കല്പറ്റ: മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന അപകടകരവും അപലപനീയവുമാണെന്ന് കെ എന്‍ എം വയനാട് ജില്ലാ കമ്മിറ്റ അഭിപ്രായപ്പെട്ടു. ഒരു സമുദായത്തെ ഉന്നംവെച്ച് മലപ്പുറം ജില്ലക്കെതിരെയുള്ള നീക്കമാണ് നടക്കുന്നത്. പൊലീസിലെ തന്നെ ചിലരാണ് ഇതിന് പിന്നിലെന്ന് ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പകരം ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ സഹായിക്കുകയും മുസ്ലിം ന്യൂനപക്ഷത്തെ ദേശവിരുദ്ധരാക്കാനുള്ള നിലപാടുമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
ന്യൂനപക്ഷ വിരുദ്ധ നീക്കം ആസൂത്രിതമായി നടപ്പാക്കാന്‍ ഗൂഢാലോചന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. സി പി എമ്മിന്റെ നേതാക്കള്‍ അവിവേകപരമായി നടത്തിയ പല പ്രസ്താവനകളും സമുദായത്തെ വേട്ടയാടാനും സംഘപരിവാര്‍ ആശയം ദേശവ്യാപകമായി പ്രചരിപ്പിക്കാനുള്ള ആയുധമായി മാറുകയാണ്. നേതാക്കള്‍ പ്രസ്താവനകളില്‍ വിവേകം കാണിക്കണമെന്നും കെ എന്‍ എം ജില്ലാകമ്മറ്റി അഭിപ്രായപ്പെട്ടു.
പോക്കര്‍ ഫാറൂഖി അധ്യക്ഷത വഹിച്ചു. സി കെ ഉമ്മര്‍ സ്വാഗതം പറഞ്ഞു. സയ്യിദ് അലി സ്വലാഹി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുറഹ്മാന്‍ സുല്ലമി, ബഷീര്‍ പടിഞ്ഞാറത്തറ, അബ്ദുല്‍ബാരി മുട്ടില്‍, എം അലി കുട്ടമംഗലം, അബ്ദു കല്ലൂര്‍ എന്നിവര്‍ പ്രസംഗിച്ചു.