ജിദ്ദ: ‘സാമൂഹ്യ സുരക്ഷക്ക് ധാർമിക ജീവിതം’ എന്ന പ്രമേയത്തിൽ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ദേശീയതലത്തിൽ നടത്തിവരുന്ന ക്യാമ്പയിന്റെ ഭാഗമായി കാത്തുവെക്കാം സൗഹൃദ കേരളം എന്ന ശീർഷകത്തിൽ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ജിദ്ദ സംഘടിപ്പിച്ച ചർച്ചാ സദസ്സ് ശ്രദ്ധേയമായി.
ജാതിയുടെയും മതത്തിന്റെയും പേരിൽ വിദ്വേഷം വളർത്തി കേരളത്തിന്റെ സൗഹൃദാന്തരീക്ഷം തകർക്കുന്നവരെ കരുതിയിരിക്കണമെന്നും വിദ്യാഭ്യാസപരമായും സാംസ്കാരികമായും ഉന്നത നിലവാരം പുലർത്തുന്ന കേരളീയ മണ്ണിൽ വർഗീയത വളർത്താൻ അനുവദിച്ചുകൂടെന്നും ചർച്ചാ സംഗമം അഭിപ്രായപെട്ടു. പ്രമുഖ മാധ്യമ പ്രവർത്തകനും മലയാളം ന്യൂസ് മുൻ എഡിറ്ററുമായ മുസാഫിർ ഏലംകുളം സൗഹൃദ സദസ് ഉദ്ഘാടനം ചെയ്തു.
കേരളീയ സൗഹൃദ മാതൃകകൾ രാജ്യത്തിന് മാതൃകയായിരുന്നെന്നും എന്നാൽ ഇന്ന് വർഗീയമായ ചേരിതിരിവുകൾ കേരളത്തിന്റെ സൗഹൃദം തകർക്കുന്നത് ഗൗരവമായി ചർച്ച ചെയ്യേണ്ടതുണ്ടെന്നും മുസാഫിർ പറഞ്ഞു. രാജ്യത്തിന് വ്യത്യസ്ത ആശയധാരാകളെ സംഭാവന ചെയ്യുകയും അവയെ നെഞ്ചോട് ചേർക്കുകയും ചെയ്‌ത കേരളത്തിൽ വർഗീയമായ ചേരിതിരുവുകൾ ഉയർന്നു വരുന്നത് ആശങ്കയുണർത്തുന്നതാണെന്ന് ചർച്ചാ സദസിൽ സംസാരിച്ച എഴുത്തുകാരനും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുമായ ബഷീർ വള്ളിക്കുന്ന് അഭിപ്രായപെട്ടു.
ന്യൂനപക്ഷ വിഭാഗങ്ങളെ പരസ്പരം അകറ്റി സംഘപരിവാർ നടത്തുന്ന വർഗീയ പ്രചാരണങ്ങൾ ഏറ്റുപിടിക്കാൻ മാധ്യമങ്ങൾ തയ്യാറാവരുതെന്നും ഇത്തരം പ്രചാരണങ്ങൾക്കെതി രെ കക്ഷി രാഷ്ട്രീയ ഭേദമന്യേ ഐക്യനിര രൂപപ്പെടുത്തിയെടുക്കണമെന്നും ബഷീർ വള്ളിക്കുന്ന് പറഞ്ഞു.
ഐ എസ് എം സംസ്ഥാന വൈസ് പ്രസിഡന്റ് റിഹാസ് പുലാമന്തോൾ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. മനുഷ്യരെ വിഭജിക്കുവാൻ കഴിയുന്ന ഏറ്റവും നല്ല മാർഗം വർഗീയമായി ചേരിതിരുവുകൾ സൃഷ്ടിക്കുകയാണെന്നും മനുഷ്യരിൽ വർഗീയത ഉത്പാദിപ്പിച്ച് ലാഭം കൊയ്യാൻ ശ്രമിക്കുന്ന വിദ്വേഷ പ്രചാരകരെ സൗഹൃദ കേരളത്തിൽ വളരാൻ അനുവദിച്ചു കൂടെന്നും റിഹാസ് പുലാമന്തോൾ പറഞ്ഞു.
ഫാസിസം നടത്തിക്കൊണ്ടിരിക്കുന്ന ചരിത്ര വക്രീകരണം അനുവദിച്ചുകൂടെന്നും, ചരിത്ര ശേഷിപ്പുകൾ പുനർ നാമകരണം ചെയ്ത് വർഗീയ വത്കരിക്കുന്ന ഭരണകൂട ഭീകരതക്കെതിരെ മതേതര കൂട്ടായ്മകൾ ശക്തിപ്പെടുത്തി പ്രതിരോധം തീർക്കേണ്ടത് രാജ്യത്തിന്റെ ചരിത്രം നിലനിൽക്കുന്നതിന് ആവശ്യമാണെന്നും റിഹാസ് അഭിപ്രായപെട്ടു. അബ്ദുൽ ജബ്ബാർ വട്ടപ്പൊയിലിൽ മോഡറേറ്ററായിരുന്നു.