കേന്ദ്ര-കേരള സര്‍ക്കാറുകള്‍ മുസ്ലീംകളെ ബജറ്റില്‍ നിന്ന് അകറ്റി നിര്‍ത്തി: കെ എന്‍ എം മര്‍കസുദ്ദഅ്‌വ

News

കോഴിക്കോട്: മുസ്ലീം സമുദായത്തെ ബജറ്റിനു പുറത്ത് നിറുത്തിയ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ നടപടിയില്‍ കെ എന്‍ എം മര്‍കസുദ്ദഅവ സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിഹിതം വെട്ടിക്കുറക്കുകയും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ബഹുസ്വര ഫെഡറല്‍ സംവിധാനത്തെ പാടെ തകര്‍ത്തെറിയുകയാണ്. കേരളത്തെ പൂര്‍ണമായും അവഗണിച്ച കേന്ദ്ര ബജറ്റ് സംസ്ഥാനത്തെ ജനങ്ങളെ ഒന്നടങ്കം രാജ്യത്തിന്റെ പൊതുധാരയില്‍ നിന്നും അകറ്റി നിര്‍ത്തുകയാണെന്നും കെ എന്‍ എം. മര്‍കസുദ്ദഅ്‌വ കുറ്റപ്പെടുത്തി.

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് നടപ്പാക്കിയിരുന്ന മുസ്ലീം സ്‌കോളര്‍ഷിപ്പ് പദ്ധതി പുനരാരംഭിക്കാന്‍ തയ്യാറാവാതിരിക്കുകയും ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിഹിതം കുറക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാറിന്റെ ബജറ്റ് കടുത്ത അനീതിയാണ് മുസ്ലീംകളോട് ചെയ്തത്. മലബാര്‍ മേഖലയിലെ ഹയര്‍ സെക്കണ്ടറിഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ ബജറ്റ് തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്. ഇത് നീതീകരിക്കാനാവില്ല.

വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മകൊണ്ടും ദുരിതമനുഭവിക്കുന്ന ജനങ്ങളുടെമേല്‍ കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്രകേരള ബജറ്റുകള്‍ തീര്‍ത്തും ജനവിരുദ്ധമാണ്. പെട്രോളിനും ഡീസലിനും സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയ സെസ്സ് പിന്‍വലിക്കണം. ഇന്ത്യന്‍ സമ്പദ്ഘടനയുടെ അടിത്തറയിളക്കിയ അദാനി കമ്പനി ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും കെ എന്‍ എം മര്‍കസുദ്ദഅവ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

വൈസ് പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ കുന്നംകുളം അധ്യക്ഷത വഹിച്ചു. സി പി ഉമ്മര്‍ സുല്ലമി ഉദ്ഘാടനം നിര്‍വഹിച്ചു. എം എം ബഷീര്‍ മദനി, സി അബ്ദുല്ലതീഫ്, കെ എല്‍ പി ഹാരിസ്, പ്രെഫ കെ പി സകരിയ്യ, പി അബ്ദുല്‍ അലി മദനി, അബ്ദുല്ലതീഫ് കരുമ്പുലാക്കല്‍, അബ്ദുസ്സലാം പുത്തൂര്‍, എം അഹ്മദ് കുട്ടി മദനി, ഡോ അനസ് കടലുണ്ടി, ഡോ മുസ്തഫ കൊച്ചിന്‍, ഫൈസല്‍ നന്മണ്ട, പി പി ഖാലിദ്, കെ പി അബ്ദു റഹ്മാന്‍ സുല്ലമി, കെ എം കുഞ്ഞമ്മദ് മദനി, എം കെ മൂസ സുല്ലമി, റുക്‌സാന വാഴക്കാട്, കെ എ സുബൈര്‍, ഡോ. ഇസ്മാഈല്‍ കരിയാട്, ഡോ ജാബിര്‍ അമാനി, പി സുഹൈല്‍ സാബിര്‍, എന്‍ എം അബ്ദുല്‍ ജലീല്‍, സി ടി ആയിഷ, ബി പി എ ഗഫൂര്‍, ഹമീദലി ചാലിയം, പ്രൊഫ. ശംസുദ്ദീന്‍ പാലക്കോട്, സഹല്‍മുട്ടില്‍, എഞ്ചി. സൈദലവി, ഡോ ഐ പി അബ്ദുസ്സലാം, ആദില്‍ നസീഫ് മങ്കട പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *