ബൃന്ദയുടെ 2064 പേജുകളുള്ള പ്രണയ കവിത പ്രകാശനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: ഭൂമിയിലെ ഏറ്റവും മധുരമുള്ള കവിത എന്ന ബൃന്ദയുടെ 2064 പേജുകളുള്ള പ്രണയ കവിത ഒരു മഹാ അത്ഭുതമാണെന്ന് ഡോ.സി.വി. ആനന്ദബോസ് അഭിപ്രായപ്പെട്ടു. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ പുസ്തക പ്രകാശനം നിർവ്വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രണയത്തെക്കുറിച്ച് എഴുതാത്ത കവികളില്ല. ഷെല്ലി, കീറ്റ്സ് , ബൈറൻ മാത്രമല്ല ഷേക്സ്പിയർ പോലും പ്രണയത്തെക്കുറിച്ച് ധാരാളം ഗീതകങ്ങൾ എഴുതിയിട്ടുണ്ട്. പ്രണയം ഒരു വലിയ വികാരമാണ്. എല്ലാം അതിലധിഷ്ഠിതമാണ്. ടി.എസ്.എലിയറ്റ് പറയുന്നതു പോലെ കവിത വലിയൊരു ഒഴുക്കാണ്. അതിന്റെ തീരത്തിരുന്ന് ആരെങ്കിലും ഒരു രചന നടത്തിയാൽ ഒരു തുള്ളി അതിൽ അടർന്നു വീഴുന്നു. കബീർ ദാസ് പറയുന്നു ആ ഒരു തുള്ളി സമുദ്രത്തിൽ പതിക്കുമ്പോൾ അത് സമുദ്രത്തിൽ ലയിക്കുന്നു , സമുദ്രം തുള്ളിയിലും ലയിക്കുന്നു. അത്ര വിശാലമായ ഒന്നാണ് കവിത. അത് ഏവരെയും തുല്യമാക്കുന്ന സമുദ്രമാണ്, സംസ്കാരമാണ്.ബൃന്ദയുടെ ഈ കാവ്യം പ്രണയത്തിന്റെ അനന്ത സാഗരമാണ്.

ഡോ.സി.വി. ആനന്ദബോസിൽ നിന്നും ആദ്യ പ്രതി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ.എം.ആർ. തമ്പാൻ ഏറ്റുവാങ്ങി. ബി.എസ്.എസ്. ചെയർമാൻ ഡോ.ബി.എസ്.ബാലചന്ദ്രൻ , ഗൗതം കൃഷ്ണ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കഥ, കവിത, നോവൽ, ബാലസാഹിത്യം, മിനിക്കഥ, ജീവചരിത്രം , പുരാണം, ലേഖനം, ദീർഘ കവിതകൾ, പുനരാഖ്യാനങ്ങൾ, ആത്മവിവരണങ്ങൾ, പ്രണയ പുസ്തകങ്ങൾ തുടങ്ങിയവലായി 70 പുസ്തകങ്ങൾ ബൃന്ദ രചിച്ചിട്ടുണ്ട്.

നിരവധി റെക്കോർഡുകളും അംഗീകാരങ്ങളും നേടിയ ബൃന്ദ ഈയിടെ 36 പുസ്തങ്ങൾ ഒരുമിച്ച് പ്രകാശനം ചെയ്തിരുന്നു.