കോട്ടയം: ലോകം മാറുന്നതിനനുസൃതമായി വികസന പ്രവര്‍ത്തനങ്ങളില്‍ നവീനമായ സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് പൊതുമരാമത്ത്ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. സംസ്ഥാനത്തെ റോഡ് പരിപാലനത്തിനായി യൂറോപ്യന്‍ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായി എത്തിച്ച ഇന്‍ഫ്രാറെഡ് റോഡ് പരിപാലനയന്ത്രത്തിന്റെ ഉദ്ഘാടനം കോട്ടയം തെള്ളകംകാരിത്താസ് ജംഗ്ഷനില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നവീനമായ കാഴ്ചപ്പാടുകളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് ഏഴുവര്‍ഷമായി സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്നത്. പശ്ചാത്തല വികസന മേഖലയില്‍ വലിയ കുതിപ്പാണ് സംസ്ഥാനത്തുള്ളത്. റോഡ് പരിപാലനരംഗത്ത് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ റണ്ണിങ് കോണ്‍ട്രാക്ട് സംവിധാനം ഇതിന് ഉദാഹരണമാണ്. കേരളത്തിലെ 30,000 കിലോമീറ്ററുള്ള പൊതുമരാമത്ത് റോഡുകളില്‍ 20,000 കിലോമീറ്ററിലധികം റോഡുകളിലും റണ്ണിങ് കോണ്‍ട്രാക്ട് സംവിധാനം നടപ്പാക്കിയെന്നും മന്ത്രി പറഞ്ഞു. സഹകരണരജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി.എന്‍. വാസവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇന്‍ഫ്രാറെഡ് പാച്ച്‌വര്‍ക് ടെക്‌നോളജിയടക്കം നൂതന സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്ന പ്രക്രിയയ്ക്കാണ് പൊതുമരാമത്ത് വകുപ്പ് നേതൃത്വം നല്‍കുന്നതെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
ഇന്‍ഫ്രാറെഡ് ഹോട്ട് ടു ഹോട്ട് എന്ന യൂറോപ്യന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന അത്യാധുനിക ഉപകരണങ്ങളാണ് റോഡ് പരിപാലനത്തിനായി സംസ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളില്‍ റോഡിലെ കുഴികള്‍ അടയ്ക്കാനും ഇന്‍ഫ്രാറെഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് റോഡ് ചൂടാക്കി കുഴികളില്‍ ജലാംശം കടക്കാതെ ടാറിംഗ് നടത്തി കൂടുതല്‍ കാലം റോഡിനെ പരിപാലിച്ചു നിര്‍ത്താനും പുതിയ സാങ്കേതികവിദ്യയിലൂടെ സാധിക്കും. കുറഞ്ഞ നിര്‍മാണ ചെലവും അസംസ്‌കൃത വസ്തുക്കളുടെ കുറഞ്ഞ ചെലവും കുറഞ്ഞ മലിനീകരണതോതുമെല്ലാം പുതിയ സാങ്കേതികവിദ്യയുടെ പ്രത്യേകതയാണ്. കോട്ടയം എം.സി റോഡിലാണ് ആദ്യമായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നത്. പാലായിലെ രാജി മാത്യു ആന്‍ഡ് കമ്പനിയാണ് റണ്ണിങ് കോണ്‍ട്രാക്ട് സംവിധാനത്തിന്റെ ഭാഗമായി യന്ത്രം ഇറക്കുമതി ചെയ്തിരിക്കുന്നത്. ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, നഗരസഭാംഗം ഇ.എസ്. ബിജു എന്നിവര്‍ പ്രസംഗിച്ചു. ചങ്ങനാശ്ശേരി അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എ.വി. റസല്‍, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
നിലവില്‍ കുഴി അടയ്ക്കുന്നതിനായി റെഡി മിക്‌സ് മിശ്രിതമാണ് ഉപയോഗിച്ചിരുന്നത്. ഇത് പായ്ക്കറ്റിനുള്ളില്‍ വരുന്ന തണുത്ത മിശ്രിതമായതിനാല്‍ ഉറപ്പിച്ചാലും പഴയ റോഡിലെ ടാറിംഗുമായി ഇഴുകിച്ചേരാത്ത അവസ്ഥ ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. ഇത്തരം പാച്ച് വര്‍ക്കുകള്‍ പലപ്പോഴും വളരെവേഗം ഇളകിപോകാനും സാധ്യതയുണ്ട്. പുതിയ രീതി ഇതിനെതിരേ ഫലപ്രദമാണ്.
റോഡിലെ ചെറിയ കുഴികള്‍ അടയ്ക്കുന്നതിനാണ് യന്ത്രം ഉപയോഗിക്കുക. ചെറിയ നാല് മെഷിനുകള്‍ അടങ്ങുന്ന യൂണിറ്റാണിത്. വൃത്തിയാക്കിയ കുഴിയും അതിന്റെ പരിസര ഭാഗവും 140 ഡിഗ്രി താപനിലയില്‍ ചൂടാക്കും. തുടര്‍ന്ന് ബിറ്റ്മിന്‍ എമള്‍ഷന്‍ കുഴികളില്‍ സ്‌പ്രേ ചെയ്യും. കുഴിയില്‍ നിക്ഷേപിക്കാനുള്ള മിക്‌സ് 140 ഡിഗ്രി താപനിലയില്‍ സൂക്ഷിക്കാനുള്ള ഹോട്ട് ബോക്‌സ് ചേംബര്‍ യന്ത്രത്തിനൊപ്പമുണ്ട്. ഇതില്‍ നിന്നുമുള്ള മെറ്റീരിയല്‍ അറ്റകുറ്റപ്പണി ചെയ്യേണ്ട കുഴിയില്‍ നിക്ഷേപിച്ച ശേഷം കോംപാക്ടര്‍ ഉപയോഗിച്ച് കൃത്യമായി ഉറപ്പിക്കുന്നതോടെ പ്രവര്‍ത്തി പൂര്‍ത്തിയാകും. അറ്റകുറ്റപ്പണി നടത്തിയ ഭാഗം റോഡില്‍ തിരിച്ചറിയില്ല. സാധാരണ ചെറിയ ഒരു കുഴി അടയ്ക്കുന്നതിനായി എട്ട് മിനിട്ടാണ് വേണ്ടിവരിക. യൂണിറ്റ് ഒരു പിക്ക് അപ് വാഹനത്തില്‍ കൊണ്ടുപോകാം. മഴയുടെ ഇടവേളകളിലും അറ്റകുറ്റപ്പണി നടത്താന്‍ സാധിക്കുമെന്നതും യന്ത്രത്തിന്റെ പ്രത്യേകതയാണ്.