കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 2 പേർ മരിച്ചു: 9 പേർക്ക് പരിക്ക്

Kannur

കണ്ണൂർ: നാടകസംഘം സഞ്ചരിച്ച മിനി ബസ് മറിഞ്ഞ് രണ്ടുപേർ മരിച്ചു. കേളകം മലയാംപടിയില്‍ വെച്ച് നാടക സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെടുകയായിരുന്നു. പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം. കായംകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശി ജെസ്സി മോഹൻ എന്നിവരാണ് മരിച്ചത്.

നാടകം കഴിഞ്ഞ് കടന്നപ്പള്ളിയില്‍ നിന്നും ബത്തേരിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. 14 പേരാണ് ദേവ കമ്യൂണിക്കേഷന്‍ എന്ന നാടക സംഘത്തിന്റെ മിനി ബസിലുണ്ടായിരുന്നു. 9 പേർക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരുടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വയനാട്ടിലേക്ക് പോകുന്ന നെടുംപൊയില്‍ ചുരം വഴിയുള്ള ഗതാഗതം അടഞ്ഞ് കിടക്കുന്നതിനാലാണ് സംഘം മലയാംപടി എസ് വളവ് വഴി കേളകത്തേക്ക് പോകാന്‍ തീരുമാനിച്ചത്. കുത്തനേയുള്ള കയറ്റങ്ങളുള്ള ചെറിയ പാതയാണിത്. സ്ഥിരം ഡ്രൈവർമാർ അല്ലാത്തവർക്ക് ഇത് വഴി വലിയ വാഹനങ്ങളുമായി സഞ്ചരിക്കല്‍ പ്രയാസകരമാണ്.കുത്തനേയുള്ള കയറ്റം കയറുമ്പോഴാണ് അപകടമുണ്ടാകുന്നത്. പുലർച്ചെയാണ് അപകടമെന്നതിനാല്‍ വിവരം പുറത്ത് അറിയാനും രക്ഷാപ്രവർത്തകർ എത്താനും വൈകി. ഇതാണ് അപകടത്തിന്റെ ആക്കം വർധിപ്പിച്ചത്. ഏറെ സമയം കഴിഞ്ഞാണ് രക്ഷാപ്രവർത്തകർ അപകടസ്ഥലത്തേക്ക് എത്തുന്നത്. ആശുപത്രിയില്‍ കഴിയുന്ന ചിലരുടെ സ്ഥിതിയും ഗുരുതരമാണ്.