കൊണ്ടോട്ടി: മാപ്പിളപ്പാട്ടിനെ ജനകീയവല്‍ക്കരിച്ചതിലും മതേതരവല്‍ക്കരിച്ചതിലും വലിയ പങ്ക് വഹിച്ച കവി പി. ഭാസ്‌കരന്റെ ജന്മശതാബ്ദി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ആചരിക്കുന്നു. അക്കാദമിയില്‍ സെപ്റ്റംബര്‍ 30-ന് വൈകുന്നേരം 5-മണിക്ക് പഞ്ചാരപ്പനന്തത്ത എന്ന പേരില്‍ നടക്കുന്ന പരിപാടി കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിതാ ഷഹീര്‍ സി.എ. ഉദ്ഘാടനം ചെയ്യും.
പി. ഭാസ്‌കരന്‍ ജന്മ ശതാബ്ദി പ്രഭാഷണം ആലങ്കോട് ലീലാകൃഷ്ണന്‍ നിര്‍വ്വഹിക്കും. എ.പി. മോഹന്‍ദാസ് അധ്യക്ഷത വഹിക്കും. അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, വി. നിഷാദ് മാസ്റ്റര്‍, ഡോ. പി.പി. അബ്ദുല്‍ റസാഖ്, കോട്ടക്കല്‍ മുരളി, ഡോ. ഷംഷാദ് ഹുസൈന്‍ കെ.ടി., അഡ്വ. പി.കെ. ഖലീമുദ്ദീന്‍, കെ.വി. അബൂട്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
മാപ്പിളകലാ അക്കാദമി നടത്തിയ ”മൈലാഞ്ചിക്കൊമ്പ്” റിയാലിറ്റി ഷോ വിജയികള്‍ക്ക് ക്യാഷ്‌പ്രൈസും പുരസ്‌കാരവും ആലങ്കോട് ലീലാകൃഷ്ണന്‍ സമ്മാനിക്കും. ഷംനാദ് പി.ടി.(ഒന്നാം സ്ഥാനം), നഷ്‌വ അബ്ദുല്‍ അസീസ് പി.(രണ്ടാം സ്ഥാനം), അഞ്ചല സലീം എം.കെ.(മൂന്നാം സ്ഥാനം) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങും.
ഒക്‌ടോബര്‍ 1-ന് പി. ഭാസ്‌കരന്‍ രചിച്ച ഗാനങ്ങള്‍കൊണ്ട് സമ്പന്നമായ ”കുട്ടിക്കുപ്പായം” സിനിമയുടെ അറുപതാം വാര്‍ഷികാചരണം നടത്തും. കുട്ടിക്കുപ്പായം സിനിമയുടെ പ്രദര്‍ശനം, സാംസ്‌കാരിക സെമിനാര്‍, ഇശലിമ്പം ഗാനമേള എന്നിവ അരങ്ങേറും. സിനിമാ സംവിധായകന്‍ സിദ്ദീഖ് ഷമീര്‍, നടി നിലമ്പൂര്‍ ആയിഷ, ടി.കെ. ഹംസ, കവി മണമ്പൂര്‍ രാജന്‍ ബാബു, പുലിക്കോട്ടില്‍ ഹൈദരാലി തുടങ്ങിയവര്‍ സംസാരിക്കും.
”ഇശലിമ്പം” ഗാനമേളയില്‍ കുട്ടിക്കുപ്പായം സിനിമക്കുവേണ്ടി പി. ഭാസ്‌കരന്‍ രചിച്ച ഗാനങ്ങള്‍ അവതരിപ്പിക്കും.
”ലോക വെള്ള വടി ദിനം” സംഘാടക സമിതി രൂപീകരണം ഇന്ന്(30.09.2024-ന്)
കൊണ്ടോട്ടി: കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ബോധവല്‍ക്കരണം ലക്ഷ്യമിട്ടുകൊണ്ട് ലോകം ആചരിക്കുന്നതാണ് ”ലോക വെള്ള വടി ദിനം” (World White Cane Day, October-15) മങ്കടയില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്റ്, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി നഗരസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ലോക വെള്ള വടി ദിനാചരണം കൊണ്ടോട്ടിയില്‍ നടത്തുന്നു.
പ്രസ്തുത പരിപാടി വിജയിപ്പിക്കുന്നതിനുവേണ്ടിയുള്ള സംഘാടക സമിതി രൂപീകരണ യോഗം ഇന്ന് (30.09.2024-ന്) 4-മണിക്ക് മാപ്പിളകലാ അക്കാദമിയില്‍ ചേരുന്നു.
സാമൂഹിക സാംസ്‌കാരിക സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, കൊണ്ടോട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ നിതാ ഷഹീര്‍ സി.എ., മങ്കട കേരള സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഹെഡ്മാസ്റ്റര്‍ എ.കെ. യാസിര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.