കൊണ്ടോട്ടി; മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി ഒരു സ്മാരകം എന്ന നിലയില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്ന കാലത്തുതന്നെ നടത്തിപ്പോന്നിരുന്നതാണ് മാപ്പിളകലകളില്‍ പഠന കോഴ്‌സുകള്‍ സംഘടിപ്പിക്കല്‍. അക്കാദമിയുടെ പഠന കോഴ്‌സുകള്‍ കൂടുതല്‍ ചിട്ടയോടെയും വ്യാപകമാക്കിയും നടത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് എന്ന പേരില്‍ പഠന കോഴ്‌സുകളുടെ പ്രവര്‍ത്തനം പരിഷ്‌കരിച്ചത്.
അക്കാദമി കേന്ദ്രമായ കൊണ്ടോട്ടിയിലും ഉപകേന്ദ്രമായ നാദാപുരത്തും അഫിലിയേറ്റ് ചെയ്ത് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി വരുന്ന സ്വകാര്യ കലാ പഠന കേന്ദ്രങ്ങളിലൂടെ കേരളത്തിലാകെ നടത്താനുള്ള പദ്ധതി സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്‌സ് ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി 11-സ്ഥാപനങ്ങള്‍ മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലായി അക്കാദമിയില്‍ ഇതിനകം അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. പത്തനംതിട്ട മില്ലത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ആരംഭിക്കുന്ന പത്തനംതിട്ട സെന്ററിന്റെ ഉദ്ഘാടനം ഒക്‌ടോബര്‍ 28-ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അധ്യക്ഷത വഹിക്കും. ആന്റോ ആന്ററണി എം.പി. മുഖ്യാതിഥിയാകും. അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് നടക്കുന്ന പഠന ക്ലാസ്, കലാ അവതരണങ്ങള്‍ തുടങ്ങിയ അനുബന്ധ പരിപാടികളില്‍ പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ ഹുസൈന്‍, പത്തനം തിട്ട ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ ഐ.എ.എസ്. എന്നിവരും വിവിധ സാമൂഹിക സാംസ്‌കാരിക സ്ഥാപനങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും. വിപുലമായ പരിപാടികളോടെ എല്ലാ അഫിലിയേറ്റഡ് കേന്ദ്രങ്ങളുടെയും ഉദ്ഘാടനങ്ങള്‍ നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്.