കാക്കവയൽ: വിദ്യാർത്ഥികളിലെ സർഗ്ഗാത്മകതയും കായികക്ഷമതയും പ്രതിബദ്ധതയുള്ള സാമൂഹത്തെ സൃഷ്ടിച്ചെടുക്കാൻ ഏറെ ഗുണപ്രദമായിരിക്കുമെന്നും മാത്സര്യബോധത്തോടുകൂടി അവരുടെ കലാ കായിക ശേഷികളെ വികസിപ്പിച്ചെടുത്താൽ മാത്രമേ അവരെ രാജ്യനന്മയ്ക്ക് ഉപയോഗിക്കാൻ കഴിയുകയുള്ളൂവെന്ന് വയനാട്ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ അഭിപ്രായപ്പെട്ടു. കാക്കവയൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സംസ്ഥാന കലാകായികമേളകളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള ആദരം 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പി ടി എ പ്രസിഡൻറ് വിശ്വേശ്വരൻ എസ് അധ്യക്ഷനായിരുന്നു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീദേവി ബാബു ഉപഹാരങ്ങൾ വിതരണം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ഡോ.ശശീന്ദ്ര വ്യാസ് വി എ മുഖ്യപ്രഭാഷണം നടത്തി. ഭിന്നശേഷി വിഭാഗത്തിൽ സംസ്ഥാനതലത്തിലെഏറ്റവും വേഗം കൂടിയ ഓട്ടക്കാരൻ അഖിൽ രാജ് , സംസ്ഥാന സർക്കാരിൻറെ ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ് ആർദ്ര ജീവൻ, ഫുട്ബോൾ ടീം കോച്ച് അനസ് മാടാളൻ ഉൾപ്പെടെ മുപ്പതോളം പ്രതിഭകളെ ആദരിച്ചു . ഡോ.സതീഷ് കുമാർ വി, എസ് എം സി ചെയർമാൻ ഉമ്മർ പൂപ്പറ്റ, പ്രിൻസിപ്പൽ ബിജു ടി എം , ഹെഡ്മാസ്റ്റർ സുനിൽകുമാർ എം , സ്റ്റാഫ് സെക്രട്ടറി ഖലീലു റഹ് മാൻ എന്നിവർ പ്രസംഗിച്ചു.