അബുദാബി: ലോകാരോഗ്യ സംഘടന 2007ല്‍ യു എ ഇയെ മലേറിയ വിമുക്തമായി പ്രഖ്യാപിച്ചതിന്റെ 16ാം വാര്‍ഷികം ആഘോഷിക്കുന്ന ഏപ്രില്‍ 25ന് ലോക മലേറിയ ദിനം ആചരിക്കാന്‍ ആരോഗ്യ, പ്രതിരോധ മന്ത്രാലയം (MoHAP) ആഗോള സമൂഹത്തോടൊപ്പം ചേര്‍ന്നു.
ഈ വര്‍ഷത്തെ ‘മലേറിയ രോഗഭാരം കുറയ്ക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും വേണ്ടിയുള്ള നവീകരണം’ എന്ന പ്രമേയത്തിന് അനുസൃതമായി, 2030ന് മുമ്പ് ലോകമെമ്പാടുമുള്ള മലേറിയ രോഗബാധ 90% കുറയ്ക്കാന്‍ സഹായിക്കുന്നതിനുള്ള യു എ ഇയുടെ പ്രതിജ്ഞാബദ്ധത മന്ത്രാലയം ആവര്‍ത്തിച്ചു.
സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുന്ന പ്രതിരോധ നടപടികള്‍ നടപ്പിലാക്കുന്നതിലൂടെ മലേറിയയെ ചെറുക്കാനുള്ള എല്ലാ ശ്രമങ്ങളും യു എ ഇ തുടരുന്നുവെന്നും കിഴക്കന്‍ മെഡിറ്ററേനിയന്‍ മേഖലയില്‍ രോഗമുക്തമായി പ്രഖ്യാപിക്കപ്പെട്ട ആദ്യ രാജ്യങ്ങളിലൊന്നാണ് ഈ രാഷ്ട്രം, പൗരന്മാര്‍ക്ക് ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിനുള്ള പ്രതിബദ്ധത ഉറപ്പിച്ചുകൊണ്ട് മന്ത്രാലയം ഊന്നിപ്പറഞ്ഞു.
മലേറിയയെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ള ആഗോള ശ്രമങ്ങള്‍ക്ക് അചഞ്ചലമായ പിന്തുണ നല്‍കിയതിന് നിരവധി അന്താരാഷ്ട്ര ആരോഗ്യ സംഘടനകള്‍ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനെ പ്രശംസിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആരോഗ്യ പരിപാടികളും ചികിത്സാരീതികളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ വിശാലമായ മാനുഷിക സംരംഭങ്ങളുടെ ഭാഗമായ ‘മലേറിയ നോ മോര്‍’, ‘റീച്ചിംഗ് ദ ലാസ്റ്റ് മൈല്‍’ എന്നീ സംരംഭങ്ങളെ ഹിസ് ഹൈനസ് പിന്തുണച്ചിട്ടുണ്ട്. ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍സ് ആന്‍ഡ് ഇമ്മ്യൂണൈസേഷന്‍, ‘റോള്‍ ബാക്ക് മലേറിയ പാര്‍ട്ണര്‍ഷിപ്പ്’ പ്രോഗ്രാം എന്നിവയുള്‍പ്പെടെയുള്ള ആഗോള ആരോഗ്യ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള പ്രതിബദ്ധത യു എ ഇ സ്ഥിരമായി പ്രകടിപ്പിച്ചിട്ടുണ്ട്.
ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റികളില്‍ അര്‍ത്ഥവത്തായ സ്വാധീനം ചെലുത്തുന്നതിനായി പ്രമുഖ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ യു എ ഇ ആഗോള ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. ഈ സഹകരണങ്ങള്‍ വ്യക്തികളുടെയും കുടുംബങ്ങളുടെയും ജീവിതത്തില്‍ പ്രത്യക്ഷമായ മാറ്റമുണ്ടാക്കുന്ന, ആരോഗ്യകരവും സുസ്ഥിരവുമായ ഭാവിയിലേക്ക് പുരോഗതി കൈവരിക്കുന്ന ഫലപ്രദമായ സംരംഭങ്ങളുടെ സമാരംഭം പ്രാപ്തമാക്കുകയും ചെയ്യുന്നതായി മന്ത്രാലയം വ്യക്തമാക്കി.