കോഴിക്കോട്: വിനോദസഞ്ചാര പ്രവർത്തനങ്ങളെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തിൻ്റെ ടൂറിസം വികസനത്തിൽ വിദ്യാർത്ഥികളുടെ ശക്തിയും സാധ്യതകളും ഉൾപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച കേരള ടൂറിസം ക്ലബിന്റെ ആഭിമുഖ്യത്തിൽ കേരളപ്പിറവി ദിനത്തിൽ വിനോദസഞ്ചാര കേന്ദ്രത്തിൽ മാസ്സ് ക്ലീൻഅപ്പ് ഡ്രൈവ് സംഘടിപ്പിച്ചു.
‘എന്റെ കേരളം സുന്ദര കേരളം’ പദ്ധതിയുടെ ഭാഗമായി കേരള പിറവി ദിനത്തിൽ എല്ലാ ജില്ലകളിലും വിനോദ സഞ്ചാര വകുപ്പ്, ടൂറിസം ക്ലബിന്റെ സഹകരണത്തോടെ പ്രമുഖമായ ഒരു വിനോദസഞ്ചാര കേന്ദ്രം ശുചിയാക്കുന്നതിന്റെ ഭാഗമായാണിത്.
കോഴിക്കോട് ജില്ലയിൽ ബേപ്പൂർ ബീച്ചിൽ നടന്ന സംസ്ഥാനതല ഉദ്ഘാടനം കെടിഐഎൽ ചെയർമാനും ടൂറിസം ക്ലബ്ബ് സംസ്ഥാന കൺവീനറുമായ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. ടൂറിസം ക്ലബ്ബ് ജില്ലാ കോഡിനേറ്റർ സോനുരാജ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡിടിപിസി സെക്രട്ടറി ടി നിഖിൽ ദാസ് സംസാരിച്ചു. ക്ലീനപ്പ് ഡ്രൈവിൽ മീഞ്ചന്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ്, ബേപ്പൂർ ഐടിഐ , എസ് എൻ ഇ എസ് കോളേജ്, ജെഡിടി ഇസ്ലാം ആർട്സ് കോളേജ്, മോറസ് ആർട്സ് കോളേജ് എന്നീ കോളേജുകളിലെ ടൂറിസം ക്ലബ് അംഗങ്ങൾ പങ്കാളികളായി. പരിപാടിയുടെ ഭാഗമായ മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് വിതരണം നടത്തി.