അന്താരാഷ്ട്ര കരിക്കുലം ചർച്ചക്കായി ഡോ. ഹുസൈൻ മടവൂർ സൗദിയിലേക്ക്

Kozhikode

മദീന: ആഗോള തലത്തിൽ അറബി ഭാഷാദ്ധ്യാപനം മെച്ചപ്പെടുത്തുന്നതിന്നുള്ള നൂതന കരിക്കുലം ചർച്ചയിൽ പങ്കെടുക്കാനായി പ്രമുഖ അറബി ഭാഷാപണ്ഡിതൻ ഡോ. ഹുസൈൻ മടവൂർ നാളെ സൗദിയിലേക്ക് പുറപ്പെടും. അറബി ഭാഷയുടെ പുതിയ സാദ്ധ്യതകൾ മനസ്സിലാക്കി അനറബി രാഷ്ട്രങ്ങളിലെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകിവരുന്ന മദീനയിലെ അറബി ഭാഷാ അക്കാദമിയാണ് ആതിഥേയർ. ഏഷ്യൻ ആഫ്രിക്കൻ ഭൂഖണ്ഡങ്ങളിലുള്ള ഇരുപത്തിരണ്ട് രാഷ്ട്രങ്ങളിലെ ഒന്നാം ഭാഷയാണ് അറബി. ഈ രാഷ്ട്രങ്ങളുടെ ആഗോള കൂട്ടായ്മയാണ് അറബ് ലീഗ് എന്നറിയപ്പെടുന്ന League of Arab Nations. കൂടാതെ അറബിഭാഷ രണ്ടാം ഭാഷയായുള്ള പത്തോളം രാഷ്ട്രങ്ങൾ വേറെയുമുണ്ട്.

അവിടങ്ങളിലുള്ള നാൽപത്തിയഞ്ച് കോടിയിലധികം ആളുകളുടെ മാതൃഭാഷയും വിനിമയ ഭാഷയുമാണ് അറബി. ഐക്യരാഷ്ട്ര സഭയിൽ അംഗീകാരമുള്ള ആറ് ലോക ഭാഷകളിൽ ഒന്നാണ് അറബി. ഗൾഫ് രാജ്യങ്ങളിൽ വർദ്ധിച്ച് വരുന്ന തൊഴിൽ മേഖലകളിൽ അറബി ഭാഷ കൈകാര്യം ചെയ്യാനറിയുന്നവർക്ക് ധാരാളം തൊഴിലവസരങ്ങളുണ്ട്.

സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ മേഖലകളിൽ തൊഴിൽ ലഭിക്കാൻ ആധുനിക സാങ്കേതിക വിദ്യയുപയോഗിച്ചുള്ള അധ്യാപനവും പഠനവുമാണ് ഇനി വേണ്ടത്. അമേരിക്ക, ബ്രിട്ടൺ , ജപ്പാൻ, കൊറിയ, ചൈന തുടങ്ങിയ രാജ്യങ്ങളിലും അറബ് രാജ്യങ്ങളുമായുള്ള വാണിജ്യ വ്യവസായ ആവശ്യങ്ങൾ പരിഗണിച്ച് നിരവധി അറബി ഭാഷാ പരിശീലന സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്. സൗദിയിലെ കിംഗ് സൽമാൻ ഗ്ലോബൽ അക്കാദമി ഫോർ അറബിക് ലാംഗ്വേജ് ലോക രാജ്യങ്ങളിൽ അറബി ഭാഷാ പരിശീലന പരിപാടികൾ നടത്തി വരുന്നുണ്ട്. പ്രസ്തുത അക്കാദമി ഇന്ത്യയിൽ സംഘടിപ്പിച്ച അറബി ഭാഷാദ്ധ്യാപന പരിശീലന പരിപാടിയിൽ ഹുസൈൻ മടവൂർ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.

ഫറൂഖ് റൗസത്തുൽ ഉലൂം അറബിക്കോളെജ് പ്രിൻസിപ്പാൾ ആയിരുന്ന ഹുസൈൻ മടവൂർ കൊല്ലം ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സി അറബിക് പി.ജി. അക്കാദമിക് കമ്മിറ്റി ചെയർമാനാണ്. മക്കയിലെ ഉമ്മുൽഖുറാ യൂണിവേഴ്സിറ്റി, അലിഗർ മുസ്‌ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ നിന്നും ബിരുദ ബിരുദാനന്തര ബിരുദങ്ങൾ നേടിയ ഹുസൈൻ മടവൂർ കോഴിക്കോട് സർവ്വകലാശാലയിൽ നിന്ന് അറബി ഭാഷയിൽ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.

ഇപ്പോൾ ഉത്തരേന്ത്യയിൽ വിദ്യാഭ്യാസ പ്രവർത്തങ്ങൾ നടത്തുന്ന ഡൽഹിയിലെ ഹ്യുമൻ റിസോഴ്സ് ഫൗണ്ടേഷൻ (എഛ് ആർ ഡി എഫ് ) ചെയർമാൻ ആയി പ്രവർത്തിക്കുന്നു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലും അമേരിക്ക, ബ്രിട്ടൺ , മലേഷ്യ, ഇന്തോനേഷ്യ, ഈജിപ്ത്, ജോർദാൻ, ഗൾഫ് രാജ്യങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ യൂണിവേഴ്സിറ്റികൾ സന്ദർശിക്കുകയും അറബിഭാഷയിൽ പ്രഭാഷണങ്ങൾ നടത്തുകയും പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഡൽഹി യൂണിവേഴ്സിറ്റി, ജവഹർലാൽ നെഹ്രു യൂണിവേഴ്സിറ്റി, അലിഗർ മുസ്ലിം യൂണിവേഴ്സിറ്റി, ജാമിഅ മില്ലിയ്യ തുടങ്ങിയ കേന്ദ്രസർവ്വകലാശാലകളിൽ നടക്കുന്ന യു.ജി.സി അദ്ധ്യാപകപരിശീലപരിപാടികളിൽ അറബി ഭാഷാ പരിശീലകനായി പങ്കെടുക്കാറുണ്ട്.

സൗദിയിലെ വിവിധ സർവ്വകലാശാലകളും അക്കാദമികളും അനറബി വിദ്യാർത്ഥികൾക്കായി അറബി ഭാഷാദ്ധ്യാപന കേന്ദ്രങ്ങൾ നടത്തിവരുന്നുണ്ട്.
ഓൺലൈൻ ആയി അറബി ഭാഷ പഠിക്കാനുള്ള സംവിധാനങ്ങളും അവിടെയുണ്ട്. അറബിഭാഷാ അക്കാദമികൾ തമ്മിൽ ബോധനരീതികൾ കൈമാനുള്ള സാങ്കേതിക വിദ്യകൾ വികസിപ്പിച്ച് വരുന്നുണ്ട്.

ആധുനിക സാങ്കേതിക സംവിധാനങ്ങളും നിർമ്മിത ബുദ്ധിയുപയോഗിച്ചുള്ള ഭാഷാദ്ധ്യാപക പരിശീലനവും വിദേശ വിദ്യാത്ഥികൾക്ക് ഏറെ ഉപകാരപ്പെടുന്നതായിരിക്കും. ഈ മാസം ആദ്യത്തിൽ ദുബൈയിൽ നടന്ന അന്താരാഷ്ട്ര അറബി ഭാഷാ സമ്മേളനത്തിലും ഡോ.ഹുസൈൻ മടവൂർ പങ്കെടുത്തിരുന്നു. നാല് ദിവസത്തെ സന്ദർശനത്തിന്നായി തിങ്കളാഴ്ച മദീനയിലെത്തുന്ന ഡോ. ഹുസൈൻ മടവൂർ മക്കാ സന്ദർശനം കഴിഞ്ഞ് വെള്ളിയാഴ്ച തിരിച്ചെത്തും.