കൽപ്പറ്റ : ചുമട്ടുതൊഴിലാളി മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സംരക്ഷിക്കുന്നതിന് സർക്കാർ തയ്യാറാകണമെന്ന് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി വയനാട് ജില്ലാ ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. ചുമട്ടുതൊഴിലാളി മേഖലയിൽ കാലാകാലങ്ങളായി ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ ഇല്ലാതാക്കുന്ന നടപടി ആണ് കോടതി ഉത്തരവിലൂടെ വ്യാപാരി സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.
സർക്കാരും ചുമട്ടുതൊഴിലാളി ബോർഡും തൊഴിലാളികളുടെ ജോലി സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കണമെന്നും ജനറൽ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ജോലിയും കൂലിയും അടക്കമുള്ള അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാരും സ്വകാര്യ മാനേജ്മെന്റുകളും തയ്യാറായില്ലെങ്കിൽ വമ്പിച്ച പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം നൽകാനും യോഗം തീരുമാനിച്ചു.
ഒക്ടോബർ ഇരുപത്തിഒന്നാം തീയതി തിങ്കളാഴ്ച എറണാകുളം ടൗൺഹാളിൽ വച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന തൊഴിലാളികളുടെ സമര പ്രഖ്യാപന കൺവെൻഷൻ വിജയിപ്പിക്കുവാനും യോഗം തീരുമാനിച്ചു. യോഗത്തിൽ ഫെഡറേഷൻ ജില്ലാ പ്രസിഡണ്ട് സലാം മീനങ്ങാടി അധ്യക്ഷത വഹിച്ചു. ഐഎൻടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി ഉദ്ഘാടനം ചെയ്തു, സി പി വർഗീസ്, കെ യു മാനു, വി പി മൊയ്തീൻ, മാടായി ലത്തീഫ്, മനോജ് ഉതുപ്പാൻ, എൽദോ മീനങ്ങാടി, സലാം മാനന്തവാടി, ഒ അഷ്റഫ് എന്നിവർ സംസാരിച്ചു.