വയനാട് ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്, വയനാട്ടില്‍ പ്രിയങ്ക ഗാന്ധി, പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യയും യു ഡി എഫ് സ്ഥാനാര്‍ത്ഥികളാകും

Kerala

ന്യൂഡല്‍ഹി: വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന് നടക്കും. മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയും കേരളത്തിലെ ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തീയതിയും തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. വയനാട് ലോക്‌സഭാ മണ്ഡലത്തിനൊപ്പം നവംബര്‍ 13ന് തന്നെയാണ് പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടക്കുക. എല്ലായിടങ്ങളിലും വോട്ടെണ്ണല്‍ നവംബര്‍ 23ന് നടക്കും.

ജാര്‍ഖണ്ഡിലെ 81 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 13നും 20നുമായാണ് രണ്ട് ഘട്ടങ്ങള്‍ നടക്കുന്നത്.

മഹാരാഷ്ട്രയില്‍ നവംബര്‍ 20ന് ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. 288 മണ്ഡങ്ങളിലേക്ക് ഒറ്റഘട്ടമായായിരിക്കും ഇവിടെ തിരഞ്ഞെടുപ്പ് നടക്കുക. രണ്ട് സംസ്ഥാനത്തേയും വോട്ടെണ്ണല്‍ നവംബര്‍ 23നും നടക്കും.

വയനാട് പാര്‍ലമെന്‍റ് മണ്ധലത്തില്‍ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പാലക്കാട് നിയമസഭ മണ്ധലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസും സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം മാത്രമാണ് ഇനി വരാനുള്ളത്. എല്‍ ഡി എഫിന്‍റേയും ബി ജെ പിയുടേയും സ്ഥാനാര്‍ത്ഥികള്‍ ആരെന്ന് പ്രഖ്യാപിച്ചിട്ടില്ല.