വങ്ങൾക്കും മലയാള മനസാക്ഷിക്കും സമർപ്പിച്ചുകൊണ്ടാണ് പ്രകാശനം ചെയ്യുന്നത്.

ചൂരൽമല ഉരുൾ പൊട്ടൽ ദുരന്ത മുഖത്തു ചെന്നു മുലയൂട്ടിയവർ, ജീവന്റെ സ്പന്ദനം അറിഞ്ഞും അമ്മയെന്ന കർത്തവ്യം നാടിനായി സമർപ്പിച്ചും ദുരന്ത ഭൂമിയെ മഹത്തായ കർമ്മ ഭൂമിയാക്കിയ മനുഷ്യപുണ്യങ്ങൾ. വൈകാരിക സന്ദർഭങ്ങൾ, ജീവന്റെ നിലനിൽപിന് ഓരോ മനുഷ്യ ജീവിയും നൽകേണ്ട ത്യാഗവും സമർപ്പണവും നിരാശയും പ്രത്യാശയും പുതു ജീവിത സത്യങ്ങളും ശ്രവണ കാഴ്ച്ചാനുഭവം നൽകുന്ന ആവിഷ്കാരമാണ് ഉമ്മ.

ബാനർ ഹൗസ്ഫുൾ പ്രൊഡക്ഷൻ.നിർമ്മാതാവ് ഷഹീൽ ശംസുദ്ധീൻ. ഡി.ഒ. പി ജിനേഷ് സുകുമാരൻ. ചമയം റഷീദ് അഹ്‌മദ്‌. വിപണനം സുബൈർ നെല്ലിയോട്ട്.ഗാനരചന, സംഗീതം റഹിം ഷാമിൽ. ആലാപനം പാട്ടുറുമാൽ ഹാരിസ്. ഓർകാസ്ട്രാ ഇഖ്ബാൽ കണ്ണൂർ. ട്രാക്ക് ഫൈസൽ പയ്യോളി. ഏകോപനം റയിസ് പി. പി കണ്ണൂർ. സംവിധാനം ഡുഡു ദേവസി.