കാളാണ്ടിത്താഴം: കൂടുതല്‍ വിദ്യാഭ്യാസവും തൊഴില്‍പരമായ ഉന്നതിയും നേടുമ്പോള്‍ വയോജനങ്ങളെ ആദരിക്കാനും മാനവികസ്നേഹം വര്‍ദ്ധിക്കാനുമുള്ള ആര്‍ദ്രമായ മനസ്സ് പുതുതലമുറയില്‍ വളര്‍ന്നുവരണമെന്ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്. കാളാണ്ടിത്താഴം ദര്‍ശനം സാംസ്കാരികവേദി യുവതയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി.-പ്ലസ് ടു വിജയികളെയും വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെയും ആദരിക്കാന്‍ സംഘടിപ്പിച്ച അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദര്‍ശനം പ്രസിഡണ്ട് പി. സിദ്ധാര്‍ത്ഥന്‍ അദ്ധ്യക്ഷത വഹിച്ചു. ദര്‍ശനം ഗ്രന്ഥശാല രക്ഷാധികാരി എം.എ. ജോണ്‍സണ്‍ അതിഥികളെ പരിചയപ്പെടുത്തി.
ജര്‍മ്മനിയിലെ ഹൈഡല്‍ബര്‍ഗ് റെസിഡന്‍സി ഫെലോഷിപ്പ് നേടിയ ഡോ. ആര്യ ഗോപി, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. മിഥുന്‍ വേണുഗോപാല്‍, ഡോ. പൂജ പുഷ്കരന്‍, ഗുജറാത്ത് സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ എന്‍.ഐ.ടി.യില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. അതുല്‍ വിജയ് പി.കെ., ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ ഡോ. കെ. ജിതിന്‍ ഗംഗാധരന്‍, സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കുന്ന പി. ജസിലുദ്ദീന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ എക്സിക്യട്ടീവ് അംഗം കുഞ്ഞന്‍ പെരിഞ്ചേരി, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം പി.കെ. ശാലിനി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഗ്രന്ഥശാല സെക്രട്ടറി ടി. കെ. സുനിൽകുമാർ സ്വാഗതവും ദര്‍ശനം യുവത കണ്‍വീനര്‍ പി. ദീപേഷ് കുമാര്‍ നന്ദിയും പറഞ്ഞു.