തിരുവനന്തപുരം: അന്ധവിശ്വാസങ്ങളിൽ നിന്നും, അനാചാരങ്ങളിൽ നിന്നും മോചിപ്പിച്ച് നായർ സമുദായത്തെ ഉദ്ധരിച്ച് കേരളത്തിന്റെ സാംസ്ക്കാരികവും, വിദ്യാഭ്യാസ പരവും, സാമൂഹ്യവുമായ വളർച്ചക്ക് ഇടയാക്കിയതിൽ മന്നത്തു പത്മനാഭന്റെ നേതൃത്വം വളരെ വലുതാണെന്ന് നന്ദകുമാർ ഐ.എ.എസ്. നായർദായത്തിന്റെ ഐക്യത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളോടൊപ്പം ഇതര സമുദായങ്ങളുമായുള്ള സൗഹൃദത്തിനു വേണ്ടിയും, സാഹോദര്യത്തിനു വേണ്ടിയും അദ്ദേഹം പ്രവർത്തിച്ചിരുന്നു എന്നും നന്ദകുമാർ പറഞ്ഞു.
അനന്തപുരം നായർ സമാജത്തിന്റെ നേതൃത്വത്തിൽ മന്നം മെമ്മോറിയൽ ഹാളിൽ നടന്ന 148-ാമതു മന്നം ജയന്തി ആഘോഷം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനന്തപുരം നായർ സമാജം പ്രസിഡന്റ് വി.കെ. മോഹൻ അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ സമാജം ജനറൽ സെക്രട്ടറി പി.ദിനകരൻ പിള്ള സ്വാഗതം ആശംസിച്ചു. ജയശ്രീ ഗോപാലകൃഷ്ണൻ, ബിന്ദു നായർ,പി.സി. പ്രമോദ് എന്നിവർ സംസാരിച്ചു. തുടർന്ന് തിരുവാതിര കളി, കവിയരങ്ങ് എന്നിവയും ഉണ്ടായിരുന്നു.