കോഴിക്കോട്: ലഹരിയുടെ വിപത്ത് സമൂഹത്തിൽ ഭയം സൃഷ്ടിക്കുന്ന സാഹചര്യത്തിൽ മഹല്ലുകൾ ജന ജാഗ്രത സമിതി രൂപീകരിച്ചു ശക്തമായ പ്രവർത്തനം നടത്തണമെന്ന് കോഴിക്കോട്ട് ചേർന്ന കെ എൻ എം സംസ്ഥാന നേതൃ സംഗമം ആവശ്യപ്പെട്ടു. ലഹരിക്ക് അടിമകളായി ബുദ്ധി നഷ്ടപ്പെട്ടവർ സ്വന്തം മാതാപിതാക്കളെയും ഇണകളെയും
അരുംകൊല നടത്തുന്ന വാർത്തകൾ ഞെട്ടിക്കുന്നതാണ്.
ലഹരിക്ക് അടിമകളായവരെ കണ്ടെത്തി ശാസ്ത്രീയ ചികിത്സ നൽകാൻ തയ്യാറാവണം. ലഹരി സാമൂഹ്യ വിപത്തായി തന്നെ കാണാൻ കഴിയണം. വിദ്യാഭ്യാസ കേന്ദ്രങ്ങളും പൊതു ഇടങ്ങളും കേന്ദ്രീകരിച്ച് ലഹരി മാഫിയ തഴച്ചു വളരുന്നത് അധികാരികൾ കണ്ടില്ലെന്ന് നടിക്കരുത്.
മദ്യ മാഫിയകൾക്ക് നാടിനെ തീറെഴുതി കൊടുക്കുന്ന സമീപനത്തിൽ നിന്നും സർക്കാർ പിൻമാറണം.യഥേഷ്ടം മദ്യശാലകളും മദ്യ വ്യവസായവും പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നിലപാട് തിരുത്താൻ സർക്കാർ തയ്യാറാവണം.ലഹരി മാഫിയകൾക്ക് സർക്കാർ തന്നെ പരവതാനി വിരിക്കുന്നത് അത്യന്തം അപകടകരമാണെന്നും കെ എൻ എം സംഗമം ആവശ്യപ്പെട്ടു.
ലഹരിയുടെ ഉപയോഗം മൂലം സമൂഹത്തിൽ അതിവേഗം സംഭവിക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കി പരിഹാരം നിർദ്ദേശിക്കേണ്ടവർ തന്നെ നിരുത്തരവാദപരമായി പെരുമാറുന്നത് അപഹാസ്യമാണെന്നും സംഗമം അഭിപ്രായപ്പെട്ടു.
ഫെബ്രുവരി മുതൽ ഏപ്രിൽ വരെ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും സമ്മേളനം നടത്താൻ തീരുമാനിച്ചു.
,നവോത്ഥാനം പ്രവാചക മാതൃക, എന്ന പ്രമേയത്തിലാണ് സമ്മേളനം നടക്കുക.മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായി നവോത്ഥാന സമ്മേളനം, അയൽ കൂട്ടം, കുടുംബ സമ്മേളനം,
സന്ദേശ പ്രചാരണം, യുവജന-വിദ്യാർത്ഥി സംഗമം എന്നിവ നടക്കും. ഫെബ്രുവരി 22 നു കോഴിക്കോട്ട് കെ എൻ എം നവോത്ഥാന സമ്മേളനം നടക്കും.പ്രവാചകന്മാരുടെയും പൂർവികരുടെയും നവോത്ഥാന പാതയിൽ സഞ്ചരിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും പുതിയ കാല നവോത്ഥാന മുന്നേറ്റങ്ങളെ കുറിച്ചു സമൂഹത്തെ ബോധവൽക്കരിക്കാനുമാണ് മണ്ഡലം. സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്.
കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി പി ഉണ്ണീൻ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. നൂർ മുഹമ്മദ് നൂർഷ, പ്രൊഫ. എൻ വി അബ്ദുറഹ്മാൻ, ഡോ.ഹുസൈൻ മടവൂർ, എ പി അബ്ദു സമദ് ,പി.കെ.ഇബ്രാഹിം ഹാജി, എം ടി അബ്ദു സമദ് സുല്ലമി, എ. അസ്ഗർ അലി, ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,ഡോ.സുൾഫിക്കർ അലി, സി മുഹമ്മദ് സലീം സുല്ലമി, അബ്ദു റഹ്മാൻ മദനി പാലത്ത്,എം സ്വലാഹുദ്ധീൻ മദനി, ഡോ. അബ്ദുൽ ഹസീബ് മദനി, ഡോ. പി പി അബ്ദുൽ ഹഖ്,സുഹ്റ മമ്പാട്,ഷരീഫ് മേലെതിൽ ,അമീൻ അസ്ലഹ് എന്നിവർ പ്രസംഗിച്ചു