കല്പറ്റ: കമ്പനികൾ കോടതിയിൽ സമർപ്പിച്ചിരിക്കുന്ന രേഖകൾ ഒന്നും തന്നെ ഉടമസ്ഥാവകാശം തെളിയിക്കുന്നതല്ല എന്ന് കൃത്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടു കഴിഞ്ഞു. ഈ സാഹചര്യത്തിൽ സിപിഎം നടത്തിയ കൊടിപിടിച്ചുള്ള സമരം നിയമസഭയിൽ അധികാരത്തിലിരിക്കുന്ന ഒരു സർക്കാറിനെ നയിക്കുന്ന പാർട്ടി ചെയ്യേണ്ടതല്ല; മറിച്ച് ജനങ്ങൾ നൽകിയ മാൻഡേറ്റ് ഉപയോഗിച്ച് നിയമനിർമാണത്തിലൂടെ മുഴുവൻ ഭൂമിയും ഏറ്റെടുക്കുകയും അടിയന്തിരമായി പുനരധിവാസ പ്രവർത്തനം തുടങ്ങുകയുമാണ് വേണ്ടത്.
വയനാട്ടിൽ അനധികൃതമായി നടത്തിവരുന്ന തോട്ടങ്ങളെല്ലാം പിടിച്ചെടുക്കുന്നതിനായി കോടതിയിൽ കേസ് കൊടുക്കണമെന്നുള്ള നിർദ്ദേശം മുണ്ടക്കൈ- ചൂരൽമല ദുരന്തമുണ്ടാകുന്നത് വരെ ലോക്കറിൽ കിടക്കുകയായിരുന്നു. ദുരന്താനന്തരം കോടതി കയറിയ ഭരണകൂടത്തിന് നിയമവിരുദ്ധ തോട്ടം നടത്തിപ്പുകാരുടെ തടസ്സഹർജിയാണ് നേരിടേണ്ടി വന്നത്. കോടതി വ്യവഹാരങ്ങളിൽ നിലനിൽക്കുന്ന കാലവിളംബം പരിഗണിച്ചു കൊണ്ടാണ്, നിവേദിത മുതൽ രാജമാണിക്യം വരെയുള്ള വിദഗ്ധരെല്ലാം നിയമനിർമ്മാണത്തിലൂടെ ഭൂമിയേറ്റെടുക്കണമെന്ന് സർക്കാരുകൾക്ക് ഉപദേശം നൽകിയത്. ഇതിന് പുറമെയാണ് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായിരുന്ന വി.എസ്. അച്യുതാനന്ദൻ 2019 ഫെബ്രു. 6 ന് മുഖ്യമന്ത്രിയോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടും പരിഗണിക്കപ്പെടാതെ പോകുന്നത്.
ഭൂമി തട്ടിയെടുക്കാൻ ഹാരിസൻസിനെ സഹായിക്കുന്ന പിണറായി സർക്കാരിൻറെ നിലപാടിന് മറച്ചു പിടിക്കാനുള്ള സിപിഎമ്മിന്റെ കാപട്യമാണ് അവരുടെ സമരാഹ്വാനം. സർക്കാരും മാനേജ്മെൻറും തമ്മിലുള്ള ഒത്തുകളിയെ തുറന്നുകാട്ടിക്കൊണ്ട്, പുനരധിവാസം അവകാശമാണ്. അത് കോർപ്പറേറ്റുകളുടെയൊ അവരുടെ ശിങ്കിടികളായ ഭരണകൂടത്തിൻ്റെയൊ ഔദാര്യമല്ലെന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് ദുരന്തബാധിതരും ദുരന്തമുഖത്ത് താമസിക്കുന്നവരുമായ മുഴുവൻ കുടുംബങ്ങളും പ്രക്ഷോഭരംഗത്തിറങ്ങണമെന്ന് സി.പി.ഐ(എം എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
സംസ്ഥാന സർക്കാറിന്റെ കയ്യിലും അറിവിലും നൂറ് കണക്കിന് ഏക്കർ മിച്ചഭൂമിയുണ്ടായിരുന്നിട്ടും അത് ഏറ്റെടുക്കാതെ പൊന്നുംവില നിൽകി തോട്ടഭൂമി ഏറ്റെടുക്കാൻ സർക്കാർ ഹൈകോടതിയിൽ പോയത് എന്തുകൊണ്ടാണെന്ന ചോദ്യമാണ് ജനങ്ങൾ ചോദിക്കുന്നത്.
പുനരധിവാസത്തിന് അനുയോജ്യമായ മിച്ചഭൂമി ഉണ്ടെന്ന് അറിഞ്ഞിട്ടും എസ്റ്റേറ്റ് മുതലാളിമാർക്ക് പണം കൊടുത്തു കൊണ്ട് ഏറ്റെടുക്കാം എന്നാണ് പിണറായി സർക്കാരിന് വേണ്ടി അഡ്വക്കറ്റ് ജനറൽ ഹൈകോടതിയിൽ പറഞ്ഞത്. കോടതിയിൽ എ.ജി ആവശ്യപ്പെട്ടിരുന്നുവെങ്കിൽ താലൂക്ക് ലാൻ്റ് ബോർഡിന് പുനരധിവാസത്തിനുള്ള ഭൂമി ഏറ്റെടുക്കാമായിരുന്നു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടുഴലുമ്പോൾ സി.പി.എം നേതൃത്വത്തിലുള്ള സർക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കിൽ മിച്ച ഭൂമിയേറ്റെടുത്ത് അടിയന്തിര കടമനിർവ്വഹിക്കാനും വയനാടിൻ്റെ ഭൂപ്രശ്നങ്ങളും പരിഹരിക്കണമെന്നും സി.പി.ഐ(എം. എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.