ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ മംഗലാട് 13-ാം വാർഡിൽ 2025-26 വർഷത്തെ വാർഷിക പദ്ധതി തയ്യാറാക്കുന്നതിനുള്ള വൈബ്രൻ്റ് ഗ്രാമ സഭ 11/1/2025 ന് ശനിയാഴ്ച 2.30 ന് പറമ്പിൽ ഗവൺമെൻ്റ് യു.പി യിൽ നടത്താനുള്ള ഗ്രാമ സഭാ അറിയിപ്പ് ദമ്പതിമാരായ വെള്ളോടത്തിൽ ഗോപാലകൃഷ്ണൻ നമ്പ്യാർക്കും കാർത്യായനിക്കും നൽകിക്കൊണ്ട് വാർഡ് മെമ്പർ എ. സുരേന്ദ്രൻ വീടുകൾ കയറി തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതി തയ്യാറാക്കുന്നതിന് ഊർജ്വസ്വലമായ ഗ്രാമ സഭ നടത്തണം എന്ന സർക്കുലർ ഭരണസമിതിയിൽ ചർച്ചയ്ക്ക് വന്നപ്പോഴാണ് പഞ്ചായത്ത് ഭരണസമിതി 13-ാം വാർഡിനെ തിരഞ്ഞെടുത്തത്.

2024 വാർഷിക പദ്ധതിയിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള ഗ്രാമസഭയുടെ അപേക്ഷാ ഫോമുകൾ മുഴുവൻ വീടുകളിലും മെമ്പർ നേരിട്ട് എത്തിച്ചത് കൊണ്ട് കൂടുതൽ ഗുണഭോക്താക്കളെ കണ്ടെത്താൻ കഴിഞ്ഞിരുന്നു. വീടുകയറ്റ ജനസമ്പർക്കത്തിലൂടെ ജനങ്ങളുടെ ചില പ്രശ്നങ്ങൾ മനസിലാക്കാനും ഉചിതമായ നടപടി സ്വീകരിക്കാനും കഴിഞ്ഞതായി മെമ്പർ പറഞ്ഞു.
ഗ്രാമസഭ ഏറ്റവും നന്നായി നടത്തുന്നതിന് വേണ്ടി അയൽക്കൂട്ടം ചെയർമാന്മാർ കൺവീനർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ , കുടുംബശ്രീ ADS ഭാരവാഹികൾ തുടങ്ങിയവരുടെ സംയുക്തയോഗം ചേർന്ന് പ്രവർത്തന പദ്ധതികൾ തയ്യാറാക്കി. വാർഡിൻ്റെ പരമോന്നത സഭയായ ഗ്രാമസഭയിൽ കേരളോത്സവത്തിൽ ഓവറോൾ കിരീടം കരസ്ഥമാക്കിയവരെ ഉൾപ്പടെ വിവിധ വിജയികളെ ആദരിക്കുന്നതോടൊപ്പം പങ്കാളിത്തം ഉറപ്പു വരുത്തുന്നവർക്ക് സമ്മാനങ്ങളും നൽകുമെന്ന് മെമ്പർ പറഞ്ഞു. അക്കരോൽ അബ്ദുള്ള, കുളങ്ങരത്ത് നാരായണക്കുറുപ്പ്, അബ്ദുള്ള കൃഷ്ണാണ്ടി, ദീപ തിയ്യർകുന്നത്ത്, മോളി പട്ടേരിക്കുനി ,റീന ടി.കെ, സതി തയ്യിൽ തുടങ്ങിയവർ സംബന്ധിച്ചു.