തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവ മാമാങ്കത്തിന് നാളെ തിരിതെളിയും. സെൻട്രൽ സ്റ്റേഡിയത്തിലെ വേദി ഒന്ന് നിളയിൽ മുഖ്യമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കും. അവസാനഘട്ട മിനുക്ക് പണികളുടെ ഒരുക്കത്തിലാണ് 25 വേദികള്‍. കാസര്‍ഗോഡ് നിന്ന് പുറപ്പെട്ട സ്വര്‍ണക്കപ്പും തിരുവനന്തപുരത്ത് എത്തിചേർന്നു.
25 വേദികളിലായി 249 ഇനങ്ങളില്‍ 15000 ലധികം കലാപ്രതിഭകളാണ് കലോത്സവത്തില്‍ പങ്കെടുക്കുന്നത്. വേദികളുടെയും കലവറയുടെയും അവസാനഘട്ട മിനുക്ക് പണികൾ നടന്നുവരികയാണ്.
വിദ്യാര്‍ത്ഥികള്‍ക്ക് വേദികളിലേക്ക് എത്താന്‍ പ്രത്യേക ക്യു ആര്‍ കോഡ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കലോത്സവത്തിനെത്തുന്നവരെ വരവേല്‍ക്കാന്‍ കെഎസ്ആര്‍ടിസി ബസ്റ്റാന്റിലും റെയില്‍വേ സ്റ്റേഷനിലും പ്രത്യേക കൗണ്ടറുകൾ ഒരുങ്ങിക്കഴിഞ്ഞു.
കഴിഞ്ഞദിവസം കാസര്‍കോട് നിന്ന് പുറപ്പെട്ട സ്വര്‍ണ്ണ കിരീടം തിരുവനന്തപുരം ജില്ലയിൽ പര്യടനം പൂർത്തിയാക്കി വേദിയിൽ എത്തുകയാണ്. പുത്തരിക്കണ്ടത്ത് തയ്യാറാക്കിയ കലവറയില്‍ പാലുകാച്ചല്‍ ചടങ്ങ് നടന്നു.