കോഴിക്കോട്: ഇസ്‌ലാമിലെ സകാത്ത് സമ്പ്രദായം സംഘടിതമായാണ് നിർവഹിക്കേണ്ടതെന്നും മഹല്ലുകമ്മറ്റികൾ അതിന് മുൻകയ്യെടുക്കണമെന്നും കേരള ജംഇയ്യത്തുൽ ഉലമ അഹ്‌ലുസ്സുന്ന വൽ ജമാഅ നിർവാഹക സമിതി യോഗം ആഹ്വാനം ചെയ്തു. സംഘടിതമായി ശേഖരിക്കുകയും വ്യവസ്ഥാപിതമായി വിതരണം നടത്തുകയും ചെയ്യുമ്പോൾ മാത്രമാണ് സകാത്ത് സംവിധാനം ലക്ഷ്യം കൈവരിക്കുന്നത്. പ്രവാചകന്റെയും ഖലീഫമാരുടെയും കാലങ്ങളിൽ സംഘടിതമായാണ് സകാത്ത് വിതരണം നടത്തിയിരുന്നത്. അതിന്റെ ഗുണഫലങ്ങൾ ആ സമൂഹത്തിൽ ദൃശ്യമായതായി ചരിത്രം രേഖപ്പെടുത്തുന്നുണ്ട്.
വ്യക്തികൾ വ്യക്തികൾക്ക് നൽകുന്നതിലൂടെ സകാത്തിന്റെ അന്തസ്സത്തയും പ്രായോഗികതയും നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. ഇസ്‌ലാമിന്റെ മാനവികതയും സാമൂഹ്യ ബോധവും ഉൾച്ചേർന്നു നിൽക്കുന്ന ആരാധനയാണ് സകാത്ത്. ഒരു പ്രദേശത്തെ പാവപ്പെട്ടവരെ പടിപടിയായി ഉയർത്തിക്കൊണ്ടുവരാൻ പര്യാപ്തമായ ഒരു മഹത്സംരംഭത്തെ സാങ്കേതികതകൾ പറഞ്ഞ് തടസ്സപ്പെടുത്തുന്ന രീതി നടപടി ശരിയല്ല. മുസ്‌ലിം സമുദായത്തിന്റെ പുരോഗതിക്കും നവോത്ഥാനത്തിനും തടസ്സം നിന്നവരാണ് സംഘടിത സകാത്തിനെയും വിമർശിക്കുന്നത്. അതോടൊപ്പം സകാത്ത് ശേഖരണവും വിതരണവും നടത്തുന്നവർ ഈ രംഗത്ത് മതനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും കെ ജെ യു ആവശ്യപ്പെട്ടു.
ആർക്കൊക്കെയാണ് സകാത്ത് നൽകേണ്ടതെന്ന് ഇസ്‌ലാം കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. ആ രൂപത്തിൽ തന്നെ അത് വിതരണം ചെയ്യാനും മറ്റു ലക്ഷ്യങ്ങൾക്കും താല്പര്യങ്ങൾക്കും സകാത്ത് ഉപയോഗിക്കാതിരിക്കാനും ബന്ധപ്പെട്ടവർ ശ്രദ്ധിക്കണമെന്നും കെ ജെ യു അഭ്യർത്ഥിച്ചു.
നിർവാഹക സമിതി യോഗത്തിൽ ടി പി അബ്ദുല്ലക്കോയ മദനി, പി മുഹ്‌യിദ്ദീൻ മദനി, പി പി മുഹമ്മദ് മദനി, ഈസ മദനി, മായിൻ കുട്ടി സുല്ലമി, അബ്ദുസ്സമദ് സുല്ലമി, സലീം സുല്ലമി, പ്രൊഫ. എൻ വി സകരിയ്യ , ഡോ മുഹമ്മദലി അൻസാരി, എം എം നദ്‌വി, അബ്ദുറഹ്‌മാൻ മദീനി, അബ്ദുറസാഖ് ബാഖവി എന്നിവർ പ്രസംഗിച്ചു.