പൂരം കലക്കിയത് ആരെന്ന് വ്യക്തമായി; പിണറായിക്ക് സി പി ഐയെക്കാള്‍ ആവശ്യം ബി ജെ പിയെ: എം കെ മുനീര്‍

Kozhikode

കോഴിക്കോട്: കേരളത്തിന്റെ അഭിമാന മുദ്രകളിലൊന്നായ ഹൈന്ദവ വിശ്വാസികളുടെ ഹൃദയ വികാരമായ തൃശൂര്‍ പൂരം തിരഞ്ഞെടുപ്പ് നേട്ടത്തിനായി കലക്കിയതിന് പിന്നിലെ ഗൂഢാലോചനയും അന്വേഷിക്കണമെന്ന് മുസ്്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ നേരിട്ടുതന്നെ പങ്കുണ്ടെന്ന് പ്രഖ്യാപിച്ച അന്വേഷണം ആവിയായി പോയതോടെ വ്യക്തമായി.

തൃശൂര്‍പൂരം കലക്കിയ സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി അറിവില്ലെന്ന്, പൊലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ രേഖ പുറത്തു വന്നതോടെ എ.ഡി.ജി.പിയിലും എസ്.പിയിലും ഒതുങ്ങുന്നതല്ല സംഭവത്തിലെ ഗൂഢാലോചനയെന്നും മുമ്പ് യു.ഡി.എഫ് പറഞ്ഞത് സത്യമാണെന്ന് എല്ലാവര്‍ക്കും ബോധ്യമായെന്നും മുനീര്‍ പറഞ്ഞു.

തൃശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ച ആഭ്യന്തര വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രിയും സിപിഎമ്മും ഇത്രയും നാള്‍ കേരള ജനതയെ കബളിപ്പിക്കുകയായിരുന്നു. സി.പി.എമ്മിന് സി.പി.ഐയെക്കാള്‍ ഇപ്പോള്‍ ആവശ്യം ബി.ജെ.പിയെയാണ്. ആട്ടുംതുപ്പും സഹിക്കാനാവാതെ സി.പി.ഐ എല്‍.ഡി.എഫ് വിട്ടാലും ഒന്നും സംഭവിക്കില്ലെന്ന പ്രഖ്യാപനമാണ് സി.പിഎമ്മിന്റെ അനങ്ങാപ്പാറ നയം.

സി.പി.ഐ നേതാവും മുന്‍ മന്ത്രിയുമായ സുനില്‍ കുമാറിന്റെ തൃശൂരിലെ വിജയത്തെക്കാള്‍ ബി.ജെ.പിയുടെ സുരേഷ് ഗോപിയുടെ പരാജയമാണ് പിണറായിയെ അലയട്ടിയത്. അതുകൊണ്ടാണ് ചരിത്രത്തിലാദ്യമായി പൊലീസ് തന്നെ പൂരം കലക്കി, സംഘപരിവാറിനെ സഹായിച്ചത്. വര്‍ഗസമരത്തില്‍ നിന്ന് വര്‍ഗീയതയിലേക്ക് വഴിമാറിയ സി.പി.എമ്മിന് ആര്‍.എസ്.എസ്സിലേക്കുള്ള സ്പീഡ് ഹൈവേയായി വര്‍ത്തിക്കുന്ന എഡിജിപിയെ പൂരം കലക്കിയതിന്റെ അന്വേഷണ ചുമതല മുഖ്യമന്ത്രി ഏല്‍പ്പിച്ചപ്പോഴേ കാര്യങ്ങളുടെ കിടപ്പ് വ്യക്തമായിരുന്നു.

ആരോപണവിധേയനെ ഉപയോഗിച്ച് കേസ് അന്വേഷിപ്പിക്കുന്ന വിചിത്രകാഴ്ച ലോക നിയമവാഴ്ചക്ക് ലഭിക്കുന്ന പിണറായി മോഡലാണ്. സംഭവം കഴിഞ്ഞ് ആറു മാസത്തോളമായ സ്ഥിതിക്ക് ഇനി സംസ്ഥാന സര്‍ക്കാര്‍ എന്തെങ്കിലും അന്വേഷണ പ്രഹസനം നടത്തുന്നതില്‍ അര്‍ത്ഥമില്ല. ജുഡീഷ്യല്‍ അന്വേഷണം നടത്തി സംഭവത്തെ കുറിച്ച് വ്യക്തതയും കുറ്റക്കാര്‍ക്ക് ശിക്ഷയും ഉറപ്പാക്കണമെന്നും എം.കെ മുനീര്‍ ആവശ്യപ്പെട്ടു.