തിരുവനന്തപുരം: വൈജ്ഞാനികമേഖലയെ പരിപോഷിപ്പിക്കുന്നതിനുവേണ്ടി കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് 3 വിഭാഗങ്ങളിലായി പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. എന്‍. വി. കൃഷ്ണവാര്യര്‍ സ്മാരക വൈജ്ഞാനിക പുരസ്‌കാരം, കെ. എം. ജോര്‍ജ് സ്മാരക ഗവേഷണ പുരസ്‌കാരം, എം. പി. കുമാരന്‍ സ്മാരക വിവര്‍ത്തന പുരസ്‌കാരം എന്നിവയ്ക്കായി ഫെബ്രുവരി 10 വരെ യാണ് കൃതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നിശ്ചയിച്ചിരുന്നത്. എന്നാല്‍ അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി 2023 ഫെബ്രുവരി 20 വരെ ദീര്‍ഘിപ്പിച്ചിരിക്കയാണെന്ന് ഡയറക്ടര്‍ ഡോ. എം. സത്യന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരു ലക്ഷം രൂപയാണ് ഓരോ വിഭാഗത്തിനും നല്‍കുന്ന അവാര്‍ഡ്.
2022 ജനുവരി ഡിസംബര്‍ മാസത്തിനിടയില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളായിരിക്കണം വൈജ്ഞാനിക അവാര്‍ഡിനും വിവര്‍ത്തന അവാര്‍ഡിനും സമര്‍പ്പിക്കേണ്ടത്. ശാസ്ത്രസാങ്കേതിക വിഭാഗം, ഭാഷാസാഹിത്യ പഠനങ്ങള്‍, സാമൂഹികശാസ്ത്രം, കല/സംസ്‌കാരപഠനങ്ങള്‍ എന്നീ മേഖലകളില്‍നിന്നുള്ള ഗ്രന്ഥങ്ങളായിരിക്കും ഈ രണ്ടുവിഭാഗങ്ങളിലും അവാര്‍ഡിനായി പരിഗണിക്കുക. ഇംഗ്ലീഷ് ഭാഷയില്‍നിന്നും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് വിവര്‍ത്തനപുരസ്‌കാരത്തിന് പരിഗണിക്കുക. 2022 ജനുവരിയ്ക്കും ഡിസംബറിനുമിടയില്‍ ഏതെങ്കിലും ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്ന് അവാര്‍ഡ് ചെയ്യപ്പെട്ട ഡോക്ടറല്‍/പോസ്റ്റ് ഡോക്ടറല്‍ പ്രബന്ധ ങ്ങളുടെ മലയാളവിവര്‍ത്തനമായിരിക്കണം ഗവേഷണ പുരസ്‌കാരത്തിനുള്ള സമര്‍പ്പണങ്ങള്‍. മറ്റുഭാഷകളില്‍ സമര്‍പ്പിക്ക പ്പെട്ട പ്രബന്ധങ്ങള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി വേണം സമര്‍പ്പിക്കാന്‍. ഗവേഷണപ്രബന്ധങ്ങള്‍ അംഗീകരിച്ചുവെന്നുള്ള സര്‍വകലാശാലകളുടെ സാക്ഷ്യപത്രംകൂടി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിവിധ സര്‍വ്വകലാ ശാലകളില്‍ നടക്കുന്ന ജ്ഞാനോത്പാദനത്തെ മലയാളഭാഷയിലേക്ക് എത്തിക്കാനുള്ള ഒരു ഉപാധിയായിക്കൂടിയാണ് ഈ പുരസ്‌കാരം വിഭാവനം ചെയ്തിട്ടുള്ളത്.
പുരസ്‌കാരത്തിനുള്ള സമര്‍പ്പണങ്ങള്‍ ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, നളന്ദ, തിരുവനന്തപുരം 695003 എന്ന വിലാസത്തില്‍ 2023 ഫെബ്രുവരി 20 വൈകുന്നേരം 5 മണിക്ക് മുമ്പായി ലഭിച്ചിരിക്കണം. വൈജ്ഞാനിക പുരസ്‌കാര ത്തിനും വിവര്‍ത്തന പുരസ്‌കാരത്തിനും സമര്‍പ്പിക്കുന്ന പുസ്തകങ്ങളുടെ 4 കോപ്പി വീതമാണ് അയക്കേണ്ടത്. ഗവേഷണ പ്രബന്ധങ്ങളുടെ 4 വീതം പകര്‍പ്പുകളാണ് അയക്കേണ്ടത്. ഓരോ മേഖലയിലും മൂന്ന് വിദഗ്ധര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസി. ഡയറക്ടര്‍മാരായ ഡോ. പ്രിയ വര്‍ഗീസ്, ഡോ. ഷിബു ശ്രീധര്‍, പി.ആര്‍.ഒ റാഫി പൂക്കോം എന്നിവര്‍ പങ്കെടുത്തു.
ആധുനിക വിജ്ഞാനവിനിമയത്തിനുള്ള ഫലപ്രദമായ മാധ്യമമായി മലയാളഭാഷയെ വികസിപ്പിക്കുക, വ്യത്യസ്ത ഭാരതീയ ഭാഷകള്‍ക്കിടയില്‍ പ്രയോജനപ്രദമായ സമ്പര്‍ക്കം പുഷ്ടിപ്പെടുത്തുക, സാമൂഹികവും വൈകാരികവുമായ ഉദ്ഗ്രഥനം ഉളവാക്കുന്നതിനുള്ള ഉപാധിയായി പ്രാദേശികഭാഷ അഭിവൃദ്ധിപ്പെടുത്തുന്നതിനു സഹായിക്കുക എന്നീ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടു കൂടി 1968ല്‍ സ്ഥാപിക്കപ്പെട്ടതാണ് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്. സര്‍വകലാശാലാതലത്തിലുള്ള പാഠപുസ്തകങ്ങളും അധികവായനയ്ക്കുള്ള പുസ്തകങ്ങളും പ്രാദേശിക ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നതിനാണ് കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് രൂപംകൊണ്ടത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് അധ്യക്ഷനായും ഡോ.എന്‍.വി.കൃഷ്ണവാര്യര്‍ ഡയറക്ടറായും സ്ഥാപിക്കപ്പെട്ട, വൈജ്ഞാനിക പുസ്തക പ്രസിദ്ധീകരണരംഗത്ത് കേരളത്തിലെ പ്രമുഖ സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂട്ട്, അക്കാദമിക ബൗദ്ധിക മേഖലകളിലെ സജീവസാന്നിധ്യമാണ്. വിവിധ വിഷയങ്ങളിലെ ക്ലാസിക് കൃതികളുടെ വിവര്‍ത്തനം ഉള്‍പ്പെടെ പ്രസിദ്ധീകരിച്ചുകൊണ്ട് ജ്ഞാനസമൂഹനിര്‍മ്മിതി എന്ന ലക്ഷ്യത്തിലേക്ക് ഇന്‍സ്റ്റിറ്റിയൂട്ട് മുന്നേറുകയാണ്.