പ്രതിഭകളെ വാര്‍ത്തെടുക്കുന്ന വേദികളാണ് കലോത്സവങ്ങള്‍: ഡോ. ശശി തരൂര്‍ എംപി

Thiruvananthapuram


തിരുവനന്തപുരം : പ്രതിഭകളെ വാര്‍ത്തെടുക്കുന്ന വേദികളാണ് കലോത്സവങ്ങളെന്ന് ഡോ. ശശി തരൂര്‍ എംപി അഭിപ്രായപ്പെട്ടു. കുളത്തൂരില്‍ നടക്കുന്ന 45 -ാമത് സംസ്ഥാന ഗവ. ടെക്നിക്കല്‍ കലോത്സവത്തിന്‍റെ ഭാഗമായ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കലോത്സവത്തിന്‍റെ സുവനീര്‍ നെയ്യാറിന്‍റെ കവര്‍ സീനിയര്‍ ജോയിന്‍റ് ഡയറക്ടര്‍ സീമയ്ക്ക് നല്‍കി ശശി തരൂര്‍ പ്രകാശനം ചെയ്തു. കുളത്തൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ കൂടിയായ കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. ഗായകന്‍ ബിജു പെരുന്പുഴ പി. ജയചന്ദ്രന്‍ അനുസ്മരണം നടത്തി.

പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. എസ്.കെ ബെന്‍ ഡാര്‍വിന്‍, കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ സുരേഷ്, ചെങ്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അജിത്ത് കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം സൂര്യ എസ് പ്രേം, ബ്ലോക്ക് പഞ്ചായത്ത് അംഗം കുമാര്‍, പഞ്ചായത്ത് അംഗം വി. രാജി, പിടിഎ വൈസ് പ്രസിഡന്‍റ് എസ്. ബൈജു, സൂപ്രണ്ട് എ. ഉണ്ണികൃഷ്ണന്‍നായര്‍, എം. മഹേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
കലോത്സവത്തിന്‍റെ ഭാഗമായി സാംസ്കാരിക ഘോഷയാത്ര രചനാ, പ്രസംഗ മത്സരങ്ങള്‍ എന്നിവ ഇന്നലെ നടന്നു. അനശ്വര ഗായകന്‍ പി. ജയചന്ദ്രനെ അനുസ്മരിച്ച് യുവകലാസാഹിതി- ഇപ്റ്റ ഗായക സംഘം ഗാനാര്‍ച്ചന അവതരിപ്പിച്ചു.

ഇന്ന് വൈകുന്നേരം മൂന്നിന് ഭക്ഷ്യ – സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍ അനിലിന്‍റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു കലോത്സവം ഉദ്ഘാടനം ചെയ്യും. കെ. ആന്‍സലന്‍ എംഎല്‍എ മുഖ്യാതിഥിയാകും. എംഎല്‍എ മാരായ സി.കെ ഹരീന്ദ്രന്‍, എം. വിന്‍സെന്‍റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. സുരേഷ് കുമാര്‍, കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗീതാ സുരേഷ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ പി.ആര്‍ ഷാലിജ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര് എ. ഉണ്ണികൃഷ്ണന്‍നായര്‍ മുതലായവര്‍ സംബന്ധിക്കും. കലോത്സവം 18 ന് സമാപിക്കും.

18 ന് വൈകുന്നേരം മൂന്നിന് സമാപന സമ്മേളനം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യാതിഥിയായിരിക്കും. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍ സമ്മാനദാനം നിര്‍വഹിക്കും.
തിരുവനന്തപുരം ജില്ലയുടെ തെക്കന്‍ പ്രദേശമായ കുളത്തൂരില്‍ ആദ്യമായാണ് സംസ്ഥാന ടെക്നിക്കല്‍ ഹൈസ്കൂള്‍ കലോത്സവം സംഘടിപ്പിക്കപ്പെടുന്നത്. സംസ്ഥാനത്തെ 49 സ്കൂളുകളില്‍ നിന്നുള്ള 2000 ത്തിലധികം മത്സരാര്‍ഥികള്‍ നാലു ദിവസത്തെ കലോത്സവത്തില്‍ പങ്കെടുക്കുന്നു. എട്ടു വേദികളിലായി 52 ഇനങ്ങളിലാണ് മത്സരങ്ങള്‍.