എം ടി യുടെ വീട്ടിലെ കവർച്ച: ഇരുപത്തിനാല് മണിക്കൂറുകൾക്കകം പ്രതികൾ പിടിയിൽ

Kozhikode

കോഴിക്കോട്: കൊട്ടാരം റോഡിലെ എം ടി വാസുദേവൻ നായരുടെ സിതാര എന്ന വീട്ടിൽ മോഷണം നടന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടക്കാവ് പോലീസ് കേസെടുത്ത് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി. കരുവശ്ശേരി സ്വദേശിനി ശാന്ത (48), സുഹൃത്ത് വട്ടോളി സ്വദേശി പ്രകാശൻ (44) എന്നിവരെയാണ് നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ ടി.കെ അഷ്റഫ്ൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും ചേർന്ന് പിടികൂടിയത്.

അലമാരയുടെ ലോക്കറിൽ സൂക്ഷിച്ചിരുന്ന ഇരുപത്താറ് പവൻ സ്വർണാഭരണങ്ങൾ ഡയമണ്ട് പതിപ്പിച്ച കമ്മൽ മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി പതിനഞ്ച് ലക്ഷത്തോളം രൂപ വിലവരുന്ന ആഭരണങ്ങളാണ് എം.ടി.യുടെ വീട്ടിൽ നിന്നും മോഷണം പോയത്.
എംടിയുടെ ഭാര്യ സരസ്വതി നൽകിയ പരാതിയിൽ നടക്കാവ് പോലീസാണ് കേസെടുത്തത്. നോർത്ത് സോൺ ഇൻസ്പെക്ടർ ജനറൽ കെ. സേതുരാമൻ ഐ.പി.എസ് ൻ്റെ നിർദ്ദേശപ്രകാരം കോഴിക്കോട് ജില്ലാപോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേസന്വേഷണം നടത്തിയത്.
ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ടി.കെ അഷറഫിനായിരുന്നു പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല.
കേസ് രജിസ്റ്റർ ചെയ്ത ഉടനെ കേരള പോലീസിന്റെ ശാസ്ത്രീയ അന്വേഷണ വിഭാഗമായ ഫിംഗർപ്രിന്റ്, സയിൻ്റിഫിക് എക്സ്പെർട് തുടങ്ങിയവർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തുടർന്ന് നോർത്ത് സോൺ ഐ.ജി. കെ. സേതുരാമൻ ഐ.പി.എസ്, ജില്ലാ പോലീസ് മേധാവി ടി. നാരായണൻ ഐ.പി.എസ് എന്നിവർ അന്വേഷണ സംഘവുമായി കൂടിക്കാഴ്ച നടത്തി.
വീടിന്റെ ലോക്ക് പൊട്ടിക്കുകയോ ആഭരണങ്ങളല്ലാതെ മറ്റൊന്നും മോഷണം പോകുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിലും അലമാര താക്കോൽ ഉപയോഗിച്ച് തുറന്നത് കൊണ്ടും മോഷണം നടത്തിയത് സ്ഥിരം കുറ്റവാളികളാകാൻ സാധ്യതയില്ലെന്ന് പോലീസ് ഉറപ്പിച്ചു. കഴിഞ്ഞ ഒരുവർഷത്തിനിടെ പലപ്പോഴായി സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടത് ശ്രദ്ധയിൽപെട്ടെങ്കിലും വീട്ടുകാർ ഗൗനിച്ചിരുന്നില്ല. കഴിഞ്ഞ മാസം മുപ്പതിന് മകൾ ലോക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് സ്വർണാഭരണങ്ങളും വിലപിടിപ്പുള്ള വജ്ര മരതക ആഭരണങ്ങൾ മോഷണം പോയതാണെന്ന് സ്ഥിരീകരിച്ചത്.
പ്രാഥമിക ഘട്ടത്തിൽ ചോദ്യം ചെയ്യേണ്ടവരേയും രഹസ്യ നിരീക്ഷണം നടത്തേണ്ടവരുടേയും പ്രത്യേകം ലിസ്റ്റ് തയ്യാറാക്കി സിറ്റി ക്രൈം സ്ക്വാഡ് ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ടി.കെ അഷ്റഫ് ന് നൽകി. തുടർന്ന്
ചെമ്മങ്ങാട് ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിൽ ഒരു സംഘം ജില്ലയ്ക്ക് പുറത്തുള്ളവരെ കണ്ടെത്തി അന്വേഷണം നടത്തുന്നതിനും ഇൻസ്പെക്ടർ എൻ പ്രജീഷിൻ്റെ നേതൃത്വത്തിൽ എം.ടി.യുടെ വീടുമായി ബന്ധപ്പെടുന്ന പോലീസിന് സംശയമുള്ളവരെ കണ്ടെത്തി അന്വേഷണം നടത്തുന്നതിനുമായി നിർദ്ദേശം നൽകി.
എം.ടി.യുടെ ജന്മനാടായ കൂടല്ലൂർ, പട്ടാമ്പി, ശ്രീകൃഷ്ണപുരം, തത്തമംഗലം തുടങ്ങി പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇൻസ്പെക്ടർ കിരണിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണമാരംഭിച്ചു.
ജില്ലയ്ക്കകത്ത് ഇൻസ്പെക്ടർ എൻ.പ്രജീഷും സംഘവുമാണ് അന്വേഷണം നടത്തിയത്.
സബ് ഇൻസ്പെക്ടർ ബിനു മോഹന്റെ നേതൃത്വത്തിൽ മൊഴിരേഖപ്പെടുത്തവേ എം.ടി.യുടെ വീട്ടിൽ ജോലി ചെയ്തിരുന്ന
ശാന്തയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അന്വേഷണ സംഘം ശാന്തയെപറ്റി രഹസ്യാന്വേഷണം നടത്തിയപ്പോഴാണ് കഴിഞ്ഞ ഒരുവർഷത്തിനിടെ പലപ്പോഴായി പ്രതികൾ സിത്താരയിൽ നടത്തിയ മോഷണത്തിൻ്റെ ചുരുളഴിഞ്ഞത്. ശാന്തയുടെ അകന്ന ബന്ധുവായ പ്രകാശിനെ കുറിച്ച് പോലീസ് വിശദമായി അന്വേഷണം നടത്തുകയും തുടർന്ന് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതിൽ പ്രകാശും ശാന്തയും കോഴിക്കോട് കമ്മത്ത് ലൈനിലെ ജ്വല്ലറിയിൽ പലതവണകളായി മോഷ്ടിച്ച സ്വർണം വിറ്റ വിവരം പോലീസിനോട് സമ്മതിച്ചു. തുടർന്ന് രാവിലെ വീട്ടിൽ നിന്നും ശാന്തയെ കസ്റ്റഡിയിലെടുത്ത അന്വേഷണ സംഘം ഇൻസ്പെക്ടർ എൻ. പ്രജീഷിൻ്റെ നേതൃത്വത്തിൽ പ്രതികളെ ശാസ്ത്രീയമായി ചോദ്യം ചെയ്യുകയായിരുന്നു. കമ്മത്തിലെയ്നിലെ മൂന്ന് കടകളിൽ മോഷണം സ്വർണം വിൽപന നടത്തിയതായി പ്രതികൾ കുറ്റസമ്മതം നടത്തിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കമ്മത്തിലെയ്നിലെത്തി തെളിവെടുപ്പ് നടത്തി.അന്വേഷണ സംഘത്തിൽ നടക്കാവ് സബ് ഇൻസ്പെക്ടർ ബിനു മോഹൻ ,എസ് സി പി ഒ മാരായ ഷിജിത്ത് കെ ,ഹരീഷ് കുമാർ സി ,ശ്രീകാന്ത് എം വി ,അജീഷ് പിലാശ്ശേരി ജിത്തു വി കെ, പ്രശാന്ത് കുമാർ, രാകേഷ് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാലു എം സുജിത് സി കെ എന്നിവരായിരുന്നു അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്