ചലച്ചിത്രോത്സവം”സ്മൃതിദീപം” സംഘാടക സമിതി രൂപീകരിച്ചു

Thiruvananthapuram

തിരുവനന്തപുരം: ജെ.സി.ഡാനിയേൽ സ്മൃതി മണ്ഡപത്തിൽ നിന്നും ചലച്ചിത്രോത്സവ നഗരിയിലേക്ക് ദീപശിഖാ പ്രയാണം നടത്തുന്നതിനായി സ്വാഗതസംഘ രൂപീകരണ യോഗം നടന്നു. സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയമേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത യോഗം കെ.ആൻസലൻ എം.എൽ.എ രക്ഷാധികാരിയും മുൻസിപ്പൽ ചെയർമാൻ പി.കെ.രാജമോഹനൻ ചെയർമാനുമായ സ്വാഗത സംഘം രൂപീകരിച്ചു.
എം.എ. സാദത്ത്, കെ.വിനോദ് സെൻ, പ്രസന്നകുമാർ, ഗ്രാമം പ്രവീൺ, വേണുഗോപാൽ ബിനുകുമാർ, സൗമ്യ, ഐശ്വര്യ എന്നിവരും സ്വാഗത സംഘത്തിലുണ്ട്.

സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 29-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൻ്റെ ഭാഗമായി മൺമറഞ്ഞ സിനിമ മേഖലയിലെ പ്രശസ്ത വ്യക്തിത്വങ്ങളായ ജെ.സി.ഡാനിയേൽ, നെയ്യാറ്റിൻകര കോമളം, പി.കെ.റോസി, സത്യൻ, പ്രേംനസീർ, എന്നിവരുടെ സ്മൃതി മണ്ഡപത്തിൽ നിന്നും ചലച്ചിത്രോത്സവ നഗരിയിലേക്ക് ദീപശിഖാ പ്രയാണം നടത്തും. സ്മൃതി ദീപം എന്ന് പേരിട്ടിരിക്കുന്ന ഈ ദീപശിഖാ പ്രയാണം നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിലെ ജെ.സി.ഡാനിയേൽ സ്മാരകത്തിൽ നിന്നും ആരംഭിച്ച്, നെയ്യാറ്റിൻകര കോമളം, പ്രേംനസീർ, സത്യൻ, പി.കെ.റോസി, ഇവരുടെ സ്മാരകങ്ങളിൽ ആദരവ് അർപ്പിച്ച് വൈകിട്ട് 6.30 ന് മാനവീയം വീഥിയിലെ പി.ഭാസ്കരൻ മാഷിന്റെ പ്രതിമയ്ക്ക് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക ദീപശിഖയിലേക്ക് പകർന്നുകൊണ്ട് ചലച്ചിത്രമേളയ്ക്ക് നാന്ദി കുറിക്കും.

ഡിസം 12 ന് രാവിലെ 9.30 ന് നെയ്യാറ്റിൻകര മുനിസിപ്പൽ സ്റ്റേഡിയത്തിലെ ജെ.സി.ഡാനിയേൽ സ്മാരകത്തിൽ ദീപപ്രയാണം ഉദ്ഘാടനം ചെയ്യും.