സുല്‍ത്താന്‍ ബത്തേരി: വയനാട് പാർലമെൻ്റ് മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളെയും മുന്നണികളെയും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങളോട് പുശ്ച്ഛം മാത്രമുള്ള നിക്ഷിപ്ത താത്പര്യക്കാരുടെ മാഫിയാ സംഘങ്ങൾ ഹൈജാക്ക് ചെയ്ത് തെരഞ്ഞെടുപ്പ് അജണ്ടകൾ നിശ്ചയിച്ചു കൊണ്ടിരിക്കുകയാണെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. എല്ലാരാഷ്ട്രീയ പാർട്ടികളേയും നിയന്ത്രിക്കുന്ന രാഷ്ട്രീയ മാനേജർമാരാണ് ഇതിൻ്റെ ദല്ലാൾമാരെന്നും സമിതി ആരോപിച്ചു.
വയനാടിൻ്റെ നിലനില്പിൻ്റെ ആണിക്കല്ലും സമ്പദ്ഘടനയുടെ നട്ടെല്ലുമായ കാർഷികരുടെ നീറുന്ന പ്രശ്നങ്ങളും ആദിമനിവാസികളുടെ ശോചനീയാവസ്ഥയും തോട്ടം തൊഴിലാളികൾ അടക്കമുള്ള ഭൂരഹിതരുടെ ഭൂപ്രശ്നങ്ങളും തകർന്നു തരിപ്പണമായ വയനാടൻ പരിസ്ഥിയുടെ പുനരുജ്ജീവനവും ഒരു സ്ഥാനാർഥിയുടെ വിദൂരപരിഗണനയിൽ പോലും ഇല്ലാത്തത് കേവലം യാദൃശ്ചികമല്ല. വയനാടിനെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്ന മനുഷ്യ വന്യജീവി സംഘർഷം പോലും ചടങ്ങിന് മാത്രം വല്ലപ്പോഴും ഉരവിടുന്ന വായ്ത്താരികൾ മാത്രമായിരിക്കുന്നു.
കഴിഞ്ഞ 15 വർഷമായി തുടരുന്നതും വയനാട്ടിലെ ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞതുമായ രാത്രിയാത്ര നിരോധനവും ബദൽ റോഡും ഒരിക്കലും യാഥാർഥ്യമാകാൻ തരമില്ലാത്ത മറ്റേനകം മണ്ടൻ പദ്ധതികളും ഉന്നയിച്ച് ജനങ്ങളെ കമ്പളിപ്പിക്കാനുള്ള പ്രചരണ കോലാഹലമാണ് ഇത്തവണയും നടന്നുകൊണ്ടിരിക്കുന്നത്. വയനാടിൻ്റെ സാമൂഹ്യ ഘടനയെയും പ്രകൃതിയെയും ഗുതരമായി ബാധിച്ചു കൊണ്ടിരിക്കുന്ന അനിയന്ത്രി ടൂറിസത്തെ നിയന്ത്രിക്കുന്നതിനെക്കുറിച്ച ചർച്ചയിൽ നിന്നും എല്ലാവരും ഒളിച്ചോടുകയാണ്. ചിലർ അതിൻ്റെ ബ്രാൻ്റ് അമ്പാസിഡർമാരായും അവതരിക്കുന്നു.വയനാടിൻ്റെ പ്രകൃതിസമ്പത്ത് യഥേഷ്ടം കൊള്ള ചെയ്ത് നാടിനെ നരകതുല്യമാക്കാൻ കച്ചകെട്ടിയിറങ്ങിയ ഗൂഢ സംഘങ്ങളുടെ സംഘടിത പ്രചരണങ്ങളിൽ രാഷ്ട്രീയ മുന്നണികളും സ്ഥാനാർഥികളും പെട്ടു പോകുന്നത് ജനാധിപത്യത്തിൻ്റെ അപചയവും നാടിൻ്റെ ദുര്യോഗമാണെന്ന് സമിതി പ്രസിഡന്‍റ് എന്‍ ബാദുഷ, സെക്രട്ടറി തോമസ്സ് അമ്പലവയല്‍, ട്രഷറര്‍ ബാബു മൈലമ്പാടി എന്നിവര്‍ പറഞ്ഞു.