ജിദ്ദ: ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെൻ്റർ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ജെ.എൻ.എച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ വി.പി.അലി മുഹമ്മദലിക്ക് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ സ്വീകരണം നൽകി. ജിദ്ദ ചേംബർ ഓഫ് കൊമേഴ്സ് ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ സെൻ്റർ വിഭാഗത്തിലേക്ക് ആദ്യമായാണ് ഒരു ഇന്ത്യക്കാരന് അവസരം ലഭിക്കുന്നത്.
അദ്ദേഹത്തിന്റെ ഈ നേട്ടം ഇന്ത്യക്കാർക്ക് വിശിഷ്യാ മലയാളികൾക്ക് അഭിമാനിക്കാവുന്നതാണെന്ന് യോഗത്തിൽ ആമുഖ ഭാഷണം നിർവഹിച്ച ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ട്രഷറർ സലാഹ് കാരാടൻ പറഞ്ഞു. അൽ ഹുദാ മദ്രസയിലെ പൂർവ്വ വിദ്യാർഥിയും ഇസ്‌ലാഹി സെന്ററിന്റെ സഹകാരിയുമായ അലി മുഹമ്മദലിയുടെ ഈ നേട്ടം ഇസ്‌ലാഹി സെന്ററിനും അൽഹുദാ മദ്രസക്കും അഭിമാനകരമായ നിമിഷമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡണ്ട് അബ്ദുൽ ഗഫൂർ വളപ്പൻ പറഞ്ഞു. അഭിമാനകരമായ നേട്ടം കൈവരിച്ച അലി മുഹമ്മദലിക്ക് തന്റെ ദൗത്യ നിർവ്വഹണത്തിൽ ശോഭിക്കാൻ സാധിക്കട്ടേയെന്ന് ആശംസകൾ അർപ്പിച്ചു സംസാരിച്ച സെന്റർ ജനറൽ സെക്രട്ടറി ഷക്കീൽ ബാബു പറഞ്ഞു.
തനിക്ക് ലഭിച്ച ഈ നേട്ടം വ്യക്തിപരമായ നേട്ടമായി കാണുന്നില്ലെന്നും ഇത് ഇന്ത്യൻ സമൂഹത്തിനും അവരുടെ ആതുര സേവന രംഗത്തെ സംഭാവനകൾക്കും ലഭിച്ച അംഗീകാരമായാണ് കണക്കാക്കുന്നതെന്നും സ്വീകരണ യോഗത്തിന് മറുപടി പറഞ്ഞ അലി മുഹമ്മദലി പറഞ്ഞു. ഷറഫുദ്ദീൻ മേപ്പാടി സമാപന ഭാഷണം നിർവ്വഹിച്ചു.