എടക്കര (മലപ്പുറം) : ഇടത് പക്ഷ ബുദ്ധിജീവിയും ചിന്തകനുമായ മൈത്രേയൻ വിമർശിക്കുന്നതിന്ന് മുമ്പ് ഖുർആൻ പഠിക്കാൻ തെയ്യാറാവണമെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ഹുസൈൻ മടവൂർ പറഞ്ഞു.
എടക്കര ഗൈഡൻസ് അറബിക്കോളെജ് ഇരുപത്തിയെട്ടാം വാർഷിക സമ്മേളന പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുർആനിൽ മനുഷ്യോപകാര പ്രദമായ യാതൊന്നുമില്ലെന്ന മൈത്രേയൻ്റെ വിമർശനം ആശ്ചര്യകരമാണ്.
മുഴുവൻ മനുഷ്യർക്കും ഉപകാരപ്പെടുന്ന നൂറു കണക്കിന് വചനങ്ങൾ ഖുർആനിലുണ്ട്.
ലോക ഭാഷകളിൽ ഖുർആൻ വിവർത്തനങ്ങൾ ലഭ്യമാണ്. ഖുർആൻ പഠിക്കാതെ വിമർശിക്കാനൊരുങ്ങുക വഴി അദ്ദേഹം സ്വയം പരിഹാസിതനാവുകയാണ് ചെയ്തതെന്നും ഹുസൈൻ മടവൂർ കൂട്ടിച്ചേർത്തു. മനുഷ്യർക്ക് സ്വസ്ഥതയും സമാധാനവും സുരക്ഷിതത്വവും നൽകുന്നതാണ് ഖുർആനികദർശനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ഗൈഡൻസ് സ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവും എം.എസ് എം വിദ്യാർത്ഥി സമ്മേളനത്തിൻ്റെ പ്രഖ്യാപനവും അദ്ദേഹം നിർവ്വഹിച്ചു. ഐ.എസ്.എം സംസ്ഥാന പ്രസിഡൻ്റ് ശരീഫ് മേലേതിൽ, സി.മുഹമ്മദ് സലീം സുല്ലമി, അബൂബകർ മദനി മരുത, ഇ അഷറഫ്, ജലീൽ മാമാങ്കര, കെ.എം ഫൈസി, ഖാലിദ് സ്വലാഹി , നൗഷാദ് ഉപ്പട, ഇഖ്ബാൽ മാമാങ്കര എന്നിവർ പ്രസംഗിച്ചു