ഐ എഫ് എഫ് കെ: സമകാലിക സിനിമ വിഭാഗത്തിൽ ഹോംഗ് സാങ് സൂവിന്‍റെ 4 ചിത്രങ്ങൾ

Thiruvananthapuram

തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സമകാലിക സിനിമ വിഭാഗത്തിൽ 4 ദക്ഷിണ കൊറിയൻ സിനിമകൾ പ്രദർശിപ്പിക്കും.വിഖ്യാത സംവിധായകനും നിർമാതാവുമായ ഹോംഗ് സാങ് സൂവിന്റെ എ ട്രാവലേഴ്‌സ് നീഡ്‌സ് ,റ്റെയിൽ ഓഫ് സിനിമ, ബൈ ദി സ്ട്രീം, ഹഹഹ എന്നീ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.സ്വതസിദ്ധമായ ശൈലിയും കാല്പനികമായ ആവിഷ്ക്കാരങ്ങളും കൊണ്ട് സമകാലിക കൊറിയൻ സിനിമയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയ ചലച്ചിത്രകാരനാണ് ഹോംഗ് സാങ് സൂ. ദക്ഷിണ കൊറിയയിലെ വ്യക്തിജീവിതങ്ങളും പ്രണയബന്ധങ്ങളും ദൈനംദിന പ്രതിസന്ധികളും സിനിമകളുടെ പ്രധാന പ്രമേയങ്ങളാകുന്നു .

1960 ൽ ജനിച്ച ഹോംഗ് സാങ് സൂ, ചങ് ആങ് സർവകലാശാല , കാലിഫോർണിയ ആർട്സ് കോളേജ്, ഷിക്കാഗോ സ്കൂൾ ഓഫ് ആർട് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.1996-ൽ ദ ഡേ എ പിഗ് ഫെൽ ഇൻ ദ വെൽ ആണ് ഹോങിൻ്റെ ആദ്യ ചിത്രം. 29 വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ, മുപ്പതോളം ചിത്രങ്ങളാണ് സൂ സംവിധാനം ചെയ്തത് . ലോകമെമ്പാടുമുള്ള വിവിധ ചലച്ചിത്ര മേളകളിൽ സൂവിന്റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുകയും നിരവധി പുരസ്‌ക്കാരങ്ങൾ നേടുകയും ചെയ്തു.

ഈ വർഷം പുറത്തിറങ്ങിയ സൂവിന്റെ സിനിമയാണ് എ ട്രാവലേഴ്‌സ് നീഡ്‌സ് . കൊറിയയിൽ എത്തുന്ന ഐറിസ് എന്ന ഫ്രഞ്ച് യാത്രിക സാമ്പത്തികമായി ബുദ്ധിമുട്ടുന്നു. തുടർന്ന് വരുമാന മാർഗത്തിനായി രണ്ട് കൊറിയൻ സ്ത്രീകളെ ഫ്രഞ്ച് പഠിപ്പിക്കുന്നു. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തിക്കൊണ്ട് മുന്നോട്ട് പോവുന്ന ഐറിസിന്റെ കൊറിയൻ ജീവിതമാണ് സിനിമയുടെ കഥാപശ്ചാത്തലം. കുടിയേറ്റം , ആഗോളവൽക്കരണം തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളുടെ നേർക്കാഴ്ച കൂടിയാണ് ഈ ചിത്രം.2005ൽ പുറത്തിറങ്ങിയ റ്റെയിൽ ഓഫ് സിനിമയിൽ , സിനിമക്കുള്ളിലെ സിനിമയെ ചിത്രീകരിക്കുകയാണ് സംവിധായകൻ. ആത്മഹത്യാ പ്രേരണയുള്ള യുവാവിനെ കണ്ടു മുട്ടുന്ന യുവതിയും, അവരെ പറ്റിയുള്ള സിനിമ കണ്ടിറങ്ങുന്ന ഒരു ചലച്ചിത്രകാരനും തമ്മിലുള്ള ബന്ധമാണ് സിനിമയുടെ ഇതിവൃത്തം. ഈ ചിത്രം 2005ലെ കാൻ ചലച്ചിത്ര മേളയിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.സർവകലാശാലാ അധ്യാപികയായ ജിയോണിമിൻ്റെ ജീവിതമാണ് 2024 ൽ പുറത്തിറങ്ങിയ ബൈ ദി സ്ട്രീം പറയുന്നത്.യുവത്വം ,സർഗാത്മകത, സ്വത്വം തുടങ്ങിയ വിഷയങ്ങളിൽ സിനിമ കേന്ദ്രീകരിക്കുന്നു. ലൊകാർണോ, ടൊറൻ്റോ, ന്യൂയോർക്ക് തുടങ്ങിയ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഈ സിനിമ പ്രദർശിപ്പിച്ചു.2010 ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഹ ഹ ഹ’.ജോ മങ്ക്യുങ് എന്ന കൊറിയൻ ചലച്ചിത്ര നിർമാതാവ് തന്റെ സുഹൃത്തിനെ കണ്ടുമുട്ടുന്നു. അവരുടെ ഒത്തുചേരലിന്റെ പശ്ചാത്തലത്തിൽ ഹാസ്യാത്മകമായാണ് കഥ പുരോഗമിക്കുന്നത്. 2010 ലെ കാൻ ചലച്ചിത്ര മേളയിൽ അൺ സർറ്റൈൻ റിഗാർഡ് ലഭിച്ച ചിത്രം കൂടിയാണിത്.

ബെർലിൻ, കാൻ , വെനീസ് , ലോസ് ഏഞ്ചൽസ്, റോട്ടർഡാം, സിംഗപ്പൂർ, ടോക്കിയോ, വാൻകൂവർ തുടങ്ങി നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ അംഗീകാരങ്ങൾക്കും , ഏഷ്യ പസഫിക് സ്ക്രീൻ അവാർഡ്, ബ്യുൽ ഫിലിം അവാർഡ്, കൊറിയൻ അസോസിയേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് അവാർഡ്,ചുൻസ ഫിലിം അവാർഡ് എന്നീ പുരസ്‌കാരങ്ങൾക്കും ഹോംഗ് സാങ് സൂ അർഹനായിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ സൂവിന്റെ രണ്ട് ചിത്രങ്ങളും മേളയിൽ പ്രദർശനത്തിനുണ്ട്.