കോഴിക്കോട് : ബഹുസ്വരതയെ മലയാള പത്രപ്രവർത്തന രംഗത്ത് അടയാളപ്പെടുത്തിയ ആദ്യത്തെ വൃത്താന്ത പത്രം മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ അൽ- അമീനായിരുന്നുവെന്ന് പ്രഗത്ഭ സാമൂഹ്യ നിരൂപകൻ പ്രഫ. ഹമീദ് ചേന്ദമംഗലൂർ.
മുഹമ്മദ് അബ്ദു റഹിമാൻ സാഹിബ് മെമ്മോറിയൽ കമ്മിറ്റി അൽ- അമീൻ്റെ പഴയ കോപ്പികളടക്കം ഉൾക്കൊള്ളിച്ച് പുറത്തിറക്കിയ ലഘു ഗ്രന്ഥം പി.ആർ.ഡി ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖറിന് നല്കി പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു.
ഇന്ന് വൃത്താന്ത പത്രമേഖലയിൽ കാണുന്ന പലവിധ പുതുമകൾക്കും ഒരു നൂറ്റാണ്ട് മുൻപേ അബ്ദുറഹിമാൻ സാഹിബ് തുടക്കമിട്ടുവെന്നതാണ് അദ്ദേഹത്തെ മലയാള പത്ര പ്രവർത്തന ചരിത്രത്തിൽ കൂടി വേറിട്ട വ്യക്തിത്വമായി നിലനിർത്തുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ചടങ്ങിൽ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മെമ്മോറിയൽ കമ്മിറ്റി പ്രസിഡൻ്റ് ഡോ. എൻ.പി. ഹാഫിസ് മുഹമ്മദ് ആധ്യഷം വഹിച്ചു. ലഘുഗ്രന്ഥം തയ്യാറാക്കിയ പ്രൊഫ. വസിഷ്ഠ്, കെ.ടി ശേഖർ, പി.എം. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
മെമ്മോറിയൽ കമ്മിറ്റി സെക്രട്ടറി ടി.കെ.എ അസീസ് സ്വാഗതവും ജോ. സെക്രട്ടറി എ.വി. ഫർദീസ് നന്ദിയും പറഞ്ഞു.