ആത്മീയ ചൂഷകരെ കരുതിയിരിക്കുക: ഹനീഫ് കായക്കൊടി

Kozhikode

കോഴിക്കോട്: കാസർഗോഡ് പ്രവാസി വ്യവസായിയുടെ മരണം കൊലപാതകമാണെന്നും പിന്നിൽ മന്ത്രവാദികളാണെന്നുമുള്ള വാർത്ത പുറത്ത് വന്നിരിക്കുന്നു. ആത്മീയ ചൂഷണത്തിന്റെ വികൃത മുഖം ഒരിക്കൽക്കൂടി വ്യക്തമാക്കുകയാണ് ഈ ക്രൂരമായ കൊലപാതകം.

അറബ് മാന്ത്രികവും ഇസ്മിന്റെ പണിയും കണക്ക് നോട്ടവും ഒക്കെയായി സമുദായത്തിന്റെ ചോര കുടിക്കാൻ കാത്തുനിൽക്കുന്നവർക്ക് മുന്നിൽ കഴുത്ത് നീട്ടിക്കൊടുക്കുകയാണ് പലരും. ആർത്തി മൂത്ത് അത്യാർത്തിയാവുകയും പണമാണ് എല്ലാമെന്ന് കരുതുകയും ചെയ്യുന്നവർ ഈ മന്ത്രവാദികൾക്ക് വാതിൽ തുറന്ന് കൊടുക്കുകയാണ്.

വിശ്വാസത്തിന്റെയും സമർപ്പണത്തിന്റെയും പരിചകൾ കൊണ്ട് മാത്രമേ ഈ സാമൂഹ്യ ദ്രോഹികളെ തടഞ്ഞുനിർത്താൻ സാധിക്കുകയുള്ളൂ.

അല്ലാഹുവിനെ ആരാധിക്കുകയും എന്നാൽ പരീക്ഷങ്ങളുടെ സന്ദർഭങ്ങളിൽ അല്ലാഹുവിൽ നിന്ന് അകന്നുപോവുകയും ചെയ്യുന്ന, ഒരു വിഭാഗത്തെ കുറിച്ച് അല്ലാഹു പറയുന്നത് കാണുക

‘ഒരു വക്കിലിരുന്നുകൊണ്ട് അല്ലാഹുവെ ആരാധിച്ചു കൊണ്ടിരിക്കുന്നവനും ജനങ്ങളുടെ കൂട്ടത്തിലുണ്ട്‌. അവന്ന് വല്ല ഗുണവും വന്നെത്തുന്ന പക്ഷം അതില്‍ അവന്‍ സമാധാനമടഞ്ഞു കൊള്ളും. അവന്ന് വല്ല പരീക്ഷണവും നേരിട്ടാലോ, അവന്‍ അവന്‍റെ പാട്ടിലേക്കുതന്നെ മറിഞ്ഞു കളയുന്നതാണ്‌. ഇഹലോകവും പരലോകവും അവന്ന് നഷ്ടപ്പെട്ടു. അതു തന്നെയാണ് വ്യക്തമായ നഷ്ടം.’
(സൂറ ഹജ്ജ്:11)

‘അല്ലാഹുവിന് പുറമെ അവന്ന് ഉപദ്രവമോ ഉപകാരമോ ചെയ്യാത്ത വസ്തുക്കളെ അവന്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നു. അതു തന്നെയാണ് വിദൂരമായ വഴികേട്‌.’
(സൂറ ഹജ്ജ്:12)

‘ഏതൊരുത്തനെക്കൊണ്ടുള്ള ഉപദ്രവം അവനെക്കൊണ്ടുള്ള ഉപകാരത്തേക്കാള്‍ അടുത്ത് നില്‍ക്കുന്നുവോ അങ്ങനെയുള്ളവനെത്തന്നെ അവന്‍ വിളിച്ചുപ്രാര്‍ത്ഥിക്കുന്ന. അവന്‍ എത്ര ചീത്ത സഹായി! എത്ര ചീത്ത കൂട്ടുകാരന്‍!’
(സൂറ ഹജ്ജ്:13)

ഇത്തരം തട്ടിപ്പുകാരുടെയും മന്ത്രവാദികളുടെയും കാൽക്കീഴിൽ തലവെച്ചു കൊടുക്കുന്നവരുടെ ഇഹലോകവും പരലോകവും നഷ്ടപ്പെടുകയാണ് ചെയ്യുന്നതെന്ന് ഇത്തരം ഓരോ സംഭവങ്ങളും നമ്മോട് വിളിച്ചു പറയുന്നു. മതപണ്ഡിതന്മാർ ഈ വിഷയത്തിൽ ജാഗ്രത കാണിക്കുകയും സമൂഹത്തെ ശരിയായ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യേണ്ടതുണ്ട്.

ഹനീഫ് കായക്കൊടി
(സെക്രട്ടറി, കേരള ജംഇയ്യത്തുൽ ഉലമ)