അഷറഫ് ചേരാപുരം
ദുബൈ: ദുബൈ വേള്‍ഡ് ഗവര്മെന്റ് സമ്മിറ്റ് ഫെബ്രുവരി 13ന് ആരംഭിക്കും. 20 രാജ്യങ്ങളിലെ പ്രസിഡന്റുമാരും നൂറ് മന്ത്രിമാരും പങ്കെടുക്കുന്ന സമ്മിറ്റ് 15 വരേ നീളും. ദുബൈ സര്‍ക്കാരാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ മേഖലയിലെ അഞ്ച് അവാര്‍ഡുകള്‍ സമ്മിറ്റില്‍ പ്രഖ്യാപിക്കും. ദുബൈ മദീനത്തു ജുമൈറയിലാണ് വേള്‍ഡ് ഗവര്മെന്റ് സമ്മിറ്റ് നടക്കുക. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയിബ് ഉര്‍ദുഖാന്‍, ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് ആല്‍സീസി, അസര്‍ബഹജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവ്, സെനഗല്‍ പ്രസിഡന്റ് മാക്കി സാല്‍, പരേഗ്വേ പ്രസിഡന്റ് മാരിയോ അബ്ദോ ബെനിറ്റെസ് എന്നിര്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
യു എ ഇ കാബിനറ്റ് അഫയേഴ്‌സ് മന്ത്രിയും സംഘാടക സമിതി ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഖര്‍ഗാവിയാണ് വാര്‍ത്താ സമ്മേളനത്തില്‍ വിവരങ്ങള്‍ അറിയിച്ചത്. കാലാവസ്ഥാ വ്യതിയാനം, ഭാവി തൊഴില്‍ സാധ്യതകള്‍, വരും കാലത്തെ നഗരാസൂത്രണം, സമൂഹം എന്നിവയായിരിക്കും സമ്മിറ്റിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങള്‍. റാസല്‍ഖൈമ ഭരണാധികാരി ശൈഖ് സൗദ് ബിന്‍ സഖര്‍ ആല്‍ഖാസിമി മുഖ്യപ്രഭാഷണം നടത്തും. വേള്‍ഡ് ഇക്കണോമിക് ഫോറം സ്ഥാപകന്‍ ക്ലോസ് ഷ്വാബ്, ഐ എം എഫ് എം ഡി ക്രിസ്റ്റലീന ജോര്‍ജീവ, ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്‌റോസ് അദ്‌നോം ഗബ്രേയസ് എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കും.