തിരുവനന്തപുരം: പാലാ നിയോജകമണ്ഡലത്തില്‍ നിന്നും 173 കോടി രൂപയുടെ 20 പദ്ധതികള്‍ ബജറ്റില്‍ അനുമതിയ്ക്കായി സമര്‍പ്പിച്ചിരുന്നുവെങ്കിലും അതില്‍ വെറും 3 പദ്ധതികള്‍ക്ക് കേവലം 5 കോടി രൂപ മാത്രമാണ് അനുവദിച്ചതെന്ന് മാണി സി കാപ്പന്‍ നിയമസഭയില്‍ പറഞ്ഞു. ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലാ മണ്ഡലത്തിലെ മലയോര പിന്നോക്ക പട്ടികജാതി പട്ടികവര്‍ഗ്ഗ മേഖലകള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്നതിനുള്ള പദ്ധതികളാണ് ബജറ്റില്‍ സമര്‍പ്പിച്ചിരുന്നത്. അതില്‍ ഏറ്റവും പ്രധാനം കടവുപുഴ പാലം പുനര്‍നിര്‍മ്മിക്കുക എന്നുള്ളതായിരുന്നുവെന്ന് എം എല്‍ എ ചൂണ്ടിക്കാട്ടി.
2021ലും 2022ലും ഉണ്ടായ പ്രകൃതിക്ഷോഭത്തില്‍ പൂര്‍ണ്ണമായും തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായി തീര്‍ന്നതാണ് കടവുപുഴ പാലം. ഈ പ്രദേശത്തുള്ളവര്‍ 25 കി.മീ ചുറ്റി സഞ്ചരിച്ച് വേണം മൂന്നിലവ് ടൗണില്‍ എത്താന്‍. ഈദുരവസ്ഥ പരിഹരിക്കാന്‍ കടവുപുഴ പാലം പുതുക്കി പണിയുമെന്ന് മന്ത്രിമാര്‍ ഉള്‍പ്പടെ സ്ഥല സന്ദര്‍ശന വേളയിലും അവലോകനയോഗങ്ങളിലും വാഗ്ദാനം നല്‍കിയിരുന്നുവെങ്കിലും ഫണ്ട് അനുവദിച്ചിരുന്നില്ല.
ബജറ്റില്‍ ഉള്‍പ്പെടുത്തി കടവുപുഴ പാലവും റോഡും പുനര്‍നിര്‍മ്മിക്കുന്നതിന് മുന്തിയ പരിഗണന നല്‍കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരാകരിക്കുകയും പകരം പാലായിലെ ഒരു സ്വകാര്യ ട്രസ്റ്റിന് 5 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഇക്കാര്യങ്ങള്‍ വിവിരിക്കുമ്പോഴാണ് എം എല്‍ എ വികാരാധീനനായത്. ഒരു നിമിഷം അംഗങ്ങളും സ്തബ്ധരായി.
പാവപ്പെട്ടവരുടെയും പിന്നോക്കക്കാരുടെയും ദുരിതങ്ങള്‍ മറന്ന് ഭരണ മുന്നണിയിലെ ഒരു ഘടകകക്ഷിയുടെ നേതാവിനെ തൃപ്തിപ്പെടുത്താനാണ് ഇതെന്ന് മാണി സി കാപ്പന്‍ ആരോപിച്ചു. ജനങ്ങള്‍ ഇതെല്ലാം കൃത്യമായി വീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
പാലായോടുള്ള അവഗണനയ്‌ക്കെതിരെ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്ന് കേരളഡെമോക്രാറ്റിക് പാര്‍ട്ടി വക്താവ് എം പി കൃഷ്ണന്‍നായരും അറിയിച്ചു.