മുൻ മന്ത്രി എം ടി പത്മ അന്തരിച്ചു

Kozhikode

കോഴിക്കോട്: മുൻ മന്ത്രിയും കോൺഗ്രസ് നേതാവും കോഴിക്കോട് കോർപറേഷൻ പ്രതിപക്ഷ നേതാവുമായിരുന്ന എം.ടി. പത്മ (81) അന്തരിച്ചു. മുംബൈയിലുള്ള മകളുടെ വസതിയിലായിരുന്നു അന്ത്യം.

ഭർത്താവ്: പരേതനായ രാധാകൃഷ്ൻ. മക്കൾ: അർജുൻ (യു.എസ്), ബിന്ദു (മുംബൈ). സംസ്ക്കാരം നാളെ (ബുധൻ) കോഴിക്കോട്ട്.

1982 ല്‍ നാദാപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. 1987ലും 1991ലും കൊയിലാണ്ടിയില്‍നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ. കരുണാകരന്റെയും എ.കെ. ആന്റണിയുടെയും മന്ത്രിസഭയില്‍ ഫിഷറീസ് ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു. 1999ല്‍ പാലക്കാട് ലോക്‌സഭയിലും 2024ല്‍ വടകര ലോക്‌സഭയിലും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി. കോഴിക്കോട് കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവായിരുന്നു.

കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ഡിസിസി ട്രഷറര്‍, കെപിസിസി എക്‌സിക്യുട്ടീവ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മൃതദേഹം നാളെ (13-11-2024) ഉച്ചക്ക് 2.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും.

അവിടെവെച്ച് എം.കെ. രാഘവന്‍ എംപിയുടെയും ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാറിന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മൃതദേഹം ഏറ്റുവാങ്ങും. 3.30ന് വെസ്റ്റ്ഹിലിലുള്ള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും. 14ന് രാവിലെ 11 മണിക്ക് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ സംസ്‌കരിക്കും. പത്മേടത്തിയോടുള്ള ആദരസൂചകമായി ജില്ലയിലെ പാര്‍ട്ടിയുടെ എല്ലാ പരിപാടികളും ശവസംസ്‌കാരചടങ്ങുവരെ മാറ്റിവെച്ചതായി ഡിസിസി പ്രസിഡന്റ് അറിയിച്ചു