തുടർച്ചയായ മൂന്നാം വർഷവും സി എസ് ആർ മികവിനുള്ള മഹാത്മാ പുരസ്ക്കാരം നേടി യു എസ് ടി

Thiruvananthapuram
  • പൊതു, സ്വകാര്യ, വികസന മേഖലകളിലെ സാമൂഹിക സ്വാധീനത്തിനുള്ള ഇന്ത്യയിലെ അഭിമാനകരമായ അവാർഡുകളിലൊന്നാണ് മഹാത്മാ പുരസ്‌ക്കാരങ്ങൾ
  • യുഎസ്‌ടിയുടെ  സിഎസ്ആർ ഗ്ലോബൽ പ്രോഗ്രാം മാനേജർ സ്മിത ശർമ്മയെ യങ് ചേഞ്ച് മേക്കർ ആയി 

തിരുവനന്തപുരം: കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) സംരംഭങ്ങളിലൂടെ പൊതുസമൂഹത്തിൽ കാതലായ മാറ്റങ്ങളുണ്ടാക്കുന്നതിനായി നിരന്തരം പ്രവർത്തിക്കുന്ന പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി, തുടർച്ചയായ മൂന്നാം വർഷവും മഹാത്മാ അവാർഡ് ഫോർ സി എസ് ആർ എക്സലൻസ് പുരസ്‌ക്കാരത്തിന് അർഹമായി. ഇതോടൊപ്പം യു എസ് ടിയുടെ സി എസ് ആർ ഗ്ലോബൽ പ്രോഗ്രാം മാനേജരായ സ്മിത ശർമ്മയെ മഹാത്മാ അവാർഡ് 2024 യങ് ചേഞ്ച് മേക്കർ ആയും പ്രഖ്യാപിച്ചു. 

വൈദഗ്ധ്യം, കഴിവ്, വിഭവങ്ങൾ എന്നിവ പ്രയോജനപ്പെടുത്തി സമൂഹനന്മയ്ക്കായി സ്വാധീനം ചെലുത്തുന്ന  വ്യക്തികളെയും  സ്ഥാപനങ്ങളെയുമാണ് മഹാത്മാ പുരസ്‌ക്കാരങ്ങളിലൂടെ ആദരിക്കുന്നത്. രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ ആദിത്യ ബിർള ഗ്രൂപ്പ് സമ്മാനിക്കുന്ന ഈ പുരസ്‌ക്കാരങ്ങൾ നേടിയതിലൂടെ വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗം, പരിസ്ഥിതി, ദുരന്തനിവാരണം എന്നീ മേഖലകളിൽ യു എസ് ടിയുടെ സി എസ് ആർ പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്.

1999 ൽ സ്ഥാപിതമായതു മുതൽക്ക്, ജീവിത പരിവർത്തനത്തിലൂന്നിയുള്ള സംരംഭങ്ങളിൽ ഏർപ്പെട്ടു പ്രവർത്തിക്കുന്ന കമ്പനിയാണ് യു എസ് ടി. ഈ കാഴ്ചപ്പാടോടെ രാജ്യത്തെ ഒൻപത് സംസ്ഥാനങ്ങളിലായി ഒരു ലക്ഷത്തോളം പേർക്ക് പ്രയോജനകരമായ രീതിയിൽ 127 സംരംഭങ്ങൾക്ക് യു എസ് ടി ചുക്കാൻ പിടിക്കുന്നുണ്ട്. കാൽ നൂറ്റാണ്ടായി 245 വിദ്യാലയങ്ങളെ തങ്ങളുടെ അഡോപ്റ്റ് എ സ്‌കൂൾ പദ്ധതിയിൽ ഉൾപ്പെടുത്തി എല്ലാവർക്കും വിദ്യാഭ്യാസം എന്ന ആശയം നടപ്പാക്കി 64000 പേരുടെ ജീവിതങ്ങളിൽ പരിവർത്തനം സാധ്യമാക്കിയിട്ടുണ്ട്.  ഇതു കൂടാതെ, കമ്പനിയുടെ വെൽഫെയർ ഫൗണ്ടേഷനിലൂടെ അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ എന്നിവ ഉറപ്പാക്കി, വിട്ടുമാറാത്തതും മാരകവുമായ രോഗങ്ങൾ ബാധിച്ചവർക്ക് ജീവകാരുണ്യ സഹായങ്ങളും, അടിസ്ഥാന ചികിത്സാസൗകര്യങ്ങളും നൽകി വരുന്നു. ഭിന്നശേഷിക്കാരായ ജനങ്ങൾക്ക് വീൽ ചെയറുകൾ, മറ്റ് ഉപകരണങ്ങൾ, ഉപജീവനമാർഗ്ഗങ്ങൾ എന്നിവയും കമ്പനി ഉറപ്പാക്കുന്നുണ്ട്.  

ഇവയോടൊപ്പം തന്നെ, പ്രകൃതി സംരക്ഷണ മേഖലയിൽ അക്ഷീണം പ്രവർത്തിക്കുന്ന യു എസ് ടി, തൈ നടീൽ, ഔഷധ സസ്യ കൃഷി, വന-ജലാശയ സംരക്ഷണ പദ്ധതികൾ എന്നിവ മികച്ച രീതിയിൽ നടപ്പാക്കി വരുന്നു. പ്രകൃതിക്കും, തദ്ദേശീയ സമൂഹങ്ങൾക്കും പ്രയോജനകരമായ വിധത്തിൽ ശാസ്ത്രാധിഷ്ഠിത സങ്കേതങ്ങൾ ഉപയോഗിച്ചാണ് പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നത്. തെലങ്കാന, നോയിഡ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ വെള്ളപ്പൊക്കം, അടുത്തിടെയുണ്ടായ വയനാട് ഉരുൾ പൊട്ടൽ തുടങ്ങി പ്രകൃതിക്ഷോഭം മൂലം കഷ്ടതയനുഭവിക്കുന്ന പ്രദേശങ്ങളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുകയുണ്ടായി. ഐക്യ രാഷ്ട്ര സഭയുടെ സസ്‌റ്റൈനബിൾ ഡെവലപ്മെന്റ് ഗോൾസ് 2030ന്റെ ദേശീയ, ആഗോള ചട്ടക്കൂടുകളോട് ചേർന്ന് നിൽക്കുന്ന വിധത്തിലാണ് യു എസ് ടി യുടെ സി എസ് ആർ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. 

“സി എസ് ആർ മികവിനുള്ള മഹാത്മാ പുരസ്‌കാരം നേടാൻ കഴിഞ്ഞതിൽ കൃതാർത്ഥരാണ് ഞങ്ങൾ. കഴിഞ്ഞ 25 വർഷക്കാലമായിത്തുടരുന്ന യു എസ് ടിയുടെ സാമൂഹിക പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണ് തുടർച്ചയായി ലഭിക്കുന്ന ഈ പുരസ്‌കാരം. ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ യു എസ് ടിയെത്തേടി ഈ അവാർഡ് എത്തുന്നു എന്നത് സന്തോഷം നൽകുന്നു. ജീവിത പരിവർത്തനങ്ങളിലൂന്നിയുള്ള യു എസ് ടി യുടെ പ്രതിബദ്ധതയ്ക്കുള്ള  അംഗീകാരമാണ് ഈ അവാർഡ്. 2024 മഹാത്മാ അവാർഡിലെ യങ്  ചേഞ്ച് മേക്കറായി തിരഞ്ഞെടുക്കപ്പെട്ട സ്മിത ശർമ്മയെ ഞാൻ  അഭിനന്ദിക്കുന്നു. ജീവിത പരിവർത്തനത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്ന ഞങ്ങളുടെ സി എസ് ആർ വോളന്റീയർമാരുടെ അശ്രാന്ത പരിശ്രമങ്ങളും, ഞങ്ങളെ  നയിക്കുന്ന മൂല്യങ്ങളും കൊണ്ട് സമൂഹത്തിൽ മികച്ച പരിവർത്തനം സാധ്യമാക്കാൻ കഴിയുന്നു എന്നതിൽ അഭിമാനമുണ്ട്,” യു എസ് ടി ചീഫ് വാല്യൂസ് ഓഫീസർ സുനിൽ ബാലകൃഷ്ണൻ പറഞ്ഞു.    

“യു എസ് ടി തങ്ങളുടെ സി എസ് ആർ ബജറ്റ് ക്രമീകരിച്ച് സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കാനുള്ള പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കുന്നുണ്ട്. സാമൂഹിക ആവശ്യങ്ങൾ മുൻ നിറുത്തിയുള്ള പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിൽ യു എസ് ടി കൈക്കൊള്ളുന്ന സി എസ് ആർ പ്രതിബദ്ധത വ്യക്തമാണ്,” മഹാത്മാ ഫൗണ്ടേഷൻ ചെയർമാൻ അമിത് സച്‌ദേവ പറഞ്ഞു.  

“എനിക്കു ലഭിച്ച അംഗീകാരം കൂടുതൽ മികവോടെ ഈ മേഖലയിൽ ഇനിയും മുന്നോട്ട് പോകാൻ പ്രചോദനം നൽകുന്നു. എനിക്ക് നൽകുന്ന അചഞ്ചലമായ പിന്തുണയ്ക്ക് യു എസ് ടിയോട് ഞാൻ കടപ്പെട്ടിരിക്കുന്നു,” യു എസ് ടി യുടെ സി എസ് ആർ ഗ്ലോബൽ പ്രോഗ്രാം മാനേജർ സ്മിത ശർമ്മ പറഞ്ഞു.  

സമൂഹ നന്മയ്ക്കായുള്ള സുസ്ഥിര പ്രവർത്തനങ്ങൾ നടപ്പാക്കുന്ന കമ്പനികളിൽ മുൻപന്തിയിലാണ് തങ്ങളെന്ന് യു എസ് ടി ഇതിനകം തെളിയിച്ചിട്ടുണ്ട്. കഴിഞ്ഞ കുറെ വർഷങ്ങളായി യു എസ് ടി യെ തേടി വന്നിട്ടുള്ള പുരസ്കാരങ്ങൾ നിരവധിയാണ്.  നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണൽ മാനേജ്‌മെന്റ്റ് കേരള ഘടകം 2024ൽ നൽകിയ എൻ ഐ പി എം കേരള സി എസ് ആർ അവാർഡ് 2022-23; കേരള മാനേജ്‌മെന്റ് അസോസിയേഷൻ നൽകിയ 2024ലെ സി എസ് ആർ അവാർഡ് ഫോർ എഡ്യൂക്കേഷൻ; ഇന്ത്യൻ സോഷ്യൽ ഇമ്പാക്ക്റ്റ് അവാർഡ്‌സ് – ബെസ്റ്റ് വിമൻസ് ലൈവ്ലിഹുഡ് ഇനിഷിയെറ്റിവ് ആൻഡ് ബെസ്റ്റ് എൻവയൺമെൻറ്റ് ഫ്രണ്ട്‌ലി ഇനിഷിയെറ്റിവ് ഫോർ 2024; 2023 ൽ ലഭിച്ച ബിസിനസ് കൾച്ചർ അവാർഡ്സ് ഫോർ സി എസ്  ആർ, തുടങ്ങിയവ അവയിൽ ചിലതാണ്. ഇവ കൂടാതെ, യു എസ് ടി ജീവനക്കാരായ സ്മിത ശർമ്മ, പ്രശാന്ത് സുബ്രമണ്യൻ എന്നിവരെ അവരുടെ വ്യക്തിഗത സംഭാവനകൾ കണക്കിലെടുത്ത് 2023, 2024 വർഷങ്ങളിൽ ചേഞ്ച്മേക്കേഴ്‌സ് ആയി വിവിധ സംഘടനകൾ അംഗീകരിച്ചിട്ടുണ്ട്.