തിരുവനന്തപുരം: ലോകചലച്ചിത്ര മേളകളിൽ ജനപ്രീതി നേടിയ 13 ചിത്രങ്ങൾ ഡിസംബർ 13ന് തുടങ്ങുന്ന 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും. മീറ്റിംഗ് വിത്ത് ദി പോൾ പോട്ട്, ഗ്രാൻഡ് ടൂർ, കോട്ട് ബൈ ദി ടൈഡ്‌സ്, ദി റൂം നെക്സ്റ്റ് ഡോർ, ഐആം സ്റ്റിൽ ഹിയർ, അനോറ, എമിലിയ പെരെസ്, സസ്പെൻഡഡ് ടൈം, ദി വിറ്റ്‌നസ്, ദി ഗേൾ വിത്ത് ദി നീഡിൽ, ഷികുൻ, വെർമീഗ്ലിയോ, ദി സബ്‌സ്റ്റെൻസ് എന്നിവയാണ് പ്രദർശനത്തിനെത്തുന്ന പ്രധാന ലോക ചിത്രങ്ങൾ.
കംബോഡിയയിൽ ജനിച്ച റിത്തി പാൻ ചലച്ചിത്ര സംവിധായകനും എഴുത്തുകാരനും തിരക്കഥാകൃത്തുമാണ്. ഖെമർ റൂഷ് ഭരണത്തിനു കീഴിൽ നടന്ന വംശഹത്യയും അതിന്റെ അനന്തരഫലങ്ങളേയും ചിത്രീകരിക്കുന്ന ‘മീറ്റിംഗ് വിത്ത് ദി പോൾ പോട്ട്’ എന്ന ചിത്രം. 2024 കാൻ അന്താരാഷ്ട്ര മേളയിലേക്ക് തിരഞ്ഞെടുക്ക പ്പെട്ടതാണ്.
പോർച്ചുഗീസ് സംവിധായകനും തിരക്കഥാകൃത്തും ചിത്രസംയോജകനുമായ മിഗുൽ ഗോമസിന്റെ 2024-ൽ പുറത്തിറങ്ങിയ ഗ്രാൻഡ് ടൂറിൽ 1918 ലെ ചരിത്ര പശ്ചാത്തലമാണ്. 2024 കാൻ ചലച്ചിത്രമേളയിൽ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.
ജിയാ ശങ്കേ സംവിധാനം ചെയ്ത 2024-ൽ പുറത്തിറങ്ങിയ ചൈനീസ് ചിത്രമാണ് ‘കോട്ട് ബൈ ദി ടൈഡ്‌സ്’. 2024 ൽ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള ഗ്രീൻ സ്‌പൈക്ക് പുരസ്‌കാരം നേടി. പാം ഡി ഓർ പുരസ്‌കാരത്തിനായും മത്സരിച്ചിരുന്നു.
സ്പാനിഷ് സംവിധായകൻ പെഡ്രോ അൽമദോവറിന്റെ ആദ്യ ഇംഗ്ലീഷ് ചിത്രമാണ് ദി റൂം നെക്സ്റ്റ് ഡോർ’. 81-ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ പുരസ്‌കാരം നേടി. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചു.
വാൾട്ടർ സാലസിന്റെ ‘ഐ ആം സ്റ്റിൽ ഹിയർ’ എന്ന ചിത്രം, ബ്രസീലിലെ സൈനികാധിപത്യത്തിന്റെ ദുരനുഭവങ്ങൾ ആവിഷ്‌കരിച്ചിരിക്കുന്നു. ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച കലാസംവിധാനത്തിനുള്ള ജൂറിയുടെ അവാർഡും വെനീസ് ചലച്ചിത്രമേളയിൽ പ്രേക്ഷക പുരസ്‌കാരവും നേടി. സിനിമയ്ക്കു ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രത്യേക പരാമർശവും സാവോ പോളോ അന്താരാഷ്ട്ര മേളയിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരവും നേടി. ബാഫ്റ്റ അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
പ്രശസ്ത അമേരിക്കൻ ചലച്ചിത്രകാരൻ ഷോൺ ബേക്കറിന്റെ സംവിധാനത്തിൽ 2024 ൽ പുറത്തിറങ്ങിയ ചിത്രം “അനോറ” , 77-ാമത് കാൻ മേളയിൽ പാം ഡിഓർ പുരസ്‌കാരം നേടി. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നാഷണൽ ബോർഡ് ഓഫ് റിവ്യൂവിന്റേയും 2024 ലെ മികച്ച 10 ചിത്രങ്ങളുടെ പട്ടികയിലും ഇടം നേടി.
പ്രശസ്ത സംവിധായകനായ ജാക്ക്യുസ് ഓഡിയർഡിന്റെ 2024-ൽ പുറത്തിറങ്ങിയ ഫ്രഞ്ച് ക്രൈം കോമഡി മ്യൂസിക്കൽ ത്രില്ലെർ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് എമിലിയ പെരെസ്. ട്രാൻസ് സമൂഹത്തിന്റെ ജീവിതം വരച്ചുകാട്ടുന്ന സിനിമക്ക് ഭൂരിഭാഗവും സംഗീത പശ്ചാത്തലമാണ്(ഓപ്പെറ) സംവിധായകൻ നൽകിയിരിക്കുന്നത്.
77-ാമത് കാൻ ചലച്ചിത്രമേളയിൽ മികച്ച നടിക്കുള്ള പുരസ്‌കാരവും, പ്രത്യേക ജൂറി പരാമർശവും ചിത്രത്തിന് ലഭിച്ചു. 97-ാമത് അന്താരാഷ്ട്ര അക്കാദമി അവാർഡിൽ മികച്ച ഫീച്ചർ ഫിലിമിനുള്ള ഔദ്യോഗിക എൻട്രിയായിരുന്നു ഈ ചിത്രം .
ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള ഗോൾഡൻ ബെയർ അവാർഡിനുള്ള നാമനിർദേശം ലഭിച്ച ചിത്രമാണ് ഒലിവിയർ അസ്സായസിന്റെ ‘സസ്പെൻഡഡ് ടൈം’. ഫ്രഞ്ച് നടനും സംവിധായകനുമായ വിൻസെന്റ് മെക്കൈനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
വെനീസ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രമായി പ്രേക്ഷകർ തിരഞ്ഞെടുത്ത ദി വിറ്റ്‌നസ്, ഇറാനിയൻ എഴുത്തുകാരനും ചലച്ചിത്രകാരനുമായ നദേർ സെയ്വറാണ് ചിത്രത്തിന്റെ സംവിധായകൻ. 53ാമത് ഗോവൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജത ചകോരം കരസ്ഥമാക്കി. ചിത്രത്തിന്റെ സഹ എഴുത്തുകാരനും ചിത്രസംയോജകനും ആർട്ടിസ്റ്റിക് കൺസൾട്ടന്റുമാണ് വിഖ്യാത ചലച്ചിത്രകാരൻ ജാഫർ പനാഹി. ഇറാനിയൻ സർക്കാരിനെ വിമർശിച്ചതിന് 2022-23 കാലയളവിൽ അദ്ദേഹം തടവിലായിരുന്നു. ജയിൽ മോചിതനായതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ചിത്രം കൂടിയാണിത്.
രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്തിൽ കോപ്പൻഹേഗനിൽ നടന്ന യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കി മാഗ്‌നസ് വോൻ ഹോൺ സംവിധാനം ചെയ്ത ചിത്രമാണ് ‘ ദി ഗേൾ വിത്ത് ദി നീഡിൽ ‘. സംവിധാന മികവ് കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ശ്രദ്ധേയമായ ഈ ചലച്ചിത്രം 97-ാമത് അക്കാഡമി അവാർഡിന് ഡെൻമാർക്കിന്റെ ഔദ്യോഗിക എൻട്രിയാണ്.
പ്രമുഖ ഇസ്രയേലി സംവിധായകനും കലാകാരനുമായ ആമോസ് ഗിത്തായിയുടെ ചിത്രം ‘ഷികുൻ’, ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും സാവോ പോളോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഔദ്യോഗികമായി പ്രദർശിപ്പിച്ചു.
മൗറാ ഡെൽപെറോ എഴുതി സംവിധാനം ചെയ്ത ഇറ്റാലിയൻ സിനിമ ‘വെർമീഗ്ലിയോ’ 81 -ാം വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഗ്രാൻഡ് ജൂറി പുരസ്‌കാരം നേടി. 97 -ാം അക്കാദമി അവാർഡ്സിൽ ഇറ്റലിയുടെ ഔദ്യോഗിക എൻട്രിയാണ്.
ഫ്രഞ്ച് സംവിധായിക കൊരാലി ഫാർഗീറ്റ് സംവിധാനം ചെയ്ത് 2024ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ദി സബ്സ്റ്റൻസ്’. കാൻ ചലച്ചിത്രമേളയിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം നേടി. യൂറോപ്യൻ ഫിലിം അവാർഡ്‌സിൽ മികച്ച ദൃശ്യാവിഷ്‌കരണത്തിനും ഛായാഗ്രഹണത്തിനുമുള്ള പുരസ്‌കാരവു ലഭിച്ചു .
ആഗോള തലത്തിൽ പ്രശംസിക്കപ്പെട്ട സിനിമകളുടെ ഇത്തരം പാക്കേജ് ഐഎഫ്എഫ് കെ ആസ്വാദകർക്ക് കാഴ്ചയുടെ നവ്യാനുഭവം നൽകും.