കെ സ്‌മാർട്ട്: നഗരസഭകളിൽ തീർപ്പാക്കിയത് 22.8 ലക്ഷം ഫയലുകൾ

Thiruvananthapuram

തിരുവനന്തപുരം: ഇ ഗവേണൻസ് രംഗത്ത് വിപ്ലവകരമായ മാറ്റം സാധ്യമാക്കിയ കെ സ്‌മാർട്ട് സംസ്ഥാനത്തെ നഗരസഭകളിൽ വിന്യസിച്ചിട്ട് ഒരു വർഷം പൂർത്തിയായപ്പോൾ 2024 ജനുവരി ഒന്നുമുതൽ 27.7 ലക്ഷം ഫയലുകളാണ് കെ സ്‌മാർട്ടിലൂടെ പ്രോസസ് ചെയ്‌തത്. ഇതിൽ 22.8 ലക്ഷം ഫയലുകൾ തീർപ്പാക്കി. ആകെ 82.31 ശതമാനം ഫയലുകളാണ് തീർപ്പാക്കിയത്. ജോലി സമയത്തിനുശേഷവും അവധി ദിവസത്തിലും ഉൾപ്പെടെ നഗരസഭകളിൽനിന്ന് സേവനം ലഭ്യമായി. അപേക്ഷകന് ആവശ്യമായ രേഖകൾ എന്തെല്ലാമെന്ന് സോഫ്റ്റ് വെയർ തന്നെ വിവരം നൽകുന്നതിനാൽ കൃത്യമായ വിവരങ്ങൾ ഉൾകൊള്ളിച്ച് അപേക്ഷ സമർപ്പിക്കാൻ സാധിക്കും. കെ സ്മാർട്ട് മുഖേന നഗരസഭകളിലേക്ക് ഈ വർഷം ലഭിച്ച തുക 1759 കോടിയാണ്. അവധി ദിവസങ്ങളിൽ ജീവനക്കാർ തീർപ്പാക്കിയത് 1.5 ലക്ഷം ഫയലുകളാണ്. ഓഫീസ് സമയം കഴിഞ്ഞശേഷം തീർപ്പാക്കിയത് 7.25 ലക്ഷവും. 6.45 മിനിറ്റിൽ ജനന സർട്ടിഫിക്കറ്റ് നൽകി ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയും- 8.54 മിനിറ്റിൽ മരണ സർട്ടിഫിക്കറ്റ് നൽകി തിരുവനന്തപുരം കോർപറേഷനും 23.56 മിനിറ്റിൽ വിവാഹ സർട്ടിഫിക്കറ്റ്- നൽകി ഗുരുവായൂർ മുൻസിപ്പാലിറ്റിയും റെക്കോർഡിട്ടു.

വിവാഹ രജിസ്ട്രേഷൻ നടപടികൾ ലളിതമാക്കിയതിലൂടെ വിദേശത്തുള്ളവർക്കും രജിസ്ട്രേഷൻ ചെയ്യാൻ അവസരമൊരുങ്ങി. വീഡിയോ കെവൈസി വഴി 15,487 വിവാഹങ്ങളാണ് രജിസ്റ്റർ ചെയ്‌ത്. ഏപ്രിൽ മുതൽ കെ സ്‌മാർട്ട് ത്രിതല പഞ്ചായത്തുകളിലേക്കും. ഇതിൻ്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്, കരകുളം ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ കെ സ്‌മാർട്ടിന്റെ ട്രയൽ റൺ ഉണ്ട്.

സിവിൽ രജിസ്ട്രേഷൻ, സ്ഥലനികുതി, റൂൾ എഞ്ചിനോട് കൂടിയ കെട്ടിട നിർമാണ പെർമ്മിറ്റ്, പബ്ലിക് ഗ്രീവൻസ്, മീറ്റിങ് മാനേജ്മെൻ്റ്, ബിസിനസ് ഫെസിലിറ്റേഷൻ, വാടക/പാട്ടം, പ്രൊഫഷണൽ നികുതി, പാരാമെഡിക്കൽ ട്യൂട്ടോറിയൽ രജിസ്ട്രേഷൻ, പെറ്റ് ലൈസൻസ്, പ്ലാൻ ഡെവലപ്മെന്റ്, സേവന പെൻഷൻ, ഡിജിറ്റൽ ഫയൽ മാനേജ്മെന്റ്, കോൺഫിഗറേഷൻ മൊഡ്യൂൾ, നോ യുവർ ലാൻഡ്, മൊബൈൽ ആപ്പ് എന്നീ സൗകര്യങ്ങളോടെയാകും കെ സ്മാർട്ട് ഗ്രാമപഞ്ചായത്തുകളിൽ വിന്യസിക്കുന്നത്. ഇതോടെ ഇ ഗവേണൻസിൽ വിപ്ലവകരമായ കുതിപ്പാകും കേരളം നടത്തുന്നത്. സേവന വിതരണത്തിൽ മാത്രമല്ല, വ്യവസായ സൗഹൃദ മേഖലയിലും വൻ മുന്നേറ്റം സൃഷ്ടിക്കും. വിതരണത്തിൽ മാത്രമല്ല, വ്യവസായ സൗഹൃദ മേഖലയിലും വൻ മുന്നേറ്റം സൃഷ്ടിക്കും.

ഗ്രാമപഞ്ചായത്തുകളിൽ നിലവിൽ ഐഎൽജിഎംഎസ് സംവിധാനമുള്ളതിനാൽ കെ സ്മാർട്ടിലേക്കുള്ള മാറ്റം എളുപ്പമാകും. പൊതുജനങ്ങൾക്ക് ഏളുപ്പത്തിൽ സേവനം നൽകുക എന്നതിനൊപ്പം, ജീവനക്കാരുടെ ജോലിഭാരം വൻതോതിൽ കുറയ്ക്കാനും കെ സ്മാർട്ടിന് കഴിയും. കെ സാർട്ടിനെ പഞ്ചായത്തുകളിലേക്ക് വിന്യസിക്കാൻ ഇൻഫർമേഷൻ കേരളാ മിഷനാണ് നേതൃത്വം നൽകിയത്.