ഇൻഫോസിസ് ഫൌണ്ടേഷൻ “ഫിനിഷിങ് സ്കൂൾ ഫോർ എംപ്ലോയബിലിറ്റിക്ക്” യു കെ എഫിൽ തുടക്കം

Kollam

കൊല്ലം : ഐസിടി അക്കാദമി ഇൻഫോസിസ് ഫൗണ്ടേഷനുമായി സഹകരിച്ച് ഇന്ത്യയിലുടനീളമുള്ള എഞ്ചിനീയറിംഗ്, ആർട്സ്, സയൻസ് അവസാന വർഷ വിദ്യാർത്ഥികൾക്കായി തെരെഞ്ഞെടുത്ത ക്യാമ്പസുകളിൽ നടത്തി വരുന്ന “ഫിനിഷിംഗ് സ്കൂൾ ഫോർ എംപ്ലോയബിലിറ്റി” പാരിപ്പള്ളി യു കെ എഫ് എൻജിനീയറിങ് കോളേജിൽ സംഘടിപ്പിച്ചു. തമിഴ്നാട് ഐസിടി അക്കാദമി കോർപ്പറേറ്റ് ഇനിഷ്യേറ്റീവ്സ് അസോസിയേറ്റ് വൈസ് പ്രസിഡന്റ് എൽ. സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. ഇ. ഗോപാലകൃഷ്ണ ശർമ അധ്യക്ഷത വഹിച്ചു. ഐടി, ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ, ഇൻഷുറൻസ് (ബി എഫ് എസ് ഐ), റീട്ടെയിൽ, ഇ-കൊമേഴ്‌സ്, ലോജിസ്റ്റിക്‌സ്, നോളജ് പ്രോസസ് ഔട്ട്‌സോഴ്‌സിംഗ് (കെ പി ഒ) എന്നീ മേഖലകളിൽ വിദ്യാർത്ഥികളെ പുതിയകാലത്തെ മത്സരാധിഷ്ഠിത തൊഴിൽ വിപണിയിൽ നിലനിർത്താൻ പ്രാപ്തരാക്കുന്ന തൊഴിൽ വൈദഗ്ധ്യം നേടുന്നതിന് വിദ്യാർത്ഥികളെ സഹായിക്കുകയാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.

ഓരോ സ്ഥാപനത്തിലും വനിതാ/യുവജന ശാക്തീകരണത്തിനായി ഒരു സെൻ്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കുക, അവസാന വർഷ വിദ്യാർത്ഥികൾക്ക് ആവശ്യാനുസരണം എംപ്ലോയബിലിറ്റി വൈദഗ്ധ്യം വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്‌ത കോഴ്‌സുകൾക്കായി പരിശീലനം നൽകുക എന്നിവ ഫിനിഷിംഗ് സ്കൂൾ ഫോർ എംപ്ലോയബിലിറ്റി പ്രോഗ്രാമിന്റെ മുഖ്യ ലക്ഷ്യങ്ങളാണ്. കൂടാതെ, ഐസിടി അക്കാദമിയുടെയും ഇൻഫോസിസ് ഫൗണ്ടേഷൻ്റെയും മൂല്യനിർണ്ണയവും സംയുക്ത സർട്ടിഫിക്കേഷനും ഇതിലൂടെ കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലെയ്‌സ്‌മെൻ്റുകൾ കൂടി ഉറപ്പു നൽകുന്നു. വിദ്യാർത്ഥികളിൽ തൊഴിൽ നൈപുണ്യം വളർത്തുന്നതിനും, പുതിയ കാലത്തിനനുഗുണമായ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, നാളത്തെ ഡിജിറ്റൽ ലാൻഡ്‌സ്‌കേപ്പ് രൂപപ്പെടുത്തുന്നതിന് വിദ്യാർത്ഥി സമൂഹത്തെ ശാക്തീകരിക്കുന്നതിനുമായി രൂപം കൊണ്ട ഈ കേന്ദ്രം കേരളത്തിലെ തിരഞ്ഞെടുത്ത ക്യാമ്പസുകളിൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് യു കെ എഫിൽ സംഘടിപ്പിച്ചത്.

യു കെ എഫ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ.വി. എന്‍ അനീഷ്, ഡീന്‍ അക്കാഡമിക് ഡോ. ജയരാജു മാധവന്‍, തമിഴ്നാട് ഐസിടി അക്കാദമി കോർപ്പറേറ്റ് ഇനിഷ്യേറ്റീവ്സ് മാനേജർ എൻ. സുമൻ, യു കെ എഫ് ഡീന്‍ സ്റ്റുഡന്‍റ് അഫയേഴ്സ് ഡോ. രശ്മി കൃഷ്ണപ്രസാദ്, യുകെഎഫ് പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, പിടിഎ പാട്രണ്‍ എ. സുന്ദരേശന്‍, അസിസ്റ്റന്റ് പ്രൊഫസർമാരായ നീതു സൂസൻ അലക്സ്, നിയാസ് സലിം എന്നിവർ സംസാരിച്ചു.