കോഴിക്കോട് : ഈസ്റ്റ്ഹിൽ കൃഷ്ണമേനോൻ മ്യൂസിയം തിയേറ്ററിൽ നവംബർ 8,9,10
തീയതികളിൽ നടക്കുന്ന ന്യൂവേവ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ ലോകസിനിമകൾ, ഇന്ത്യൻ സിനിമകൾ, മലയാള സിനിമകൾ, കുറേറ്റഡ് പാക്കേജുകളിലായി 150 ൽ അധികം സിനിമകൾ പ്രദർശിപ്പിക്കും.
അജിത് കുമാർ സംവിധാനം ചെയ്‌ത, കേരളത്തിലെ ജലപാതകളുടെ ചരിത്രവും വർത്തമാനവും ഭാവിയും വിവരിക്കുന്ന ജലമുദ്രയാണ് ഉദ്ഘാടന ചിത്രം. സജീദ് നടുത്തൊടി സംവിധാനം ചെയ്‌ത ‘റെയ്സ്ഡ് ഓൺ റിഥംസ്’ ആണ് സമാപന ചിത്രം. സംഗീതം ഭിന്നശേഷിക്കാരിൽ ചെലുത്തുന്ന സ്വാധീനം പ്രമേയമാക്കുന്ന ഈ ഡോക്യൂമെന്ററി ഡൽഹിയിലെ സി ഇ സി സൗത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങൾക്ക് വേണ്ടി സംഘടിപ്പിച്ച 16 -മത് പ്രകൃതി ഇന്റർനാഷണൽ ഡോക്യൂമെന്ററി ഫെസ്റ്റിവലിൽ ഹ്യൂമൻ റൈറ്സ് വിഭാഗത്തിൽ മികച്ച ഡോക്യൂമെന്ററിക്കുള്ള അവാർഡും
എൻ സി ആർ റ്റി ദേശിയ പുരസ്ക്കാരവും കരസ്ഥമാക്കിരുന്നു.
മൈക്രോ സിനിമകൾ ആണ് ഇത്തവണത്തെ ഫെസ്റ്റിവലിന്റെ ഫോക്കസ്. 25000 രൂപയുടെ കാഷ് അവാർഡ് ഉള്ള ഇന്ത്യൻ മത്സര വിഭാഗമാണ് മറ്റൊരു പ്രത്യേകത. കെ.വി. വിൻസെന്റിന്റെ ഹൈക്കു സിനിമകൾ, ആർ.പി. അമുദൻ കുറേറ്റ് ചെയ്യുന്ന ഫിലിംസ് ഓൺ ഡിസയർ, ഡയറക്ടർ ഫോക്കസ് വിഭാഗത്തിൽ ആകർഷ് കരുണാകരന്റെ ചെറുസിനിമകൾ, ഇൻസൈറ്റ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ഫാഫ് ഫെസ്റ്റിവലിലെ സമ്മാനാർഹമായ ചിത്രങ്ങൾ എന്നിവയും ഉണ്ടാകും. ലോക സിനിമാ വിഭാഗത്തിൽ 21 സിനിമകളും ഇന്ത്യൻ ഫോക്കസ് വിഭാഗത്തിൽ 28 സിനിമകളും ഇന്ത്യൻ മത്സര വിഭാഗത്തിൽ 18 സിനിമകളും പ്രദർശിപ്പിക്കും.
എട്ട് വയസ്സുകാരൻ മ്യൂസിക് ജിയോ സംവിധാനം ചെയ്‌ത മ്യൂസിക് വിത്ത് എ മൂവി കാമറ, 15 വയസ്സുകാരി നിവേദിത ഇതൾ സംവിധാനം ചെയ്‌ത റെംനിസെൻസ്, ലോൺലിനെസ് എന്നീ സിനിമകളും ഫെസ്റ്റിവലിന്റെ ആകർഷണങ്ങളാണ്. ഇറാനിയൻ സംവിധായിക നാഹിദ് ബോദഗി യുടെ ‘ഐ ടോക്ക് റ്റു മൈ ഫാദർ’ ഉൾപ്പെടെ നിരവധി സിനിമകളുടെ വേൾഡ് പ്രീമിയറിന് (ലോകത്തിലെ ആദ്യ പ്രദർശനത്തിന്) ഫെസ്റ്റിവൽ വേദിയാകും. സംവിധായകരായ രാംദാസ് കടവല്ലൂർ, അർജുൻ, കവിയും സിനിമാ നിരൂപകയുമായ റോഷ്നി സ്വപ്ന എന്നിവർ അംഗങ്ങളായ ജൂറിയാണ് മത്സര വിഭാഗം സിനിമകൾ വിലയിരുത്തുന്നത്.
ഡെലിഗേറ്റ് ഫീ 300 രൂപ. വിദ്യാർത്ഥികൾക്ക് 200. സ്പോട്ട് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്. സമയം രാവിലെ ഒമ്പത് മണി മുതൽ രാത്രി 10 വരെ.