ലൈബ്രറി കൗൺസിൽ ചേവായൂർ മേഖല വായന മത്സരം സംഘടിപ്പിച്ചു

Kozhikode

കോഴിക്കോട് : ജില്ലാ ലൈബ്രറി കൗൺസിൽ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് താലൂക്ക് തലത്തിലേക്കുള്ള വായന മത്സരവിജയികളെ കണ്ടെത്താൻ ചേവായൂർ മേഖല സമിതി പാറോപ്പടി ചോലപ്പുറത്ത് എ യു പി സ്കൂളിൽ നടത്തിയ വായന മത്സരം കാലടി ശ്രീശങ്കര സംസ്കൃത സർവ്വകലാശാല മുൻ വിസിയും സംസ്ഥാന ഉന്നത വിദ്യാഭ്യാസ ഉപദേശക സമിതി ചെയർമാനുമായ ഡോ. ജെ.പ്രസാദ് ഉദ്ഘാടനം ചെയ്തു.

വായന മരിക്കുന്നില്ല എന്നതിൻ്റെ ഏറ്റവും വലിയ ഉദാഹരണമാണ് കോഴിക്കോട്ടെ കെ എൽ എഫി ലും ഹോർത്തൂസിലും ക ഉത്സവം മുതൽ പ്രാദേശികമായി നടക്കുന്ന നിരവധി കാർണിവലുകളിലും വിറ്റു പോകുന്ന പുസ്തകങ്ങൾ. പുതുതലമുറയിൽ വായനയുടെ അഭിരുചിയിൽ മാറ്റം വന്നിട്ടുണ്ടെങ്കിലും യുവാക്കൾ ഉൾപ്പടെ പുസ്തകങ്ങൾ വാങ്ങാൻ തിരക്കുകൂട്ടുകയാണ്. പ്രീബുക്കിംഗ്, കോംബോ എന്നിങ്ങനെ വായനക്കാരെ ആകർഷിക്കുന്ന നിരവധി വില്പന തന്ത്രങ്ങളും വിജയിക്കുന്നത് വായന മരിക്കുന്നില്ല എന്നതിന് ഉദാഹരണമായി ഉദ്ഘാടകൻ ചൂണ്ടിക്കാട്ടി.

എഴുത്തുകാരനും ദർശനം സാംസ്കാരിക വേദി സെക്രട്ടറിയുമായ ടി.കെ. സുനിൽകുമാർ അധ്യക്ഷനായി. വായന മത്സരസംഘാടകരായ പാറോപ്പടി സി. സി. സ്മാരക ലൈബ്രറി സെക്രട്ടറിയും താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറിയുമായ എം. ടി. ശിവരാജൻ സ്വാഗതവും അഡ്വ. ലിസി ശ്രീകുമാർ നന്ദിയും പറഞ്ഞു. യു.പി , വനിത സീനിയർ , വനിത ജൂനിയർ എന്നീ വിഭാഗങ്ങളിലെ മത്സരത്തിൻ്റെ വിധികർത്താക്കൾ യഥാക്രമം കോഴിക്കോട് ഗവ. ട്രയിനിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. പി. അരുൺകുമാർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മുൻ ജോയിൻ്റ് രജിസ്ട്രാർ കെ. പി. ശശികുമാർ, അഡ്വ. എം. കെ. അയ്യപ്പൻ എന്നിവർ വിജയികളെ പ്രഖ്യാപിച്ചു.

മേഖലയിലെ 13 ഗ്രന്ഥശാലകളിൽ നിന്ന് 23 മത്സരാർത്ഥികളും 30 പ്രതിനിധികളും സംബന്ധിച്ചു. യുപി വിഭാഗം മത്സരത്തിൽ ദേശോദ്ധാരണി വായനശാലയിലെ ശ്രീബാല , കശ്യപ് ,ദേവനന്ദ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. വനിത ജൂനിയർ വിഭാഗത്തിൽ ചെലവൂർ വിജ്ഞാന പോഷിണി ലൈബ്രറിയിലെ പി.കെ.ജ്യോതികയും വനിത സീനിയർ വിഭാഗത്തിൽ യുവജന ചേവരമ്പലം വായനശാലയിലെ സി.സി. ഷൈനിയും, സി.സി. സ്മാരക ലൈബ്രറിയിലെ സഫീന ബഷീറും ചേവരമ്പലം യുവജന ലൈബ്രറിയിലെ എം.കെ.സൂര്യയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

ചെലവൂർ വിജ്ഞാന പോഷിണി ലൈബ്രറിയിലെ അഷ്റഫ് അരീക്കൽ, പി.പി. നിഷാർ, സി. സി. സ്മാരക ലൈബ്രറി പ്രസിഡൻ്റ് അഡ്വ. എം. ജയദീപ് , ദർശനം ഗ്രന്ഥശാല ബാലവേദിമെൻ്ററും ജോയിൻ്റ് സെക്രട്ടറിയുമായ പി. ജസീലുദീൻ, ദർശനം ശാസ്ത്ര വേദി കൺവീനർ എൻ. ഡി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, ദർശനം രക്ഷാധികാരി എം. എ. ജോൺസൺ,പോനയിൽ യുവജന വായനശാല പ്രസിഡൻ്റ് കരിയാമ്പറ്റ സുരേഷ് കുമാർ, മൂഴിക്കൽ ജ്ഞാനോദയം വായനശാലയിലെ ശിവപ്രസാദ് എന്നിവർ നേതൃത്വം നൽകി. കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി സ്പോൺസർ ചെയ്ത മെമെൻ്റോകളും പുസ്തകങ്ങളും അടങ്ങിയ ഉപഹാരങ്ങൾ ഡോ. ജെ പ്രസാദ് വിജയികൾക്ക് സമ്മാനിച്ചു.